FacebookTwitter

എഫ് സി കൊച്ചിനില്‍നിന്ന് ബംഗളുരു എഫ് സിയിലേക്കുള്ള ദൂരം

    User Rating:  / 0
    PoorBest 

ഓര്‍മ്മയുണ്ടോ എഫ് സി കൊച്ചിനെ? എഫ് സി കൊച്ചിന്റെ കുതിപ്പും കിതപ്പും പിന്നെ ചരിത്രമായതും ഫുട്ബോള്‍ പ്രേമികള്‍ക്ക് എങ്ങനെ മറക്കാനാകും അല്ലേ? ഇന്ത്യയിലെ ആദ്യത്തെ പ്രൊഫഷണല്‍ ഫുട്ബോള്‍ ക്ലബ് എന്ന വിശേഷണവുമായി 1996ല്‍ രൂപീകൃതമായ എഫ് സി കൊച്ചിന്‍ 2002 ആയപ്പോഴേക്കും കഥാവശേഷമായി മാറി. ഇന്ത്യയിലെ ഏറ്റവും പഴക്കംചെന്ന ഫുട്ബോള്‍ ടൂര്‍ണമെന്റായ ഡ്യൂറന്‍ഡ് കപ്പ് ജയവും ദേശീയ ലീഗില്‍ നേടിയ നാലാം സ്ഥാനവും കേരളത്തില്‍ ഫുട്ബോളിന്റെ പുതുയുഗപ്പിറവിയായി വിലയിരുത്തപ്പെട്ടു. ദേശീയ ഫുട്ബോളില്‍ വമ്പന്‍മാര്‍ക്ക് ഭീഷണിയായി കുതിച്ച എഫ് സി കൊച്ചിന്‍ പതുക്കെ കിതയ്ക്കാന്‍ തുടങ്ങി.

ആ തകര്‍ച്ച 2002ലെ ദേശീയ ലീഗില്‍ തരംതാഴ്ത്തപ്പെട്ടതോടെ പൂര്‍ണമായി. ഇന്ത്യന്‍ ഫുട്ബോളിന്റെ ഭരണസാരഥ്യം കൈയാളുന്ന രാഷ്ട്രീയനേതൃത്വത്തിന്റെ വികലമായ നയങ്ങളും ഇത്തരം നിരവധി ക്ലബുകളുടെ തകര്‍ച്ചയ്ക്ക് വഴിവെച്ചു. അന്നത്തെ ദേശീയ ഫുട്ബോള്‍ ലീഗ് മാറി പകരം പ്രൊഫഷണല്‍ പരിവേഷത്തോടെ ഐലീഗ് വന്നു. എന്നാല്‍ ഐലീഗ് അവതരിച്ച് വര്‍ഷം പലത് കഴിഞ്ഞിട്ടും ഇന്ത്യന്‍ ഫുട്ബോളില്‍ കാര്യമായ പുരോഗതിയൊന്നുമുണ്ടായില്ല. ഫുട്ബോള്‍ ഭരണാധികാരികള്‍ക്ക് രാഷ്ട്രീയലക്ഷ്യങ്ങള്‍ക്ക് അപ്പുറം വ്യക്തമായ ദിശാബോധമില്ലായിരുന്നു എന്നതാണ് വാസ്തവം.

ബംഗളുരു എഫ് സി

1997ലെ എഫ് സി കൊച്ചിനെ അനുസ്മരിപ്പിച്ചുകൊണ്ട് ഇതാ ഒരു ഫുട്ബോള്‍ ക്ലബ് ഇവിടെ തകര്‍ത്ത് കളിക്കുന്നു. ബംഗളുരു എഫ് സി. ഇത്തവണത്തെ ഐ ലീഗ് പാതി പിന്നിടുമ്പോള്‍ ഒന്നാം സ്ഥാനത്ത് നവാഗതരായ ബംഗളുരു എഫ് സിയാണ്. 2013 ജൂലൈ 20ന് രൂപംകൊണ്ട ക്ലബ് നേരിട്ടുള്ള പ്രവേശനത്തിലൂടെയാണ് ഐലീഗിനെത്തിയത്. എന്നാല്‍ പരമ്പരാഗത ശക്തികളെയെല്ലാം പിന്നിലാക്കി ബംഗളുരു എഫ് സി നടത്തിയ കുതിപ്പ് അവിസ്മരണീയമാണ്.

