FacebookTwitter

വിക്കി മാനിയ: ഒരു ഹോങ്കോങ് യാത്രാനുഭവം

    User Rating:  / 2
    PoorBest 

 

വിക്കിപീഡിയയിലും സഹോദരസംരംഭങ്ങളിലും പ്രവര്‍ത്തിക്കുന്നവരുടെ ആഗോള വാര്‍ഷിക സമ്മേളനമായ വിക്കിമാനിയ ഇത്തവണ ഹോങ്കോങിലായിരുന്നു. വിക്കി മാനിയയില്‍ ഇന്ത്യന്‍ വിക്കി കമ്യൂണിറ്റിയെ പ്രതിനിധീകരിച്ച് പങ്കെടുത്ത കോഴിക്കോട് മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥിനി നത ഹുസൈന്‍ എഴുതുന്നു

ഹോങ്കോങ് ദ്വീപുസമുച്ചയത്തിനു മുകളിലൂടെ വിമാനം താഴ്ന്നു പറക്കുമ്പോള്‍ ആദ്യം ദൃശ്യമാകുന്നത് കൂറ്റന്‍ കെട്ടിടങ്ങളാണ്. ആകാശം മുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന കൂറ്റന്‍ കെട്ടിടങ്ങള്‍ക്കിടയില്‍ വളഞ്ഞു പുളഞ്ഞു പോകുന്ന കടലിടുക്കുകള്‍. ഒരു ഭൂപടം വരയ്ക്കുവാനാകത്തക്കവണ്ണം വളരെ വ്യക്തമായി കരയ്ക്കും കടലിനുമിടയ്ക്കുള്ള നേര്‍ത്ത രേഖ കാണാം. വിമാനം കൂടുതല്‍ താഴ്ന്നു പറക്കുന്നതോടെ റോഡുകളും പൊടിയുറുമ്പുകളുടെ വലിപ്പത്തില്‍ മനുഷ്യരെയും കാണാം. വിമാനത്തിലിരുന്നുകൊണ്ട് ഒറ്റനോട്ടത്തില്‍ തന്നെ വളരെ തിരക്കേറിയ നഗരമാണിതെന്ന് മനസ്സിലാക്കാന്‍ വിഷമമൊന്നുമില്ല.

അത് ഒക്ടോബര്‍ മാസമായിരുന്നു. ഈ സമയത്ത് ഹോങ്കോങില്‍ നല്ല കാലാവസ്ഥയാണെങ്കിലും ഇടയ്ക്കിടയ്ക്ക് ചുഴലിക്കാറ്റു വീശാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. വിക്കിപീഡിയയിലും സഹോദരസംരംഭങ്ങളിലും പ്രവര്‍ത്തിക്കുന്നവരുടെ ആഗോള വാര്‍ഷിക സമ്മേളനമായ വിക്കിമാനിയയില്‍ പങ്കെടുക്കാനാണ് ഞാന്‍ അവിടെയെത്തിയത്. എഴുപതോളം രാജ്യങ്ങളില്‍ നിന്നുള്ള ആയിരത്തോളം പേരാണ് വിക്കിമാനിയയില്‍ പങ്കെടുക്കാനുണ്ടായിരുന്നത്. വിക്കിമീഡിയ ഫൌണ്ടേഷനാണ് എന്റെ യാത്രയുടെയും, താമസത്തിന്റെയും, കോണ്‍ഫറന്‍സ് പങ്കാളിത്തത്തിന്റെയും ചിലവുകള്‍ വഹിച്ചത്.

2012ല്‍ വിക്കിമാനിയ നടന്നത് അമേരിക്കയിലെ വാഷിങ്ടണ്‍ ഡി.സിയിലായിരുന്നു. കോണ്‍ഫറന്‍സ് തീരുന്നതിന്റെ പിറ്റേദിവസം കോളേജില്‍ പരീക്ഷയായിരുന്നതിനാല്‍ പ്രീകോണ്‍ഫറന്‍സ് ഇവെന്റായ എഡാ ക്യാമ്പില്‍ മാത്രം പങ്കെടുക്കുകയും, വിക്കിമാനിയയുടെ ഓപ്പണിങ് പാര്‍ട്ടിയില്‍ മാത്രം തല കാണിച്ച് പെട്ടെന്ന് തിരിച്ച് പോകുകയുമാണുണ്ടായിരുന്നത്. അതിനാല്‍ ഞാന്‍ മുഴുവനായും പങ്കെടുത്ത ആദ്യത്തെ വിക്കിമാനിയ ഹോങ്കോങിലേതായിരുന്നു.

