FacebookTwitter

ക്രീസൊഴിയുന്നു; ക്രിക്കറ്റിലെ സകലകലാവല്ലഭന്‍

    User Rating:  / 0
    PoorBest 

സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ 51 സെഞ്ചുറികളെന്ന അനുപമ നേട്ടം മറികടക്കാന്‍ എഴു സെഞ്ചുറികളുടെ അകലമേ കാലിസിന് മുമ്പിലുണ്ടായിരുന്നുള്ളു.... എന്നിട്ടും പതിനെട്ടു വര്‍ഷം കാത്തുസൂക്ഷിച്ച ക്രീസിലെ സ്വരശുദ്ധി പതറുന്നുവെന്ന് തോന്നിത്തുടങ്ങിയപ്പോഴെ കാലിസ് പാട്ടു നിര്‍ത്തി അവിടെയും തനിക്ക് മാത്രം സാധ്യമാവുന്ന അപാരമായ ടൈമിംഗ് കാത്തു. സി ഗോപാലകൃഷ്ണന്‍ എഴുതുന്നു.

 

രു കൈയില്‍ സാന്‍ഡ് വിച്ചും മറുകൈയില്‍ എനര്‍ജി ഡ്രിങ്കുമായി ഇന്നലെ കിംഗ്സ്മേഡിലെ ഗോവണിപ്പടികള്‍ ഇറങ്ങിവരുന്ന കാലിസിനെ കണ്ടപ്പോള്‍ ആ കണ്ണുകള്‍ എന്തെങ്കിലും ഒളിപ്പിക്കുന്നതായോ ആ മനസ് എന്തൊക്കെയോ അടക്കിപ്പിടിക്കുന്നതായോ ആരാധകര്‍ക്ക് തോന്നിയിരുന്നില്ല. 18 വര്‍ഷമായി തുടരുന്ന പതിവ് പടിയിറക്കമായേ കാലിസിന്റെ ഇറങ്ങിവരവ് തോന്നിച്ചുള്ളൂ. മണിക്കൂറുകള്‍ക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നുള്ള തന്റെ പടിയിറക്കം പരസ്യമായി പ്രഖ്യാപിക്കുന്നതുവരെ. ആകാകംക്ഷയുടെയോ ആശങ്കയുടെയോ നാടകീയതയുടെയോ കനമില്ലാത്ത ഒരു പേജ് വാര്‍ത്താക്കുറിപ്പിലൂടെ കാലിസ് തന്റെ വിടവാങ്ങല്‍ പ്രഖ്യാപിച്ചു. അതു വായിച്ചാല്‍ മനസിലാവും തീരുമാനം കാലിസ് മുന്‍കൂട്ടി എടുത്തതായിരുന്നുവെന്ന്. ക്രീസില്‍ ടൈമിംഗ് ഒരു കലയാക്കിയ കലാകാരന് എപ്പോള്‍ കളി നിര്‍ത്തണമെന്നതിനെക്കുറിച്ചും കൃത്യമായ ടൈമിംഗ് ഉണ്ടായിരുന്നുവെന്ന് സാരം.

ടൈമിംഗ് എന്ന കല

ടൈമിംഗായിരുന്നു 18 വര്‍ഷം നീണ്ട കാലിസിന്റെ കരിയറിന്റെ പ്രധാന സവിശേഷത. കവര്‍ ഡ്രൈവ് കളിക്കുമ്പോഴായാലും പുള്‍ ഷോട്ട് കളിക്കുമ്പോഴായാലും അത് അങ്ങനെ തന്നെ. മുപ്പത്തിയെട്ടാം വയസിലും 140 കീലോമീറ്ററിലധികം വേഗത്തില്‍ പന്തെറിയാനും ടീമിന്റെ ബാറ്റിംഗ് നട്ടെല്ലായി തുടരാനും കഴിയുന്ന കളിക്കാരന്‍ എന്ന ഒറ്റ പദവികൊണ്ട് കാലിസിന് വേണമെങ്കില്‍ തന്റെ ടെസ്റ്റ് കരിയര്‍ കുറച്ചുകാലത്തേക്ക് കൂടി നീട്ടിയെടുക്കാമായിരുന്നു. സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ 51 സെഞ്ചുറികളെന്ന അനുപമ നേട്ടം മറികടക്കാന്‍ എഴു സെഞ്ചുറികളുടെ അകലമേ കാലിസിന് മുമ്പിലുണ്ടായിരുന്നുള്ളു. എന്നിട്ടും പതിനെട്ടു വര്‍ഷം കാത്തുസൂക്ഷിച്ച ക്രീസിലെ സ്വരശുദ്ധി പതറുന്നുവെന്ന് തോന്നിത്തുടങ്ങിയപ്പോഴെ കാലിസ് പാട്ടു നിര്‍ത്തി അവിടെയും തനിക്ക് മാത്രം സാധ്യമാവുന്ന അപാരമായ ടൈമിംഗ് കാത്തു.