15 മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 30 പോയിന്റുമായാണ് ബംഗളുരു എഫ് സി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. നിലവിലെ ജേതാക്കളായ ചര്‍ച്ചില്‍ ബ്രദേഴ്സ് നിലവില്‍ അവസാന സ്ഥാനത്താണെന്നത് മറ്റൊരു വിരോധാഭാസവുമാണ്. വമ്പന്‍മാരായ സാല്‍ഗോക്കര്‍ അഞ്ചാമതും മോഹന്‍ ബംഗാന്‍ ആറാമതും ഈസ്റ് ബംഗാള്‍ ഏഴാമതും ഡെംപോ പത്താം സ്ഥാനത്തുമാണ്. ബംഗളുരു എഫ് സിക്ക് പിന്നിലായി സ്പോര്‍ട്ടിംഗ് ക്ലബ് ഡി ഗോവ (14 കളിയില്‍ 27 പോയിന്റ്) രണ്ടാമതും പുനെ എഫ് സി (14 കളിയില്‍ 24 പോയിന്റ്) മൂന്നാം സ്ഥാനത്തുമാണ്. 15 കളിയില്‍ 23 പോയിന്റുള്ള ഷില്ലോഗ് ലജോംഗ് നാലാമതും 14 കളിയില്‍ 18 പോയിന്റുള്ള സാല്‍ഗോക്കര്‍ അഞ്ചാം സ്ഥാനത്തുമാണ്. പത്തോളം റൌണ്ട് മല്‍സരങ്ങള്‍ ബാക്കിനില്‍ക്കെ പോയിന്റ് നിലയില്‍ കാര്യമായ മാറ്റങ്ങള്‍ വന്നേക്കാം.

എന്നാലും ആദ്യപകുതിയില്‍ ബംഗളുരു എഫ് സി നടത്തിയ കുതിപ്പ് മറ്റ് ക്ലബുകള്‍ക്കും ഇന്ത്യന്‍ ഫുട്ബോളിനും നല്‍കുന്ന പാഠങ്ങള്‍ എന്തൊക്കെയാണ്?

പ്രൊഫഷണല്‍ വഴികള്‍

2013 ആദ്യം എയര്‍ ഇന്ത്യ, ഒഎന്‍ജിസി തുടങ്ങിയ ടീമുകള്‍ ഐലീഗില്‍ നിന്ന് വിട്ടുനില്‍ക്കുകയും മോഹന്‍ ബംഗാന്‍ സസ്പെന്‍ഷനിലാകുകയും ചെയ്തതോടെയാണ് രണ്ടു ടീമുകള്‍ക്ക് നേരിട്ട് പ്രവേശനം നല്‍കാന്‍ എഐഎഫ്എഫ് തീരുമാനിച്ചത്. അങ്ങനെയാണ് ഇന്ത്യയിലെ വന്‍കിട വ്യവസായികളായ ജിന്‍ഡാല്‍ ഗ്രൂപ്പ് ഫുട്ബോള്‍ ക്ലബുമായി രംഗത്തെത്തുന്നത്. 2017ല്‍ ഇന്ത്യയില്‍ നടക്കാന്‍ സാധ്യതയുള്ള യുത്ത് ലോകകപ്പിന് അനുയോജ്യമായ സൌകര്യങ്ങള്‍ ബംഗളുരുവില്‍ ഒരുക്കണമെന്നായിരുന്നു കോര്‍പറേറ്റ് ടീമിന് നേരിട്ട് പ്രവേശനം നല്‍കിയപ്പോള്‍ എഐഎഫ്എഫ് മുന്നോട്ടുവെച്ച ആവശ്യം.

ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ബംഗളുരു എഫ് സിയെ പരിശീലിപ്പിക്കുന്നത് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പരിശീലകനായിരുന്ന ആഷ്ലി വെസ്റ്ഹുഡാണ്. ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി, പ്രീമിയര്‍ ലീഗ് താരം ജോണ്‍ ജോണ്‍സന്‍, റോബിന്‍ സിംഗ്, പവന്‍കുമാര്‍ തുടങ്ങിയ പരിചയസമ്പന്നര്‍ക്കൊപ്പം ഒരുകൂട്ടം യുവതാരങ്ങളാണ് ബംഗളുരു എഫ് സിയില്‍ കളിക്കുന്നത്. വന്‍താരനിരയില്ലെങ്കിലും വ്യക്തമായ പദ്ധതികളും തന്ത്രങ്ങളുമാണ് ടീമിന്റെ മുന്നേറ്റത്തിന് പിന്നില്‍. ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ സാമ്പത്തിക പിന്‍ബലം ടീമിന് കരുത്താകുന്നുമുണ്ട്. ഇന്ത്യന്‍ ദേശീയ ടീമുമായി സൌഹൃദമല്‍സരം കളിച്ചുകൊണ്ടാണ് ബംഗളുരു എഫ് സി കളി തുടങ്ങിയത്. നീലപ്പടയെ 11ന് സമനിലയില്‍ തളച്ച ബംഗളുരു എഫ് സി ക്രമേണ ഐ ലീഗിലെ വമ്പന്‍മാരെയൊക്കെ വീഴ്ത്തി ലീഗില്‍ ഒന്നാം സ്ഥാനത്തേക്ക് വന്നു.

ഭരണാധികാരികളുടെ വീഴ്ച

തികച്ചും പ്രൊഫഷണലായ സമീപനമുണ്ടെങ്കില്‍ ഇന്ത്യന്‍ ഫുട്ബോളില്‍ ആധിപത്യം സ്ഥാപിക്കാനാകുമെന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് ബംഗളുരു എഫ് സിയും എഫ് സി കൊച്ചിനും മറ്റ് ഗോവന്‍ബംഗാള്‍ ക്ലബുകളും. പക്ഷെ ഇത് നിലനിര്‍ത്താന്‍ ക്ലബിന്റെ കളിക്കളത്തിലെ മികവും നേരത്തെ പറഞ്ഞ പ്രൊഫഷണല്‍ സമീപനവും കൂടാതെ എഐഎഫ്എഫിനെപ്പോലുള്ള കായികസംഘടനകളുടെ പിന്തുണയും വേണം. എന്നാല്‍ ഭരണാധികാരികളുടെ പ്രൊഫഷണലിസമില്ലായ്മ എഫ് സി കൊച്ചിന്റെ തകര്‍ച്ചയില്‍ ചെറുതല്ലാത്ത പങ്ക് വഹിച്ചു.

പാരമ്പര്യമുള്ള ജെസിടി ഫുട്ബോള്‍ ക്ലബ് പിരിച്ചുവിട്ടപ്പോഴും എയര്‍ഇന്ത്യ, ഒഎന്‍ജിസി തുടങ്ങിയ ക്ലബുകള്‍ കളി നിര്‍ത്തിയപ്പോഴും എഐഎഫ്എഫ് എന്തു ചെയ്തു? തകര്‍ച്ചയിലേക്ക് നീണ്ടപ്പോള്‍ എഫ് സി കൊച്ചിനെപ്പൊലെയുള്ള ടീമുകളെ സംരക്ഷിക്കേണ്ട ചുമതല എഐഎഫ്എഫിനും കെഎഫ്എയ്ക്കുമുണ്ടായിരുന്നു. അവര്‍ അത് ചെയ്തില്ല. ക്രിക്കറ്റിലെ സംസ്ഥാന അസോസിയേഷനുകള്‍ക്ക് ബിസിസിഐ നല്‍കുന്ന പിന്തുണ കണ്ടുപഠിക്കേണ്ടതാണ്. എന്നാല്‍, ബിസിസിഐയുടെ സാമ്പത്തികശേഷി തങ്ങള്‍ക്കില്ല എന്നുപറഞ്ഞ് ഒഴിയുകയാണ് എഐഎഫ്എഫ് ചെയ്യുന്നത്.  എന്തുകൊണ്ട് സാമ്പത്തികശേഷി ഇല്ല? നൂറുകോടിയിലധികം വരുന്ന ഒരു രാജ്യത്ത് ഫുട്ബോളിന് ശരിയായ വേരോട്ടമില്ലാത്തതിന് എഐഎഫ്എഫിന്റെ ദിശാബോധമില്ലായ്മയും ഒരു കാരണമല്ലേ?