ഹോങ്കാങ് വിമാനത്താവളത്തില്‍
എയര്‍പോര്‍ട്ടുകളെ സൌകര്യത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുന്ന സ്കൈട്രാക്സ് എന്ന സംഘടനയുടെ കണക്കുകൂട്ടല്‍ പ്രകാരം ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളമാണ് ഹോങ്കോങ് വിമാനത്താവളം. വിമാനമിറങ്ങിയ ഉടനെ ആരോഗ്യപ്രവര്‍ത്തകര്‍ ചില യാത്രക്കാരുടെ തൊണ്ട പരിശോധിക്കുന്നതായി കണ്ടു. 1997ല്‍ ചൈനയില്‍ പടര്‍ന്നു പിടിച്ച പനിയുടെ രോഗകാരിയായ ഇന്‍ഫ്ലുവെന്‍സാ വൈറസിന്റെ ഉറവിടം ഹോങ്കോങ് ആണെന്ന് സ്ഥിതീകരിക്കപ്പെട്ടിരുന്നു. 2003ല്‍ 'സാര്‍സ്' എന്ന പകര്‍ച്ചപ്പനി ബാധിച്ച മുന്നൂറോളം ആളുകള്‍ ഹോങ്കോങ്ങില്‍ മരണമടഞ്ഞിരുന്നു. 2003നു ശേഷവും സമാന വൈറസുകള്‍ മൂലം ഇവിടെ ഒറ്റപ്പെട്ട പനികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഇത്തരം പകര്‍ച്ചപ്പനികള്‍ക്കെതിരെയുള്ള മുന്‍കരുതലാണ് ഈ പരിശോധന. കൂടാതെ, ജലദോഷത്തോടു കൂടിയ പനിയുള്ളവര്‍ നിര്‍ബന്ധമായും എയര്‍പോര്‍ട്ടിലെ മെഡിക്കല്‍ സെന്ററില്‍ ചികിത്സ തേടേണ്ടതുണ്ട്. നീണ്ട നടപ്പാതയുടെ ഒരറ്റത്താണ് ഇമിഗ്രേഷന്‍ കൌണ്ടറുകള്‍. 14 ദിവസത്തില്‍ താഴെ ഹോങ്കോങ് സന്ദര്‍ശിക്കുന്ന ഇന്ത്യക്കാര്‍ക്ക് വിസ ആവശ്യമില്ല. ആറു ദിവസങ്ങള്‍ക്കു ശേഷം മടങ്ങാനുള്ള വിമാന ടിക്കറ്റ് കാണിച്ചു കൊടുത്തപ്പോള്‍ ഇമിഗ്രേഷന്‍ ഓഫീസര്‍ ഹോങ്കോങ്ങില്‍ പ്രവേശിച്ചതായി പാസ്പോര്‍ട്ടില്‍ രേഖപ്പെടുത്തി തന്നു.

 

യാത്രയുടെ ലക്ഷ്യങ്ങള്‍
നിമിഷങ്ങള്‍ക്കുള്ളില്‍ കഴിയുന്ന ചില ആഗമന നടപടികള്‍ പൂര്‍ത്തീകരിച്ചാല്‍ നേരെ എയര്‍പോര്‍ട്ടിന്റെ ആഗമന ഹാളിലെത്താം. അവിടെ വിക്കിമാനിയയുടെ സന്നദ്ധപ്രവര്‍ത്തകര്‍ അതിഥികളെ സ്വീകരിക്കാന്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ബ്രസീലില്‍ നിന്നുള്ള വൈദ്യവിദ്യാര്‍ത്ഥി വിനീഷ്യസും, സെര്‍ബിയയില്‍ നിന്നുള്ള മറ്റ് രണ്ടുപേരുമാണ് എന്റെ കൂടെ താമസസ്ഥലത്തേക്ക് പോകുവാന്‍ ഉണ്ടായിരുന്നത്. യാത്രയ്ക്കിടയില്‍ മൂവരേയും പരിചയപ്പെടുകയും അവരുടെ രാജ്യങ്ങളിലെ വിക്കിമീഡിയ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചോദിച്ച് മനസിലാക്കുകയും ചെയ്തു.