കാലിസിന്റെ രക്ഷകവേഷം

ലോക ക്രിക്കറ്റില്‍ പടിയ്ക്കല്‍ കലമുടക്കുന്നവരെന്ന വിളിപ്പേരുള്ള ദക്ഷിണാഫ്രിക്കന്‍ ടീമില്‍ രക്ഷകന്റെ വേഷമായിരുന്ന കാലിസ് കെട്ടിയാടിയിരുന്നത്. കരിയറിലെ ഏഴാം ടെസ്റ്റിലാണ് കിലിസിന് ആദ്യമായി രക്ഷകവേഷം അണിയേണ്ടിവന്നത്. മെല്‍ബണില്‍ ഓസ്ട്രേലിയക്കെതിരായ സെഞ്ചുറിയിലൂടെയായിരുന്നു അത്. 279 പന്തുകള്‍ നേരിട്ട് 101 റണ്‍സ് നേടിയ കാലിസിനെ പ്രകോപിപ്പിച്ച് പുറത്താക്കാന്‍ ഓസ്ട്രേലിയ പതിനെട്ടടവും പയറ്റി നോക്കി. ഒടുവില്‍ തങ്ങളുടെ സ്വന്തം കലയായ തെറിവിളിവരെ കാലിസിനെതിരെ പ്രയോഗിച്ചു. തെറി വിളിച്ചിട്ടും പ്രകോപിതനാവാഞ്ഞതോടെ കാലിസ് ബധിരനാണോ എന്നുപോലും ഒരു ഘട്ടത്തില്‍ ഓസീസ് താരങ്ങള്‍ ചോദിച്ചു. അന്ന് പാറപോലെ ഉറച്ച പ്രതിരോധവുമായി ക്രീസ് നിറഞ്ഞ് കാലിസ് നേടിയ സെഞ്ചുറി ദക്ഷിണാഫ്രിക്കയ്ക്ക് നേടിക്കൊടുത്തത് വീരോചിത സമനില. കാലിസ് അന്നുതുടങ്ങിയ പോരാട്ടം 18 വര്‍ഷം നീണ്ട കരിയറിനിടെ പലഘട്ടങ്ങളിലും ദക്ഷിണാഫ്രിക്കയെ സമനിലതെറ്റാതെ പിടച്ചുനിര്‍ത്തി.

തുടര്‍ച്ചയായി അഞ്ച് ടെസ്റ്റ് സെഞ്ച്വറികള്‍

അന്നു തുടങ്ങിയ റണ്‍വേട്ട കരിയറിലൂടനീളം കാലിസ് തുടര്‍ന്നു. രണ്ടു സെഞ്ചുറികള്‍ക്കിടയില്‍ ഒരിക്കലും 13 ടെസ്റ്റുകളിലധികം അകലമുണ്ടാകാതിരിക്കാന്‍ കാലിസിന് കഴിഞ്ഞു. തുടര്‍ച്ചയായ അഞ്ചു ടെസ്റ്റുകളില്‍ സെഞ്ചുറിയെന്ന അപൂര്‍വനേട്ടത്തിനുനേര്‍ക്കും ഇക്കാലത്തിനിടെ കാലിസ് സ്വന്തം പേരെഴുതി. ഒന്നല്ല രണ്ടുതവണ. ഈ റണ്‍വേട്ടയ്ക്കിടയിലും കരിയറിലെ ആദ്യ ഡബിള്‍ സെഞ്ചുറിക്ക് 143 ടെസ്റ്റ് വരെ കാലിസിന് കാത്തിരിക്കേണ്ടിയുംവന്നു.

ടീമിലെ പന്ത്രണ്ടാമന്‍!

കാലിസിന്റെ ബാറ്റിംഗിനെക്കുറിച്ച് വാചാലാരാവുന്ന പലരും കാലിസിലെ ബൗളറെ കണ്ടില്ലെന്ന് നടിക്കാറുണ്ട്. പേസ് ബൗളര്‍മാര്‍ക്ക് പഞ്ഞമില്ലാത്ത ദക്ഷിണാഫ്രിക്കന്‍ ടീമില്‍ കാലിസ് എന്തുചെയ്യുന്നുവെന്ന് ചോദിക്കുന്നവരുമുണ്ട്. ഇന്ത്യയുടെ പ്രധാന സ്ട്രൈക്ക് ബൗളറായ സഹീര്‍ ഖാന്‍ കരിയറില്‍ 300 വിക്കറ്റുകള്‍ നേടിയത് ദക്ഷിണാഫ്രിക്കയ്ക്കെതിരായ കഴിഞ്ഞ ടെസ്റ്റിലാണ്. ബാറ്റിംഗ് പ്രധാന മേഖലയാണെങ്കിലും പന്തുകൊണ്ടും ടീമിന് സംഭാവനചെയ്യുന്ന കാലിസിനാകട്ടെ 300 വിക്കറ്റ് നേട്ടത്തിലെത്താന്‍ എട്ടുവിക്കറ്റുകള്‍കൂടി മതി. ഈ ഒരൊറ്റ വസ്തുത കണക്കിലെടുത്താല്‍തന്നെ കാലിസിലെ ബൗളറെ ആരും വിലകുറച്ചുകാണില്ല. കാലിസിലെ ബൗളര്‍ ദക്ഷിണാഫ്രിക്കന്‍ ടീമിന് നല്‍കുന്ന സന്തുലനവും കണ്ടില്ലെന്ന് നടിക്കാനാവില്ല. മറ്റു ടീമുകള്‍ 11പേരുമായി കളിക്കാനിറങ്ങുമ്പോള്‍ കാലിസിലെ ബൗളറും ബാറ്റ്സ്മാനും ചേരുമ്പോള്‍ ദക്ഷിണാഫ്രിക്കന്‍ ടീമില്‍ 12 പേരാകും.

