FacebookTwitter

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സംഭവിച്ചത് എന്ത്?

    User Rating:  / 0
    PoorBest 

ജി ആര്‍ അനുരാജ്

ലോകത്തിലെ ഏറ്റവും സമ്പന്നവും പ്രൗഢഗംഭീരമായ പാരമ്പര്യവുമുള്ള ഫുട്ബോള്‍ ക്ലബുകളില്‍ അഗ്രഗണ്യസ്ഥാനമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനുള്ളത്. വര്‍ഷങ്ങളോളം ഇംഗ്ലീഷ് ഫുട്ബോളിലെ മുടിചൂടാ മന്നനായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. 1878ല്‍ രൂപീകൃതമായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പേറുന്നത് നൂറ്റാണ്ടിന്റെ പാരമ്പര്യം മാത്രമല്ല, കാല്‍പ്പന്തുകളിയെ നെഞ്ചേറ്റിയ ഒരു ജനതയുടെ ഹൃദയത്തുടിപ്പ് കൂടിയാണ്. 20 തവണ പ്രീമിയര്‍ ലീഗും, 11 തവണ എഫ് എ കപ്പും നാലു തവണ ലീഗ് കപ്പും മൂന്നു തവണ യുവേഫ ചാംപ്യന്‍സ് ലീഗും നേടിയിട്ടുള്ള ഓരോ തവണ യുവേഫ കപ്പ് വിന്നേഴ്സ് കപ്പും യുവേഫ സൂപ്പര്‍ ലീഗും ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പും ഫിഫ കപ്പ് വേള്‍ഡ് കപ്പും നേടിയിട്ടുള്ള മാഞ്ചസ്റ്ററിന്റെ പെരുമ അനുപമമാണ്. 20 തവണ പ്രീമിയര്‍ ലീഗ് നേടിയിട്ടുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇത്തവണ 15 മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ആറു വിജയം മാത്രം നേടി 22 പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ്. ഇങ്ങനെ പോയാല്‍ അടുത്ത തവണത്തെ ചാംപ്യന്‍സ് ലീഗ് ബര്‍ത്ത് നേടാനാകില്ലെന്ന ചരിത്രപരമായ നാണക്കേടാകും മാന്‍ യുവിനെ കാത്തിരിക്കുന്നത്.

സ്വന്തം മൈതാനത്തെ അജയ്യതയായിരുന്നു എക്കാലവും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സുപ്രധാന സവിശേഷത. എന്നാല്‍ സ്വന്തം തട്ടകത്തിലെ അപ്രമാദിത്വം അടുത്തകാലത്തായി ചുവന്ന ചെകുത്താന്‍മാര്‍ക്ക് കൈമോശം വന്നിരിക്കുന്നു. അവസാനം നടന്ന പ്രീമിയര്‍ ലീഗ് മല്‍സരങ്ങളില്‍ ഓള്‍ഡ് ട്രാഫോഡില്‍ എവര്‍ട്ടണിനോടും ന്യൂ കാസില്‍ യുണൈറ്റഡിനോടും മാഞ്ചസ്റ്റര്‍ തോറ്റമ്പിയപ്പോള്‍ ഇംഗ്ലണ്ടിലെ മാത്രമല്ല ലോകമെമ്പാടുമുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരാധകര്‍ക്ക് അത് ഹൃദയഭേദകമായി മാറി. വര്‍ഷങ്ങളോളം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കടിഞ്ഞാണേന്തിയ സര്‍ അലക്സ് ഫെര്‍ഗൂസണ്‍ എന്ന തന്ത്രശാലിയായ പരിശീലകന്റെ മാന്ത്രിക സാമീപ്യം അന്യമായതാണോ ടീമിനെ പിന്നോട്ടടിക്കുന്നത്? അതോ ഫെര്‍ഗൂസന്റെ പിന്‍ഗാമിയായ ഡേവിഡ് മോയസ് എന്ന സൂത്രധാരന്റെ തന്ത്രങ്ങള്‍ക്ക് മൂര്‍ച്ച കുറവാണോ?പരിശീലകന്റെ തന്ത്രങ്ങള്‍ക്ക് മൂര്‍ച്ച കുറവാണോ? നമുക്ക് നോക്കാം...