ഹോങ്കോങ് യാത്രയുടെ പ്രധാന ഉദ്ദേശം, വിക്കിമീഡിയ സംരംഭങ്ങളില്‍ ഇന്ത്യന്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനുള്ള സാധ്യതകളെപ്പറ്റി സംസാരിക്കുക എന്നതായിരുന്നു. ഇതിനായുള്ള പ്രബന്ധം ഞാനും കനേഡിയന്‍ വനിത ജേഡിന്‍ ലെനോണും ചേര്‍ന്നാണ് തയ്യാറാക്കിയിരുന്നത്. ഇതു കൂടാതെ 'വിക്കിവുമണ്‍ ലഞ്ച്' എന്ന വിക്കിമീഡിയയിലെ സ്ത്രീകളുടെ മീറ്റപ്പ് നടത്തിപ്പും ഞാന്‍ വഹിച്ചിരുന്നു.

വിക്കിമീഡിയയിലൂടെ മാത്രം പരിചയമുള്ള പലരേയും നേരില്‍ കാണാനും, സുഹൃദ്ബന്ധം പുതുക്കാനും ഈ അവസരം ഉപയോഗിക്കണമെന്ന് തീര്‍ച്ചയാക്കിയിരുന്നു. ഹോങ്കോങിലെത്തിയതിനു ശേഷം വിക്കിമീഡിയയ്ക്കു വേണ്ടി ഒരു ഇന്റര്‍വ്യൂ നല്‍കാമെന്ന് ഞാന്‍ വാക്കുകൊടുത്തിരുന്നു. വിക്കിമാനിയയ്ക്കു ശേഷമുള്ള ദിവസത്തില്‍ നടന്ന 'ലേണിങ് ഡേ' എന്ന പരിപാടിയിലും, ഗ്രാന്റ്സ് കമ്മിറ്റി നടത്തുന്ന ഐഡിയ ലാബ് മീറ്റിങ്ങിലും പങ്കെടുക്കേണ്ടിയിരുന്നു. വളരെ തിരക്കേറിയ മൂന്നു ദിവസത്തെ കോണ്‍ഫറന്‍സും, അനുബന്ധ ഇവെന്റുകള്‍ക്കും ശേഷം നാട്ടിലെത്തി, അല്‍പദിവസങ്ങള്‍ക്കു ശേഷം ഫൈനല്‍ എം.ബി.ബി.എസ് പാര്‍ട്ട് 1 പരീക്ഷയും എഴുതേണ്ടിയിരുന്നു.


സുഗന്ധഭരിതം ഈ തീരം
കാന്റൊണീസ് ഭാഷയില്‍ 'ഹോങ് കോങ്' എന്നാല്‍ സുഗന്ധപൂരിതമായ കടല്‍ത്തീരം എന്നാണര്‍ഥം. 1839ലെ ഒന്നാം ഓപിയം യുദ്ധത്തില്‍ ചൈനയെ പരാജയപ്പെടുത്തി ബ്രിട്ടന്‍ സ്വന്തമാക്കിയതായിരുന്നു ഹോങ്കോങ് പ്രവിശ്യ. 156 വര്‍ഷങ്ങള്‍ക്കു ശേഷം 1997ലാണ് ബ്രിട്ടീഷുകാര്‍ ഹോങ്കോങിനെ ചൈനയ്ക്കു വിട്ടുകൊടുത്തത്. ഇപ്പോഴും ഹോങ്കോങ് ചൈനീസ് പ്രധാനപ്രവിശ്യയ്ക്ക് കീഴിലുള്ള സ്വയം ഭരണ പ്രവിശ്യയായി തുടരുന്നു. എങ്കിലും ഹോങ്കോങിലെ നിയമങ്ങളും, നീതിന്യായവ്യവസ്ഥയും ചൈനയില്‍ നിന്നും വ്യത്യസ്ഥമാണ്.