സ്ലിപ്പില്‍ ബക്കറ്റുമായി കാലിസ്!

ഫീല്‍ഡറെന്ന നിലയിലുള്ള കാലിസിന്റെ സംഭാവനകളും ആര്‍ക്കാണ് കണ്ടില്ലെന്ന് നടിക്കാനാവുക. സ്ലിപ്പില്‍ ബക്കറ്റുമായി നില്‍ക്കുന്ന കാലിസിന്റെ കൈകള്‍ ഇതുവരെ കോരിയെടുത്തത് 199 ക്യാച്ചുകള്‍!. ഡൊണാള്‍ഡും സ്റ്റെയിനും മോര്‍ക്കലും എറിയുന്ന ശരവേഗത്തിലുള്ള പന്തുകള്‍ ബാറ്റിലുരസി സ്ലിപ്പില്‍ കാലിസിനടുത്തേക്ക് പാഞ്ഞെത്തുമ്പോള്‍
പന്തിന്റെ ഗതിയും സമ്മര്‍ദവുംകൊണ്ട് പലപ്പോഴും കാലിസ് പുറകിലേക്ക് ആയുമെങ്കിലും പന്ത് അദ്ദേഹത്തിന്റെ കൈയില്‍ സുരക്ഷിതമായിരിക്കും. ഒപ്പം, തലയിലിരിക്കുന്ന ആ വലിയ തൊപ്പിയും.

പകരക്കാന്‍ നായകന്‍

ഒരുപക്ഷേ ക്യാപ്റ്റനെന്ന നിലയില്‍ മാത്രമാവും ദക്ഷിണാഫ്രിക്ക കാലിസിനെ അധികം ഉപയോഗിക്കാതിരുന്നത്. അത് ചിലപ്പോള്‍ മന:പൂര്‍വവുമായിരിക്കാം. കാരണം തങ്ങളുടെ ഏറ്റവും മികച്ച കളിക്കാരനുമേല്‍ ക്യാപ്റ്റന്‍സിയുടെ ഭാരം കൂടി അടിച്ചേല്‍പ്പിക്കാന്‍ അവര്‍ ഇഷ്ടപ്പെട്ടിട്ടുണ്ടാവില്ല. കരിയറില്‍ രണ്ടുതവണ മാത്രമാണ് കാലിസ് ദക്ഷിണാഫ്രിക്കയെ നയിച്ചത്. രണ്ടു തവണയും പകരക്കാരനായായിരുന്നു കാലിസ്.

ദരിദ്രമാകുന്ന ടെസ്റ്റ് ക്രിക്കറ്റ്

വിടവാങ്ങലിന് എന്തുകൊണ്ട് കാലിസ് ഓസ്ട്രേലിയയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം വരെ കാത്തിരുന്നില്ല എന്നു ചോദിക്കുന്നവരുണ്ട്. ക്രിക്കറ്റിലെ ക്ലാസിക് പോരാട്ടങ്ങളിലൊന്നാണ് എന്നും ദക്ഷിണാഫ്രിക്ക - ഓസ്ട്രേലിയ പോരാട്ടം. പരമ്പരയിലെ അവസാന ടെസ്റ്റ് നടക്കുന്നത് ഹോം ഗ്രൗണ്ടായ ന്യൂലാന്‍ഡ്സിലാണെന്നതും വിടവാങ്ങലിന് കാലിസിന് പറ്റിയ അരങ്ങായിരുന്നു. എന്നാല്‍ അത്തരം സൗജന്യങ്ങളെല്ലാം വേണ്ടെന്നുവെച്ച് ഇന്ത്യക്കെതിരെ രണ്ടാം ടെസ്റ്റോടെ ടെസ്റ്റില്‍ നിന്ന് പാഡഴിക്കാന്‍ തീരുമാനിച്ചതിന് പിന്നില്‍ കാലിസിന് മാത്രം മനസിലാവുന്ന ചില കാരണങ്ങളുണ്ടാകം. ഒരുപക്ഷേ താന്‍തന്നെ കുറിച്ച നിലവാരത്തിലേക്ക് തന്നെ കളി ഉയര്‍ത്താന്‍ കഴിയുന്നില്ലെന്ന തിരിച്ചറിവായിരിക്കാം അത്. എന്തായാലും കാലിസ് കൂടി കളി മതിയാക്കുന്നതോടെ ടെസ്റ്റ് ക്രിക്കറ്റ് കൂടുതല്‍ ദരിദ്രമാവുന്നു.

 

 

 

Article Calendar

May 2019
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2