FacebookTwitter

നാല്‍പതിന്റെ ചെറുപ്പത്തിലും കരുത്തോടെ ഗിഗ്സ്

    User Rating:  / 0
    PoorBest 

ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം റയാന്‍ ഗിഗ്സിന് ഇന്ന് നാല്‍പതാം പിറന്നാള്‍. മാഞ്ചസ്റ്റര്‍ കുപ്പായത്തില്‍ ആയിരം മത്സരമെന്ന അപൂര്‍വ റെക്കോര്‍ഡിനോടടുക്കുന്ന ഗിഗ്സ് നാല്‍പതിലും കരുത്തോടെ കുതിക്കുകയാണ്. 1991 മാര്‍ച്ച് രണ്ടിന് ഓള്‍ഡ് ട്രാഫോര്‍ഡില്‍ എവര്‍ട്ടണെതിരെ നടന്ന മത്സരത്തില്‍ പകരക്കാരനായാണ് 17കാരനായ ഗിഗ്സ് മാഞ്ചസ്റ്റര്‍ കുപ്പായത്തില്‍ അരങ്ങേറിയത്. അതേവര്‍ഷം മെയ് അഞ്ചിന് മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെയായിരുന്നു ഗിഗ്സ് ആദ്യമായി മുഴുവന്‍സമയം മാഞ്ചസ്റ്ററിനായി കളത്തിലിറങ്ങിയത്. ആ മത്സരത്തില്‍ ഗിഗ്സ് മാഞ്ചസ്റ്ററിനായി ആദ്യ ഗോള്‍ നേടുകയും ചെയ്തു. യൂറോപ്യന്‍ ഫുട്ബോളിലെ കോടികളുടെ പണക്കിലുക്കത്തില്‍ കണ്ണ് മഞ്ഞളിക്കാത്തെ ഗിഗ്സ് കഴിഞ്ഞ 23 വര്‍ഷത്തെ കരിയറിനിടെ മറ്റൊരു ക്ലബ്ബിനെക്കുറിച്ച് പിന്നീടിതുവരെ ചിന്തിച്ചിട്ടില്ല.

ഗിഗ്സ് ആദ്യ മത്സരം കളിക്കുമ്പോള്‍ ജനിച്ചിട്ടുപോലുമില്ലാത്ത താരങ്ങള്‍ക്കൊപ്പം ഇന്നും അദ്ദേഹം മാഞ്ചസ്റ്ററിനായി ആവേശത്തോടെ ഗ്രൗണ്ടിലിറങ്ങുന്നു. അന്ന് ഗിഗ്സിനൊപ്പം കളിച്ച പലരും ഇന്ന് പരിശീലകരാണ്. ചിലരാകട്ടെ ഫുട്ബോള്‍ വിദഗ്ധരായും ഇനിയും ചിലര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി കഴിയുന്നു.23 വര്‍ഷത്തെ കരിയറില്‍ 150-ഓളം താരങ്ങളാണ് ഗിഗ്സിനൊപ്പം മാഞ്ചസ്റ്ററില്‍ കളിച്ചത്.

23 വര്‍ഷത്തെ കരിയറിനിടെ ഗിഗ്സ് സ്വന്തമാക്കാത്ത നേട്ടങ്ങളില്ല, സ്വന്തം രാജ്യമായ വെയില്‍സിനായി ലോകകപ്പ് കളിക്കുക എന്ന നേട്ടമൊഴികെ. കഴിഞ്ഞ 22 ലീഗ് സീസണിലും ഒരു മത്സരത്തിലെങ്കിലും ഗിഗ്സ് മാഞ്ചസ്റ്ററിനായി ഗോള്‍ നേടിയിട്ടുണ്ട്. ഇതും ഗിഗ്സിന് മാത്രം സ്വന്തമായ റെക്കോര്‍ഡ്. ഇതിനുപുറെ ഒരു പിടി റെക്കോര്‍ഡുകള്‍ ഗിഗ്സ് സ്വന്തം പേരിലെഴുതിയിട്ടുണ്ട്. അതില്‍ പ്രധാനം ക്ലബ്ബ് കരിയറില്‍ ഒരിക്കല്‍ പോലും ചുവപ്പു കാര്‍ഡ് കണ്ടിട്ടില്ലെന്നതാണ്. 2001ല്‍ നോര്‍വെയ്ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ വെയില്‍സിനായി ഇറങ്ങിയപ്പോള്‍ ഒരിക്കല്‍ മാത്രം ഗിഗ്സിന് ചുവപ്പുകാര്‍ഡ് കിട്ടി.

2011ല്‍ ചാമ്പ്യന്‍സ് ലീഗില്‍ ബെനഫിക്കയ്ക്കെതിരെ ഗോള്‍ നേടിയതോടെ ചാമ്പ്യന്‍സ് ലീഗിലെ ഏറ്റവും പ്രായമേറിയ ഗോള്‍ സ്കോററെന്ന റെക്കോര്‍ഡും ഗിഗ്സിന്റെ പേരിലായി. കരിയറില്‍ ഇതുവരെ 168 ഗോളുകളാണ് ഗിഗ്സ് മാഞ്ചസ്റ്ററിനായി നേടിയത്. എന്നാല്‍ നേടിയ ഗോളുകളുടെ എണ്ണക്കണക്കിലല്ല ടീമിനോടുള്ള അചഞ്ചലമായ കൂറിന്റെ പേരിലായിരിക്കും ഗിഗ്സ് എന്നും ഓര്‍മിക്കപ്പെടുക. ജേഴ്സി ഊരിമാറ്റുംപോലെ ക്ലബ്ബ് മാറുന്ന യൂറോപ്യന്‍ ഫുട്ബോള്‍ താരങ്ങള്‍ക്കിടയില്‍ 23 വര്‍ഷം ഒരേ ടീമിനൊപ്പം തുടരുക എന്നത് അത്ര സാധാരണമല്ല. അതുകൊണ്ടു തന്നെയാണ് ഗിഗ്സിനെ മാഞ്ചസ്റ്റര്‍ ഇപ്പോഴും നെഞ്ചോടു ചേര്‍ക്കുന്നത്.

 

 

 

Article Calendar

May 2019
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2