ഡേവിഡ് മോയെസ് ശൈലി മാറ്റണം

കഴിഞ്ഞ ജൂലൈയിലാണ് സര്‍ അലക്സ് ഫെര്‍ഗൂസണ്‍ മാഞ്ചസ്റ്റര്‍ വിടുന്നത്. ഫെര്‍ഗൂസനില്‍ നിന്ന് ചുമതലയേറ്റ ഡേവിഡ് മോയെസിന് പക്ഷെ കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. വര്‍ഷങ്ങളായി ഫെര്‍ഗൂസണ്‍ പിന്തുടര്‍ന്നുവന്ന ശൈലിയായിരുന്നില്ല മോയെസിനുണ്ടായിരുന്നത്. അത് കേളിശൈലിയിലും കളിക്കാരോടുള്ള സമീപനത്തിലും തന്ത്രങ്ങള്‍ സ്വീകരിക്കുന്നതിലുമെല്ലാം ഫെര്‍ഗൂസനില്‍ നിന്ന് തികച്ചും വിഭിന്നനായിരുന്നു മോയെസ്. പലപ്പോഴും ടീമിലെ മുതിര്‍ന്ന താരങ്ങള്‍ക്ക് ഇത് സ്വീകാര്യമായിരുന്നില്ല. കോച്ചിന്റെ ശൈലിയിലുള്ള അഭിപ്രായവ്യത്യാസം ഒരുതവണ റിയോ ഫെര്‍ഡിനാന്‍ഡ് പോലും തുറന്നു പറഞ്ഞു. ഫെര്‍ഗൂസന്റെ ശൈലിയില്‍നിന്ന് കടംകൊള്ളാമായിരുന്ന ചിലതെങ്കിലും മോയെസിന് സ്വീകരിക്കാമായിരുന്നുവെന്നാണ് കളി വിദഗ്ദ്ധരുടെയും ആരാധകരുടെയും അഭിപ്രായം. പ്രതിരോധത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയുള്ള ശൈലി അത്ര നല്ലതല്ലെന്നതിന്റെ തെളിവ് കൂടിയാണ് മാഞ്ചസ്റ്ററിന്റെ സമീപകാല പ്രകടനം വിളിച്ചോതുന്നത്. മദ്ധ്യനിര ശക്തിപ്പെടുത്തി ആക്രമണത്തിന് മൂര്‍ച്ച കൂട്ടിയില്ലെങ്കില്‍ ഇപ്പോഴത്തെ തിരിച്ചടികളില്‍ നിന്ന് കരകയറാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് അടുത്തെങ്ങും സാധിച്ചെന്ന് വരില്ല.

സെന്‍ട്രല്‍ മിഡ്ഫീല്‍ഡിലെ താളപ്പിഴ

റോബി കീനിന് ശേഷം സെന്‍ട്രല്‍ മിഡ്ഫീല്‍ഡിലെ വെല്ലുവിളി ഏറ്റെടുക്കാന്‍ പര്യാപ്തനായിരുന്നു മൈക്കല്‍ കാരിക്ക്. കളിയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ ശേഷിയുള്ള താരം. എന്നാല്‍ പരിക്ക് മൂലം കാരിക്ക് പുറത്തുപോയതോടെയാണ് കാര്യങ്ങള്‍ തലകീഴായി മറിഞ്ഞത്. കാരിക്കിന്റെ അഭാവം മദ്ധ്യനിരയുടെ സന്തുലനം തകര്‍ത്തുകളഞ്ഞു. അതിനുശേഷം മദ്ധ്യനിരയില്‍ മോയെസ് നടത്തിയ പരീക്ഷണങ്ങളെല്ലാം അമ്പേ പരാജയപ്പെട്ടു. ഫെല്ലേയ്നി, റയാന്‍ ഗിഗ്സ്, ഫില്‍ ജോണ്‍സ്, ടോം ക്ലവര്‍ലി എന്നിവരയൊക്കെ മദ്ധ്യനിരയില്‍ മാറ്റി മാറ്റി വിന്യസിച്ചെങ്കിലും അവര്‍ക്ക് ഒത്തിണക്കമുണ്ടായിരുന്നില്ല. ഇത് ടീമിന്റെ പ്രകടനത്തെ മൊത്തത്തില്‍ ബാധിച്ചു. കളിക്കളത്തിലെ താളം തന്നെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് നഷ്ടമായിത്തുടങ്ങി.