ഇരുന്നൂറിലധികം ചെറുദ്വീപുകള്‍ ചേര്‍ന്നതാണ് ഹോങ്കോങ് ദ്വീപ് സമുച്ചയം. ധനവിനിമയം ഹോങ്കോങ് ഡോളറിലും, യു.എസ് ഡോളറിലുമാണ്. വ്യവസായം നടത്താന്‍ ഏറ്റവും ഉചിതമായ ലോകരാജ്യങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനമാണ് ഹോങ്കോങിനുള്ളത്. 2012ലെ കണക്കുകള്‍ പ്രകാരം ലോകത്തില്‍ ശരാശരി ആയുര്‍ദൈര്‍ഘ്യം ഏറ്റവും കൂടുതലുള്ളത് ഹോങ്കോങുകാര്‍ക്കാണ്.

നൂറാം നിലയില്‍
വിക്കിമാനിയയില്‍ പങ്കെടുക്കുന്നവര്‍ക്കായുള്ള സ്വാഗത വിരുന്ന് ലോകത്തിലെ ഏഴാമത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ഹോങ്കോങ് അന്താരാഷ്ട്ര കൊമേഴ്സ് സെന്ററര്‍ എന്ന നൂറ്റിപ്പതിനെട്ട്നില കെട്ടിടത്തിന്റെ സ്കൈ 100 എന്ന നൂറാമത്തെ നിലയില്‍ വച്ചായിരുന്നു. ഇവിടെ നിന്ന് താഴേക്ക് നോക്കിയാല്‍ ആകാശത്തില്‍ നിന്നെന്നപോലെ ഹോങ്കോങ് നഗരത്തെ മുഴുവനായും കാണാന്‍ കഴിയും.

താഴത്തെ നിലയില്‍ നിന്ന് ലിഫ്റ്റില്‍ കയറിയാല്‍ 60 മിനിറ്റുകള്‍കൊണ്ട് നൂറാമത്തെ നിലയിലെത്താം. മുകളിലേക്ക് എത്താനുള്ള സമയത്തിന്റെ കൌണ്ട്ഡൌണ്‍ ലിഫ്റ്റിനുള്ളിലെ വലിയ സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കും. സ്വാഗതവിരുന്നിനെത്തിയവരില്‍ വിക്കിപീഡിയയുടെ സ്ഥാപകന്‍ ജിമ്മി വേല്‍സും, വിക്കിമീഡിയ എക്സിക്യുട്ടീവ് ഡിറക്ടര്‍ സ്യൂ ഗാര്‍ഡ്നറും ഉണ്ടായിരുന്നു. പല സുഹൃത്തുക്കളെയും ആദ്യമായി നേരില്‍ കാണാന്‍ ഇവിടെ അവസരമുണ്ടായി. സ്കൈ 100ല്‍ പ്രവര്‍ത്തിക്കുന്ന ചെറു മ്യൂസിയവും, വ്യൂ പോയിന്റും സുഹൃത്തുക്കളോടൊപ്പം കണ്ടു.

ജിമ്മി വേല്‍സിന്റെ പ്രസംഗം
ഹോങ്കോങിന്റെ തനതു നൃത്തമായ ഡ്രാഗണ്‍ ഡാന്‍സ് അവതരിപ്പിച്ചാണ് ഹോങ്കോങ് ടൂറിസം ബോഡ് വിക്കിമാനിയയിലെ അതിഥികളെ സ്വാഗതം ചെയ്തത്.കോണ്‍ഫറന്‍സിന്റെ ആദ്യദിവസം തുടങ്ങിയത് ജിമ്മി വേല്‍സിന്റെ പ്രസംഗത്തോടു കൂടിയാണ്. വിക്കിമീഡിയ സംരംഭങ്ങളില്‍ മാധ്യമപ്രവര്‍ത്തകരുടെ പങ്കിനെക്കുറിച്ചും, വിക്കിമീഡിയ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. എട്ട് വ്യത്യസ്ത വേദികളിലായി പ്രബന്ധാവതരണങ്ങളും, വര്‍ക്ക്ഷോപ്പുകളും, ചര്‍ച്ചകളും നടന്നു.

