FacebookTwitter

ബ്രസീല്‍ ലോകകപ്പിലെ നഷ്ട മുഖങ്ങള്‍

    User Rating:  / 1
    PoorBest 

അടുത്തവര്‍ഷം ബ്രസീലില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോള്‍ മാമാങ്കത്തില്‍ ആരാധകരെ ആവേശംകൊളിക്കാന്‍ മെസിയും റൊണാള്‍ഡോയും വാന്‍ പേഴ്സിയുമെല്ലാമുണ്ടാകും. എന്നാല്‍ പ്രതിഭകൊണ്ട് ഇവരേക്കാള്‍ ഒട്ടും പിന്നിലല്ലാത്ത ചിലമുഖങ്ങള്‍ ആരാധകര്‍ക്ക് ബ്രസീലില്‍ കാണാനാവില്ല. യോഗ്യതയെന്ന കടമ്പയില്‍ തട്ടി സ്വന്തം ടീം ലോകകപ്പിനെത്താനാകാതെ പോയപ്പോള്‍ ആരാധകര്‍ക്ക് നഷ്ടമാകുന്നത് കാല്‍പ്പന്തിലെ ചില പ്രതിഭകളുടെ ആവേശക്കളികള്‍ കൂടിയാണ്. ഇവരില്ലാതെ ബ്രസീല്‍ ലോകകപ്പ് എങ്ങനെ പൂര്‍ണമാകും? 2014 ബ്രസീല്‍ ലോകകപ്പില്‍ അസാന്നിധ്യംകൊണ്ട് ശ്രദ്ധേയരാവുന്ന അഞ്ചു താരങ്ങള്‍.

കളിക്കളത്തിലെ കളരിപ്പയറ്റുകാരന്‍‍!

ഇബ്ര ഇല്ലാതെ എന്തു ലോകകപ്പ് എന്ന് ആരാധകര്‍ ചിന്തിച്ചാല്‍ അവരെ കുറ്റം പറയാനാവില്ല. കാരണം ഒരു കളരിപ്പയറ്റുകാരന്റെ മെയ് വഴക്കത്തോടെ, കാലിലൊളിപ്പിച്ച മാന്ത്രികതകൊണ്ട് കളിക്കളങ്ങളില്‍ ഇബ്രാഹ്മോവിച്ച് തീര്‍ത്ത വിസ്മയഗോളുകള്‍ അരാധകര്‍ അത്ര പെട്ടെന്നൊന്നും മറക്കാനിടയില്ല. പോയ ദശകത്തിലെ ഏറ്റവും മികച്ച പത്തു ഗോളുകളെടുത്താല്‍ അതില്‍ രണ്ടെണ്ണമെങ്കിലും ഇബ്രയുടെ ബൂട്ടില്‍ നിന്ന് പിറന്നവയാവും. കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ നില്‍ക്കുന്ന 32കാരനായ ഇബ്രയും സ്വീഡനുമില്ലാതെയാവും ഇത്തവണ ലോകകപ്പിന് പന്തുരുളുക എന്നത് ആരാധകരെ തെല്ലൊന്നുമല്ല നിരാശപ്പെടുത്തുന്നത്. ഈ വര്‍ഷം പാരീസ് സെന്റ് ജര്‍മനുവേണ്ടി നാലു ഹാട്രിക്ക് അടക്കം 47 ഗോളുകള്‍ നേടി ഇബ്ര അതു തെളിയിക്കുകയും ചെയ്തു. അപ്രതീക്ഷിത ആംഗിളുകളില്‍ നിന്ന് ഗോള്‍ വലയിലേക്ക് ഊര്‍ന്നിറങ്ങുന്ന ഇബ്ര ഗോളുകള്‍. വെടിയുണ്ട കണക്കെ ഗോള്‍ വല തുളച്ചുകയറുന്ന ഹെഡറുകള്‍ അസാധ്യമെന്ന് കരുതുന്ന വോളികള്‍... കളിക്കളത്തിലെ ഈ കാളക്കൂറ്റന്റെ അഭാവം ബ്രസീല്‍ ലോകകപ്പിന്റെ നഷ്ടങ്ങളിലൊന്നാവുമെന്ന കാര്യത്തില്‍ രണ്ടുപക്ഷമില്ല.