ഐ ലീഗിന് സംഭവിച്ചത്

ഫുട്ബോളില്‍ കരുത്തരായ ലോകത്തെ ഏതൊരു രാജ്യത്തും ശക്തമായ ഫുട്ബോള്‍ ലീഗ് സംവിധാനമുണ്ട്. ഇഗ്ലണ്ടിലും സ്പെയിനിലും ജര്‍മ്മനിയിലും ബ്രസീലിലും അര്‍ജന്റീനയിലുമെല്ലാം അതുണ്ട്. അതിന്റെയൊക്കെ ചുവടുപിടിച്ചാണ് 2007ല്‍ ഐലീഗ് ഇവിടെ നടപ്പിലാക്കിയത്. പ്രീമിയര്‍ ലീഗിലെയും സ്പാനിഷ് ലീഗിലെയും പോലെ ഹോം, എവേ അടിസ്ഥാനത്തിലുള്ള മല്‍സരങ്ങള്‍. എന്നാല്‍ ഐ ലീഗിന്റെ പ്രൊഫഷണലിസം, അതിന്റെ പുറംമോടിയില്‍ മാത്രമൊതുങ്ങി.

ഐ ലീഗ് ടീമുകള്‍ വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്ക് വേണ്ടി ജൂനിയര്‍ ടീമുകളും അക്കാദമിയും മികച്ച മൈതാനങ്ങളും ഒരുക്കണമെന്നായിരുന്നു തുടക്കത്തിലെ വ്യവസ്ഥ. എന്നാല്‍ ഇത് പ്രാവര്‍ത്തികമാക്കാന്‍ എത്ര ടീമുകള്‍ക്ക് സാധിച്ചു? ഫുട്ബോളിന്റെ വളര്‍ച്ചയ്ക്കായി ഇന്ത്യയില്‍ ഫിഫ ആവിഷ്ക്കരിച്ച പദ്ധതികളൊക്കെ ശരിയായവിധം നടപ്പിലാക്കുന്നതില്‍ എഐഎഫ്എഫ് പരാജയപ്പെട്ടു. അതിനൊപ്പം ഐലീഗ് നടത്തിപ്പും വഴിപാടായി. ആഫ്രിക്കന്‍ രാജ്യങ്ങളിലെ ചില കളിക്കാര്‍ ഇവിടെ വന്ന് ഐ ലീഗില്‍ വര്‍ഷങ്ങളോളം ടോപ് സ്കോറര്‍മാരായപ്പോള്‍ ഗോളടി പട്ടികയില്‍ പിന്നിലായ ഇന്ത്യന്‍ താരങ്ങളുടെ കണക്കുകളാണ് മാധ്യമങ്ങള്‍ക്ക് അവതരിപ്പിക്കാനായത്.

വിദേശതാരങ്ങള്‍ ഐ ലീഗില്‍ കളിക്കണം, അതില്‍ തര്‍ക്കമില്ല. എന്നാല്‍ അവര്‍ക്കൊപ്പം അല്ലെങ്കില്‍ അതിനേക്കാള്‍ മുകളില്‍നില്‍ക്കുംവിധം പുതിയ കളിക്കാരെ ചെറുപ്രായത്തിലേ വളര്‍ത്തിയെടുക്കാന്‍ ക്ലബുകളില്‍ സ്വാധീനം ചെലുത്താന്‍ എഐഎഫ്എഫിന് സാധിച്ചില്ല. അത്തരം നഴ്സറികളാണ് മെസിയെയും റൊണാള്‍ഡോയെയുമെല്ലാം ലോകത്തിന് സമ്മാനിച്ചത്. എന്തുകൊണ്ട് ഇന്ത്യയില്‍ അതിനുള്ള ശ്രമങ്ങളുണ്ടാകുന്നില്ല എന്നതാണ് ഇവിടുത്തെ ഫുട്ബോളിന്റെ പിന്നാക്ക അവസ്ഥയ്ക്കുള്ള ഉത്തരം.

കളത്തിനുപുറത്ത് വേണ്ടത്

ഇന്ത്യന്‍ ഫുട്ബോളിന്റെ ഇന്നത്തെ അവസ്ഥയില്‍ പരിതപിക്കുന്ന നിരവധിപ്പേര്‍ നമ്മുടെ കേരളത്തിലും ബംഗാളിലും ഒരു പരിധി വരെ ഗോവയിലുമൊക്കെ ഉണ്ടാകും. മഹാരാഷ്ട്രയിലും പഞ്ചാബിലും മണിപ്പൂരിലും തമിഴ്നാട്ടിലുമൊക്കെ നല്ല പ്രചാരമുണ്ടായിരുന്ന കാല്‍പ്പന്തുകളി കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഗോവയിലും ബംഗാളിലുമായി ഒതുങ്ങുകയായിരുന്നു. ഇരുപത്തിയെട്ടോളം സംസ്ഥാനങ്ങളുണ്ടെങ്കിലും വിരലിലെണ്ണാവുന്നിടങ്ങളില്‍ മാത്രമാണ് ഫുട്ബോള്‍ ഒതുങ്ങിയത്. ഐ ലീഗിന്റെ അടിമുടിയായുള്ള പ്രൊഫഷണലിസവും രാജ്യത്തെമ്പാടും അക്കാദമികള്‍ സ്ഥാപിച്ച് ചെറുപ്രായത്തിലേ പ്രതിഭയുള്ളവരെ കണ്ടെത്തി വളര്‍ത്തിയെടുക്കുകയുമാണ് വേണ്ടത്.