വിക്കിസമൂഹത്തെയും, ഗ്ലാം പ്രവര്‍ത്തനങ്ങളെയും പറ്റിയുള്ള സെമിനാറുകളാണ് താല്പര്യം എന്നതുകൊണ്ട് അത്തരം അവതരണങ്ങള്‍ നടക്കുന്ന ട്രാക്കുകളിലാണ് ഞാന്‍ കൂടുതലും പങ്കെടുത്തത്. എന്റെ പ്രബന്ധാവതരണം രണ്ടാം ദിവസമായിരുന്നു. ഗവേഷണങ്ങളുടെ രത്നച്ചുരുക്കം 30 മിനിറ്റിനുള്ളില്‍ പറഞ്ഞു തീര്‍ക്കാന്‍ ഞാനും സഹഗവേഷക ജേഡിനും വളരെ പാടുപെട്ടു. അവതരണത്തിനു ശേഷം ഞാന്‍ പ്രബന്ധത്തില്‍ സൂചിപ്പിച്ച കാര്യങ്ങളെക്കുറിച്ചുള്ള വിശദീകരണം ആരാഞ്ഞുകൊണ്ട് പലരും നേരിട്ടും, ഓണ്‍ലൈനിലൂടെയും സമീപിക്കുകയുണ്ടായി.

ഇന്ത്യയില്‍ നടക്കുന്ന വിവിധ പരിപാടികളെപ്പറ്റി ഇടവേളകളില്‍ പലരുമായും സംസാരിച്ചു. 'വിക്കിവുമണ്‍ ലഞ്ച്' എന്ന വിക്കിമാനിയയില്‍ പങ്കെടുക്കുന്ന സ്ത്രീകളുടെ ഊണ്‍ വിരുന്നില്‍ ആതിഥേയയായിരുന്നതുകൊണ്ട് എല്ലാവരെയും ക്ഷണിക്കാനും, മുറി ഒരുക്കാനും മറ്റുമായി വളരെ നേരത്തെ എത്തിച്ചെല്ലേണ്ടി വന്നു. വിക്കിമീഡിയ സ്ത്രീകള്‍ക്കു വേണ്ടി ചെയ്യുന്ന പല കാര്യങ്ങളും ഈ വിരുന്നില്‍ ചര്‍ച്ചയായി. വിക്കിമീഡിയയില്‍ നിന്ന് സ്ത്രീ ഉപയോക്താക്കള്‍ എന്താണ് പ്രതീക്ഷിക്കുന്നതെന്നതിന്റെ സംക്ഷേപരൂപം അന്നത്തെ ചര്‍ച്ചയില്‍ നിന്ന് മനസിലാക്കാനായി.

 

മൂന്നാം ദിവസം
മൂന്നാം ദിവസം നടന്ന പ്രധാന പരിപാടികള്‍ സ്യൂ ഗാര്‍ഡ്നറുടെ അവതരണവും, വിക്കിമീഡിയ ട്രസ്റികളുമായുള്ള ചോദ്യോത്തരവേളയുമായിരുന്നു. അടുത്ത വര്‍ഷം വിക്കിമീഡിയ ശ്രദ്ധകേന്ദ്രീകരിക്കുന്ന ലക്ഷ്യങ്ങളെക്കുറിച്ചുള്ള വ്യക്തമായ ധാരണ ഈ രണ്ട് പരിപാടികളില്‍ നിന്നും ലഭിച്ചു. കൂടാതെ, ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്നുള്ളവരുടെ സംഗമവും നടത്തുകയുണ്ടായി.

ഇന്ത്യന്‍ ഭാഷകളെപ്പറ്റിയും, അന്തര്‍ഭാഷാ സഹപ്രവര്‍ത്തനത്തെപ്പറ്റിയും ചര്‍ച്ച ചെയ്തു. വൈദ്യശാസ്ത്രത്തെ സംബന്ധിച്ച ലേഖനങ്ങളാണ് ഞാന്‍ കൂടുതലായും എഴുതാറുള്ളതെങ്കിലും വൈദ്യശാസ്ത്ര ലേഖനങ്ങളുടെ നിലവാരം വര്‍ദ്ധിപ്പിക്കാനുള്ള സംരംഭമായ വിക്കിപ്രൊജക്ട് : മെഡിസിനില്‍ ഞാന്‍ അത്ര സജീവമല്ല. ഈ സംരംഭത്തിനു വേണ്ടി എനിക്ക് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളെപ്പറ്റിയും പ്രൊജക്ടിനു നേതൃത്വം നല്‍കുന്ന ജേംസ് ഹീല്‍മാന്‍ സംസാരിച്ചു.