തങ്കത്തിളക്കമുള്ള ബെയ്ല്‍ ബൂട്ടുകള്‍

ഫുട്ബോളിലെ പൊന്നുംവിലയുള്ള കാലുകള്‍ക്കുടമയാണ് ഗരെത് ബെയ്ല്‍ ‍. ടോട്ടനം ഹോട്സ്പറില്‍ നിന്ന് 100 മില്യണ്‍ ഡോളറിന്റെ ലോക റെക്കോര്‍ഡ് തുകയ്ക് റയല്‍ മാഡ്രിഡിലേക്ക് കൂടുമാറിയപ്പോള്‍ നെറ്റിചുളിച്ച പലരെയും പ്രകടനം കൊണ്ട് ബെയ്ല്‍ നിശബ്ദരാക്കിക്കഴിഞ്ഞു. റൊണാള്‍ഡോ വാഴുന്ന റയലില്‍ ഗരെത് ബെയ് ലിന് എന്തു ചെയ്യാന്‍ എന്നു ചോദിച്ചവര്‍ക്ക് മിന്നുംഗോളുകള്‍ കൊണ്ടാണ് ബെയ്ല്‍ മറുപടി നല്‍കിയത്. എന്നാല്‍ വെയില്‍സ് ലോകകപ്പിനില്ലാത്തതിനാല്‍ ബെയ് ലിനെയും ആരാധകര്‍ക്ക് ബ്രസീലില്‍ കാണാനാവില്ല. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനമായി കരിയറില്‍ നേടാവുന്നതെല്ലാം നേടിയെങ്കിലും ഒരു ലോകകപ്പ് പോലും കളിക്കാതെ കളി തുടരുന്ന വെയില്‍സിന്റെ തന്നെ റയാന്‍ ഗിഗ്സിനെപ്പോലെ ഒരു പക്ഷെ ബെയ്ല്‍ വരും ലോകകപ്പുകളുടെയം നഷ്ടമുഖമായേക്കും. അങ്ങനെയാവരുതേ എന്ന് ആരാധകര്‍ അതിയായി ആഗ്രഹിക്കുന്നുണ്ടെങ്കില്‍പ്പോലും.

പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്!

പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുതെന്ന് പറഞ്ഞാല്‍ ഫുട്ബോളിനെ സ്നേഹിക്കുന്നവര്‍ക്ക് അത് അത്ര പെട്ടെന്ന് ദഹിക്കില്ല. കാരണം അവര്‍ക്ക് പോളണ്ടിനെക്കുറിച്ച് മാത്രമല്ല വേറെ ചിലത് കൂടി പറയാനുണ്ട്. റോബര്‍ട്ട് ലെവന്‍ഡോവ്സകി എന്ന മിന്നുംതാരത്തെക്കുറിച്ച്. സമീപകാലത്ത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെപ്പോലും അതിശയിപ്പിച്ച കളിക്കാരന്‍ എന്ന പേര് ആര്‍ക്കെങ്കിലും ചാര്‍ത്തിക്കൊടുക്കാനാവുമെങ്കില്‍ അത് ബൊറൂസിയ ഡോര്‍ട്മുണ്ടിന്റെ റോബര്‍ട്ട് ലെവെന്‍ഡോവസ്കിയല്ലാതെ മറ്റാരുമല്ല. കഴിഞ്ഞ വര്‍ഷം ചാമ്പ്യന്‍സ് ലീഗിന്റെ സെമിഫൈനലില്‍ റൊണാള്‍ഡോ ഉള്‍പ്പെട്ട റയലിനെതിരെ നാലു ഗോളുകള്‍ നേടിയാണ് ലെവന്‍ഡോവ്സകി ആരാധകരെ ഞെട്ടിച്ചത്. ബുണ്ടെസ് ലീഗയില്‍ ബൊറൂസിയക്കായി 63 ഗോളുകള്‍ നേടി ലെവന്‍ഡോവ്സകി തന്റെ വിലയറിയിക്കുകയും ചെയ്തു. പക്ഷേ എന്തുചെയ്യാം?, ഇംഗ്ലണ്ടും യുക്രൈനും മെണ്ടിനെഗ്രോയുമെല്ലാം ഉള്‍പ്പെട്ട കടുപ്പമേറിയ ഗ്രൂപ്പില്‍ പോളണ്ട് നിശബ്ദരായിപ്പോയി.