എന്നാല്‍ ഫുട്ബോള്‍ അസോസിയേഷനില്‍ ഭരണസാരഥ്യമേന്താനുള്ള രാഷ്ട്രീയക്കാരുടെ വടംവലിയല്ലാതെ കാര്യമായി ഒന്നും നടക്കുന്നില്ല. 2017 യൂത്ത് ലോകകപ്പ് ഇന്ത്യയ്ക്ക് അനുവദിച്ചതിലൂടെ ഫിഫ ലക്ഷ്യമിടുന്നത് ഈ രാജ്യത്തെ മാനവവിഭവശേഷിയാണ്. ഫുട്ബോളിന്റെ പ്രചാരണമാണ് ഫിഫയുടെ ഉദ്ദേശം. എന്നാല്‍ ഇവിടെയുള്ള ഫുട്ബോള്‍ ഭരണാധികാരികള്‍ക്ക് ഈ ബോധമില്ല.

കണ്ണുതുറക്കുമോ അധികാരികള്‍?

എഫ് സി കൊച്ചിന്റെ ഉദയത്തെ അനുസ്മരിപ്പിക്കുവിധം ബംഗളുരു എഫ് സി ജ്വലിച്ചുയരുമ്പോള്‍ ഇന്ത്യന്‍ ഫുട്ബോളിന് എറെ പ്രതീക്ഷകളാണുള്ളത്. വര്‍ഷങ്ങളായി ഫുട്ബോള്‍ കളിക്കുന്ന ടീമുകളെ മറികടന്ന് ബംഗളുരു എഫ് സിയെപ്പോലെയുള്ള ഒരു കോര്‍പറേറ്റ് ടീമിനെ നേരിട്ട് ഐ ലീഗില്‍ കളിപ്പിക്കാനുള്ള തീരുമാനം നല്ലതാണ്. എന്നാല്‍ ഈ രീതി തുടരുന്നത് അപകടകരമാണ്. പകരം നിലവിലുള്ള ടീമുകളെ ശക്തിപ്പെടുത്താന്‍ ഇത്തരം കോര്‍പറേറ്റ് ശക്തികളുടെ പിന്തുണ എഐഎഫ്എഫിന് തേടാവുന്നതാണ്.

ഒപ്പം മികച്ച ഫുട്ബോള്‍ അക്കാദമിയും കുട്ടികള്‍ക്ക് കളി പഠിച്ചുവളരാന്‍ രാജ്യാന്തര സൌകര്യങ്ങളും ലഭ്യമാക്കണം. ഇക്കാര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളെയും ജപ്പാന്‍, ദക്ഷിണകൊറിയ, ചൈന തുടങ്ങിയ ടീമുകളെ നമുക്ക് മാതൃകയാക്കാം. കളിക്കളത്തില്‍ പ്രൊഫഷണലിസം വരണമെങ്കില്‍ ആദ്യം കായികഭരണാധികാരികളാണ് അത് ആര്‍ജ്ജിക്കേണ്ടത്. എഫ് സി കൊച്ചിനില്‍ നിന്ന് ബംഗളുരു എഫ് സിയിലേക്ക് ഇന്ത്യന്‍ ഫുട്ബോളിന്റെ നിലവാരത്തില്‍ കാര്യമായ മാറ്റങ്ങളൊന്നുമുണ്ടായിട്ടില്ല. ആളിക്കത്തി കെട്ടടങ്ങുന്ന മറ്റൊരു എഫ് സി കൊച്ചിനായി ബംഗളുരു എഫ് സി മാറാതിരിക്കട്ടെയെന്ന് നമുക്ക് ആശിക്കാം...

 

 

 

Article Calendar

May 2019
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2