'ലേണിങ് ഡേ'
കോണ്‍ഫറന്‍സിന്റെ അവസാനദിവസം പ്രസിദ്ധമായ ഷെക്ഓ ബീച്ചില്‍ വച്ചായിരുന്നു അത്താഴവിരുന്ന്. വരാനിരിക്കുന്ന പരീക്ഷയ്ക്ക് പഠിക്കേണ്ടിയിരുന്നതുകൊണ്ടും, മെയിലുകള്‍ക്ക് മറുപടി അയയ്ക്കേണ്ടിയിരുന്നതുകൊണ്ടും ഈ പരിപാടിക്ക് പോകാന്‍ സാധിച്ചില്ല.

വിക്കിമാനിയ കോണ്‍ഫറന്‍സ് കഴിഞ്ഞതിന്റെ അടുത്തദിവസം 'ലേണിങ് ഡേ' എന്നു പേരുള്ള, വിക്കിമീഡിയയിലെ വ്യത്യസ്ത പ്രൊജക്ടുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുപ്പതോളം പേരുടെ കൂടിക്കാഴ്ച നടന്നു.

ഇന്ത്യയില്‍ നിന്നും എനിക്കു പുറമേ വിക്കിമീഡിയ നേരിട്ട് ഫണ്ട് നല്‍കുന്ന 'ആക്സസ് ടു നോളജ്' എന്ന പ്രസ്ഥാനത്തിന്റെ ഡിറക്ടര്‍ ആയ വിഷ്ണു വര്‍ദ്ധനും പങ്കെടുത്തു. ഈ പരിപാടിയില്‍ പങ്കെടുക്കേണ്ടതിനായാണ് ആദ്യം തീരുമാനിച്ച തിയ്യതിയെക്കാള്‍ ഒരു ദിവസം അധികം ഹോങ്കോങില്‍ ചിലവഴിക്കേണ്ടി വന്നതും, വിക്കിമീഡിയ ഫൌെണ്ടേഷന്‍ എനിക്ക് വേണ്ടി ആദ്യം ബുക്ക് ചെയ്തിരുന്ന ടിക്കറ്റ് മാറ്റേണ്ടി വന്നതും.

ബോട്ടു സവാരി
ലേണിങ് ഡേയ്ക്ക് ശേഷം ഹോങ്കോങ് ടൂറിസം ബോഡ് വിക്കിമാനിയയ്ക്കു വേണ്ടി പ്രത്യേകം ജങ്ക് ബോട്ടു സവാരി സജ്ജീകരിച്ചിരുന്നു. നമ്മുടെ ഹൌസ്ബോട്ടുകള്‍ പോലെ രണ്ട് നിലകളിലായുള്ള, കാറ്റിന്റെ ഗതിയനുസരിച്ചും, മോട്ടോര്‍ ഉപയോഗിച്ചും പ്രവര്‍ത്തിക്കുന്ന ബോട്ടാണിത്. ബോട്ടിലേക്ക് കയറാന്‍ ശ്രമിക്കുമ്പോള്‍ അത് തെന്നിമാറും. ഓളങ്ങള്‍ക്കനുസരിച്ച് ബോട്ട് നീങ്ങുന്നതിനാല്‍ അതില്‍ കയറുന്നത് അല്പം സാഹസികത വേണ്ടുന്ന പരിപാടിയാണ്. തെന്നിക്കളിക്കുന്ന ജങ്ക് ബോട്ട് കണ്ടപ്പോള്‍ ആദ്യം കയറാന്‍ എല്ലാവര്‍ക്കും ചെറിയ പേടി.

കേരളത്തില്‍ നിന്നാണ് ഞാന്‍ വരുന്നതെന്നതുകൊണ്ട് എനിക്ക് ബോട്ടില്‍ കയറി ഒരുപാട് പരിചയമുണ്ടാകുമെന്ന് എല്ലാവരും കൂടി തീരുമാനിച്ചു. അങ്ങനെ മനസില്ലാമനസ്സോടെയാണെങ്കിലും ആദ്യത്തെ ശ്രമത്തില്‍ തന്നെ എനിക്ക് ബോട്ടില്‍ കയറാന്‍ സാധിച്ചു. കയറിയതിനു ശേഷം ബോട്ടിനകത്തുള്ള ജീവനക്കാരെ വിളിച്ചു കൊണ്ടുവന്ന് ബാക്കിയുള്ളവരെയും കൈപിടിച്ച് കയറ്റിയ ശേഷമാണ് ബോട്ട് പുറപ്പെട്ടത്. സമയമാകുന്നതിനു മുന്‍പു തന്നെ ഞങ്ങള്‍ എത്തിച്ചേര്‍ന്നതിനാല്‍ ബോട്ടിലെ ജീവനക്കാര്‍ ഞങ്ങള്‍ പുറത്ത് കാത്തുനില്‍ക്കുന്നത് കണ്ടതുമില്ല.