ഗോള്‍ വലയ്ക്കുമുന്നിലെ ചെക്ക് മേറ്റ്

പീറ്റര്‍ ചെക്ക് ചെല്‍സിയുടെ ഗോള്‍വലയ്ക്കു മുന്നില്‍ തല ഉയര്‍ത്തി നിന്ന് എതിര്‍ സ്ട്രൈക്കര്‍മാര്‍ക്ക് ചെക്ക് മേറ്റ് പറയാന്‍ തുടങ്ങിയിട്ട് ഒരു ദശാബ്ദമായി. കഴിഞ്ഞ യൂറോ കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പോര്‍ച്ചുഗലിനെതിരെ ചെക്ക് ചെക് റിപ്പബ്ലിക്കാനായി നടത്തിയ മിന്നും സേവുകള്‍ ആരാധകര്‍ അത്ര പെട്ടെന്നൊന്നും മറക്കാനിടയില്ല. അവസാനം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ബൂട്ടുകള്‍ക്കു മുമ്പില്‍ മാത്രമാണ് ചെക്കും ചെക്ക് റിപ്പബ്ലിക്കും തലകുനിച്ച് മടങ്ങിയത്. ചെക്ക് കാവല്‍ നില്‍ക്കുന്ന പോസ്റ്റിലേക്ക് നിറയൊഴിക്കുന്നത് തന്നെ സ്ട്രൈക്കറുടെ അധിക യോഗ്യതയായി കാണുന്ന ആരാധകരുണ്ട് യൂറോപ്പില്‍. എന്തായാലും ബ്രസീലിലെത്തുന്ന എതിര്‍ ടീം സ്ട്രൈക്കര്‍മാര്‍ക്ക് ആശ്വസിക്കാം. ചെക്ക് റിപ്പബ്ലിക്കിന്റെ ഗോള്‍ പോസ്റ്റിന് മുന്നില്‍ ചെല്‍സിയുടെ വിശ്വസ്തനായ ഈ കോട്ട കാവല്‍ക്കാരനുണ്ടാവില്ല.

ആ താരോദയം ബ്രസീലുണ്ടാകില്ല!

ലോകകപ്പ് എന്നത് പുത്തന്‍ താരോദയങ്ങളുടെ കൂടി അരങ്ങാണ്. പേരും പെരുമായുമായെത്തുന്ന സൂപ്പര്‍ താരങ്ങള്‍ നിറംമങ്ങുമ്പോള്‍ അപ്രതീക്ഷിതമായി ഉദിച്ചയുരുന്ന ചില താരങ്ങളുണ്ട്. അവരുടെ ചിറകിലേറി കറുത്ത കുതിരകളാകുന്ന ചില ടീമുകളും. ഇത്തവണ ഡെന്‍മാര്‍ക്ക് ലോകകപ്പിന് യോഗ്യത നേടിയിരുന്നെങ്കില്‍ അത്തരമൊരു താരമാകുമായിരുന്നു ക്രിസ്റ്റ്യന്‍ എറിക്സെന്‍ എന്ന 21കാരന്‍. ഡെന്‍മാര്‍ക്കിന്റെ ഭാവി ഇനി എറിക്സന്റെ കാലുകളിലാണ്. തലച്ചോര്‍ കാലിലൊളിപ്പിച്ചാണ് എറിക്സന്‍ കളിക്കുന്നതെന്നാകും ആ കളി കണ്ടാല്‍ തോന്നുക. എന്നാല്‍ ഇറ്റലിയും ചെക്ക് റിപ്പബ്ലിക്കും ഉള്‍പ്പെട്ട ഗ്രൂപ്പില്‍ നിന്ന് ഡെന്‍മാര്‍ക്ക് യോഗ്യതാ നേടാനാവാതെ മടങ്ങിയപ്പോള്‍ ഫുട്ബോള്‍ ലോകം കാത്തിരുന്ന ആ താരോദയം ബ്രസീലിലുണ്ടാവില്ലെന്ന് ഉറപ്പായി.

 

 

 

Article Calendar

May 2019
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2