റോബിന്‍ വാന്‍ പേഴ്സിയുടെ പരിക്ക്

കഴിഞ്ഞ സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് കിരീടം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് ഡച്ച് താരം റോബിന്‍ വാന്‍ പേഴ്സിയുടെ ഗോളടി മികവായിരുന്നു. വാന്‍ പേഴ്സി നേടിയ 26 ഗോളുകളാണ് ചുവന്ന ചെകുത്താന്‍മാരുടെ കഴിഞ്ഞ കിരീടനേട്ടത്തിന് ആധാരമായത്. എന്നാല്‍ പരിക്ക് മൂലം വാന്‍ പേഴ്സിക്ക് ഇപ്പോള്‍ കളിക്കാനാകുന്നില്ല. ഇത് ടീമിന്റെ പ്രകടനത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. ദൂര്‍ബലരായ കാര്‍ഡിഫ് സിറ്റിയോടും ടോട്ടന്‍ഹാമിനോടും സമനില വഴങ്ങിയശേഷമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വന്തം തട്ടകത്തില്‍ എവര്‍ട്ടണോടും ന്യൂ കാസില്‍ യുണൈറ്റഡിനോടും തോറ്റത്. ന്യൂ കാസില്‍ യുണൈറ്റഡിനെതിരായ മല്‍സരത്തില്‍ കളിച്ചെങ്കിലും വാന്‍ പേഴ്സിയ്ക്ക് പൂര്‍ണ കായികക്ഷമത വീണ്ടെടുക്കാനായിട്ടില്ല. പൂര്‍ണ ആരോഗ്യവാനല്ലാതിരുന്ന വാന്‍പേഴ്സിയെ കൂടുതല്‍ നേരം കളിപ്പിച്ചത് തിരിച്ചടിയായെന്ന് മല്‍സരശേഷം മോയെസ് പ്രതികരിച്ചിരുന്നു. വെയ്ന്‍ റൂണിയുടെ ഗോളടി മികവിലുണ്ടായ മങ്ങല്‍ വാന്‍പേഴ്സിയുടെ വരവോടെയാണ് ഏറെക്കുറെ പരിഹരിക്കപ്പെട്ടത്. എന്നാല്‍ വാന്‍പേഴ്സിയ്ക്ക് പരിക്കായതോടെ ശരിയായ ഒരു പകരക്കാരനില്ലാതെ പോയത് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തിരിച്ചടിയായി മാറുകയായിരുന്നു.

ഫുട്ബോളിന് അത്ര പ്രചാരമില്ലാത്ത ഇന്ത്യയില്‍പ്പോലും എന്തിനേറെ പറയുന്നു, നമ്മുടെ കേരളത്തിലും നിരവധി ആരാധകരുള്ള ടീമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. വര്‍ഷങ്ങളോടെ ഫുട്ബോള്‍ മൈതാനത്ത് നടത്തിയ തേരോട്ടമാണ് ഇംഗ്ലീഷ് ടീമിന് ലോകമെമ്പാടും ആരാധകരെ നേടിക്കൊടുത്തത്. എന്നാല്‍ ദുര്‍ബലരായ എതിരാളികളോട് പോലും ജയിക്കാനാകാതെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കിതയ്ക്കുമ്പോള്‍ ആരാധകര്‍ക്ക് അത് ഉള്‍ക്കൊള്ളാനാകുന്നില്ല. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മോശം ഫോമില്‍ മനംനൊന്ത് കഴിഞ്ഞദിവസം കെനിയയില്‍ ഒരു ആരാധകന്‍ ആത്മഹത്യ ചെയ്ത വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്. എതായാലും ഇപ്പോഴത്തെ തിരിച്ചടികളില്‍ നിന്ന് കരകയറണമെങ്കില്‍ ഒരു അഴിച്ചുപണിക്ക് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തയ്യാറാകണം. ഡേവിഡ് മോയെസിന്റെ സമീപനത്തിലും മാറ്റം വരുത്തേണ്ടതുണ്ട്. ഇല്ലെങ്കില്‍ ഫെര്‍ഗൂസന് പറ്റിയ പിന്‍ഗാമിയല്ല മോയെസ് എന്ന ഫുട്ബോള്‍ ലോകം വിലയിരുത്തും. ഫുട്ബോളിനെ ഇഷ്ടപ്പെടുന്ന ആര്‍ക്കും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഈ കിതപ്പ് അത്ര പഥ്യമായി തോന്നുകയില്ല. തിരുത്തലുകള്‍ ആവശ്യമാണ്. അത് എത്രയും പെട്ടെന്ന് സ്വീകരിക്കുമെങ്കില്‍ ഈ സീസണില്‍ത്തന്നെ ഒരു തിരിച്ചുവരവ് സാധ്യമാകാവുന്നതാണ്...

 

 

 

Article Calendar

May 2019
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2