 

യാത്രയിലെ നഷ്ടങ്ങള്‍
തിരക്കേറിയ പരിപാടികളായിരുന്നതിനാന്‍ വളരെ കുറച്ച് സ്ഥലങ്ങള്‍ മാത്രമേ കാണാന്‍ പറ്റിയുള്ളൂ. ഹോങ്കോങ് ദ്വീപു സമുച്ചയങ്ങള്‍ക്കിടയില്‍ പൊതുഗതാഗത സംവിധാനത്തില്‍ യാത്ര ചെയ്യണമെങ്കില്‍ ഒക്ടോപസ് കാര്‍ഡ് എന്ന യാത്രാകാര്‍ഡ് വാങ്ങേണ്ടതുണ്ട്. യാത്രക്കാരില്‍ ഭൂരിഭാഗവും പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കുന്നു.

യാത്രയ്ക്ക് ബ്രസീലില്‍ നിന്നുള്ള ഓനയും സംഘവും, വിക്കിമീഡിയ ഇന്ത്യയുടെ ഭാരവാഹികള്‍ എന്നിവരായിരുന്നു കൂട്ട്. ഫെറിയില്‍ യാത്ര ചെയ്ത് ക്വീന്‍സ് പൈര്‍ എന്ന കപ്പല്‍ ആഗമന കേന്ദ്രവും, അവിടുന്ന് കാണാവുന്ന ലൈറ്റ് ഷോയും കാണാന്‍ സാധിച്ചു. ഹോങ്കോങ് കടല്‍ത്തീരത്തുള്ള ബ്രൂസ്ലിയുടെ പ്രതിമ അനേകം സഞ്ചാരികളെ ഇങ്ങോട്ടാകര്‍ഷിക്കാറുണ്ട്. കടല്‍ത്തീരത്ത് പതിച്ച കല്ലുകള്‍ക്കിടയില്‍ ഹോങ്കോങ് സന്ദര്‍ശിച്ച പ്രമുഖ വ്യക്തികളുടെ കയ്യടയാളം ആലേഖനം ചെയ്തിരിക്കുന്നു. ഹോങ്കോങ് ആര്‍ട്ട് മ്യൂസിയവും, ശാസ്ത്ര മ്യൂസിയവും കാണണമെന്നുണ്ടായിരുന്നെങ്കിലും പോകാന്‍ തീരുമാനിച്ചിരുന്ന ദിവസം അപ്രതീക്ഷിതമായി ചുഴലിക്കാറ്റിനെതിരെയുള്ള ജാഗ്രത പുറപ്പെടുവിച്ചിരുന്നതിനാല്‍ യാത്ര വേണ്ടെന്നു വയ്ക്കുകയായിരുന്നു.

ഹോങ്കോങിലെ ഗ്രാമപ്രദേശങ്ങള്‍ കാണാനാകാഞ്ഞത് ഇന്നും ഒരു നഷ്ടമായി അവശേഷിക്കുന്നു. പരിപാടിയുടെ സംഘാടകരിലൊരാളായ ഡെറിക് ചാന്‍ വിക്കിമാനിയയിലെ അതിഥികള്‍ക്കു വേണ്ടി തന്റെ ജന്മനാട്ടിലേക്ക് വിനോദയാത്ര സംഘടിപ്പിച്ചിരുന്നു. പരിപാടികള്‍ കഴിഞ്ഞ് തൊട്ടടുത്ത ദിവസം തന്നെ മടങ്ങുകയായിരുന്നതിനാല്‍ ഈ യാത്രയ്ക്ക് ക്ഷണം കിട്ടിയിട്ടും പോകുവാന്‍ സാധിച്ചില്ല.

വിട
ഹോങ്കോങിലെ പല പ്രധാന ചത്വരങ്ങള്‍ക്കും, കടല്‍ത്തീരങ്ങള്‍ക്കും ബ്രിട്ടീഷ് രാജ്ഞിമാരുടെ പേരുകളാണുള്ളത്. വഴി കാണിക്കുന്ന സൈന്‍ബോഡുകളും, നഗരത്തിന്റെ ഭൂപടങ്ങളും നഗരത്തിന്റെ പലയിടത്തായി പ്രദര്‍ശിപ്പിച്ചിരിക്കുന്നതുകൊണ്ട് വഴി തെറ്റാനുള്ള സാധ്യത വളരെക്കുറവാണ്. വളരെ കാര്യക്ഷമതയുള്ള മെട്രോ ട്രെയിനുകള്‍ ഉള്ളതുകൊണ്ട് നഗരത്തിന്റെ ഏതുഭാഗത്തും പെട്ടെന്നു തന്നെ എത്താന്‍ സാധിക്കും.

ഹോങ്കോങ് ദ്വീപില്‍ നിന്ന് കവ്ലൂണ്‍ ദ്വീപിലേക്ക് മെട്രോയില്‍ പോകുന്ന വഴി കടലിന്റെ അടിയിലൂടെയുള്ള തുരങ്കത്തിലൂടെയാണ് ഒരു മിനിറ്റോളം നേരം സഞ്ചരിച്ചത്. കടലിനടിയിലായിരിക്കുമ്പോള്‍ കടലിന്റെ ഇരമ്പല്‍ വ്യക്തമായി കേള്‍ക്കാം. ഡബിള്‍ ഡെക്കര്‍ ബസ്സുകളാണ് ഹോങ്കോങ്ങില്‍ ഭൂരിഭാഗവുമുള്ളത്.

ബസ്സില്‍ കയറുമ്പോളും ഇറങ്ങുമ്പോളും ബസ്സിലെ കാര്‍ഡ് റീഡറിനു മുന്നില്‍ ഒക്ടോപസ് കാര്‍ഡ് കാണിക്കണം. യാത്രാചാര്‍ജ്ജായി കാര്‍ഡില്‍ നിന്നും കിഴിച്ച തുകയും, കാര്‍ഡില്‍ ബാക്കിയുള്ള തുകയും സ്ക്രീനില്‍ ദൃശ്യമാകും. ഇതേ കാര്‍ഡുപയോഗിച്ച് പല കടകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങുവാനുള്ള സൌകര്യവുമുണ്ട്. നാട്ടിലേക്ക് കൊണ്ടുപോകാനായി ചൈനീസ് മാതൃകയിലുള്ള കരകൌശലവസ്തുക്കളും, മിഠായികളുമാണ് വാങ്ങിയത്. മറ്റ് ലോകരാജ്യങ്ങളെ അപേക്ഷിച്ച് സാധനങ്ങളുടെ വില താരതമ്യേന കുറവായിരുന്നതിനാല്‍ കൂടെയുണ്ടായിരുന്ന പലരും ഒരുപാട് ഷോപ്പിങ് നടത്തുന്നുണ്ടായിരുന്നു.

തിരിച്ചു പോകുമ്പോള്‍ എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥന്‍ ചിരിച്ചുകൊണ്ട് 'ഹൌ ഡിഡ് യു ലൈക് ഹോങ്കോങ് ?' (ഹോങ്കോങ് ഇഷ്ടപ്പെട്ടുവോ?) എന്ന് ചോദിക്കുകയുണ്ടായി. വളരെ ഇഷ്ടപ്പെട്ടു എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ 'വീണ്ടും വരൂ' എന്ന് അദ്ദേഹം ആശംസിച്ചു. മറ്റൊരവസരത്തില്‍ ഹോങ്കോങിലേക്ക് തീര്‍ച്ചയായും വരണം എന്ന് മനസിലുറപ്പിച്ചുകൊണ്ടാണ് ഹോങ്കോങില്‍ നിന്നും നാട്ടിലേക്ക് തിരിച്ചത്.

Add comment

 

 

 

Article Calendar

April 2019
Mon Tue Wed Thu Fri Sat Sun
1 2 3 4 5 6 7
8 9 10 11 12 13 14
15 16 17 18 19 20 21
22 23 24 25 26 27 28
29 30 1 2 3 4 5

Related Articles