FacebookTwitter

നമ്മുടെ ക്രീസിലെ നന്മമരം

    User Rating:  / 2
    PoorBest 

ജി ആര്‍ അനുരാജ്

സച്ചിന്‍ എന്ന പ്രതിഭാസം ഭാരതത്തിന്റെ രത്നമായി കളമൊഴിഞ്ഞിരിക്കുന്നു. ഇനിയെന്ത് ക്രിക്കറ്റ്?, എന്ന വികാരമാകും ഇപ്പോള്‍ ആരാധകരുടെ മനസില്‍. സച്ചിന്‍ മടങ്ങുന്നതോടെ ക്രിക്കറ്റ് ലോകത്ത് എന്ന പോലെ എന്റെ മനസിലും ഒരു വലിയ ശൂന്യതയാണ് സൃഷ്ടിക്കപ്പെടുന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കളിയെക്കുറിച്ച് എഴുതുന്ന ഞാന്‍, സച്ചിന്‍ വിരമിക്കുമ്പോള്‍ എന്ത് എഴുതുമെന്ന ശൂന്യത വല്ലാതെ നിഴലിക്കുന്നു. സച്ചിനെക്കുറിച്ച് എന്ത് എഴുതിയാലാണ് മതിയാകുക? എന്നാലും സച്ചിനെക്കുറിച്ച് ഒന്നും ഓര്‍ക്കാതെ പോകുന്നത് ഒട്ടുംശരിയല്ല എന്ന ബോധ്യം വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നു.

1996-ലെ വില്‍സ് ലോകകപ്പ് ക്രിക്കറ്റ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നടക്കുന്നതിന് കുറച്ചുമുമ്പുതന്നെ ക്രിക്കറ്റിനെക്കുറിച്ച് ഗൗരവമായി അറിയുകയും മനസിലാക്കുകയും ചെയ്തിരുന്നു. വില്‍സ് എന്ന സിഗററ്റ് കമ്പനിയെ സ്പോണ്‍സറാക്കിയത് ഇന്ത്യക്കാരെ പുകവലിക്കാരാക്കാനാണോ എന്ന ചിന്തയും മനസിനെ ഉലച്ചിരുന്നു അന്ന്. ഒരു ദിവസം മുഴുവന്‍ നീളുന്ന ക്രിക്കറ്റ് കളി, ജോലിക്ക് പോകുന്ന ഇന്ത്യക്കാരെ മടിയന്‍മാരാക്കുന്നുവെന്ന വിമര്‍ശനവും അക്കാലത്ത് കേട്ടിരുന്നു.  പക്ഷേ, 96 ലോകകപ്പിന് മുമ്പുതന്നെ സച്ചിന്‍ നാട്ടിലെ കളിപ്രേമികള്‍ക്കെല്ലാം ഇഷ്ടതാരമായിരുന്നു.

96 ലോകകപ്പില്‍ ഗ്രൂപ്പ് എയില്‍ വെസ്റ്റിന്‍ഡീസിനെതിരായ മല്‍സരം ഇന്നും ഓര്‍മ്മയില്‍ തിളങ്ങുന്നു. ഗ്വാളിയോറില്‍ വെസ്റ്റിന്‍ഡീസിനെ 173 റണ്‍സിന് പുറത്താക്കിയ ഇന്ത്യ അനായാസജയം പ്രതീക്ഷിച്ചാണ് ബാറ്റിംഗിന് ഇറങ്ങിയത്. കര്‍ട്ട്ലി ആംബ്രോസ്, കോര്‍ട്ട്നി വാല്‍ഷി, ഇയാന്‍ ബിഷപ്പ് തുടങ്ങിയ വമ്പന്‍മാര്‍ക്കെതിരെ ഓപ്പണറായി എത്തിയത് സച്ചിനും അജയ് ജഡേജയും. എന്നാല്‍ സ്കോര്‍ബോര്‍ഡില്‍ രണ്ടു റണ്‍സുള്ളപ്പോള്‍ ജഡേജയുടെയും(ഒരു റണ്‍സ്) അധികംവൈകാതെ സിദ്ദുവിന്റെയും(ഒരു റണ്‍സ്) സ്റ്റംപ് വന്യമായ സൗന്ദര്യത്തോടെ ആംബ്രോസ് തെറിപ്പിച്ചു. എന്നാല്‍ തന്നേക്കാള്‍ ഏറെ ഉയരുമുള്ള കരീബിയന്‍ പേസര്‍മാരുടെ ബൗണ്‍സറുകള്‍ സധൈര്യം നേരിട്ട സച്ചിന്‍ മല്‍സരം ഇന്ത്യയുടെ വരുതിയില്‍ ഉറപ്പിച്ചുനിര്‍ത്തി. അസറുദ്ദീനുമൊത്ത് മൂന്നാം വിക്കറ്റില്‍ സച്ചിന്‍ നേടിയ 79 റണ്‍സാണ് ഇന്ത്യയ്ക്ക് രക്ഷയായത്. മല്‍സരത്തില്‍ 70 റണ്‍സ് നേടിയ സച്ചിനായിരുന്നു ഇന്ത്യയുടെ ടോപ് സ്കോററും മാന്‍ ഓഫ് ദ മാച്ചും. അന്ന് ആംബ്രോസിനെതിരെ കവര്‍ ഡ്രൈവിലൂടെ സച്ചിന്‍ നേടിയ ഒരു ബൗണ്ടറി ഇപ്പോഴും ഓര്‍മ്മയിലുണ്ട്, ഒളിമങ്ങാതെ. ഈ മല്‍സരത്തോടെയാണ് സച്ചിന്‍ ശരിക്കും മനസില്‍ കയറിക്കൂടിയത്.

തുടര്‍ന്ന് ഓസ്ട്രേലിയയ്ക്കെതിരെ 90 റണ്‍സും, ശ്രീലങ്കയ്ക്കെതിരെ 137 റണ്‍സും സെമിയില്‍ നേടിയ 65 റണ്‍സും ഉള്‍പ്പടെ 524 റണ്‍സാണ് സച്ചിന്‍ ആ ലോകകപ്പില്‍ അടിച്ചുകൂട്ടിയത്. പിന്നീട് സച്ചിനും ക്രിക്കറ്റും ഒരു വികാരമായി മാറി. അതിനുശേഷം, ഇന്ത്യന്‍ ടീമിന്റെ കളിയുള്ളപ്പോള്‍ സ്കൂളില്‍ പോകാതിരുന്നതും, പരീക്ഷത്തലേന്ന് പോലും പഠിക്കാതെ ടെലിവിഷന് മുന്നില്‍ ചടഞ്ഞുകൂടിയതുമെല്ലാം സച്ചിന്റെ ബാറ്റിംഗ് കാണാന്‍ മാത്രമായിരുന്നു. അന്നൊക്കെ സച്ചിന്‍ മികച്ച രീതിയില്‍ കളിച്ചിരുന്നെങ്കില്‍ മാത്രമെ ഇന്ത്യ സ്വസ്ഥമായി ഉറങ്ങിയിരുന്നുള്ളു. കാരണം സച്ചിന്‍ പുറത്തായാല്‍ പിന്നാലെ ഘോഷയാത്രപോലെ പവലിയനിലേക്ക് മടങ്ങുന്ന ബാറ്റിംഗ് നിരയായിരുന്നു ഇന്ത്യയുടേത്. പക്ഷേ പിന്നീട് സച്ചിന്‍ നായകനായി എത്തിയപ്പോള്‍ അത് അനാവശ്യമായിപ്പോയില്ലേ എന്നും തോന്നിയിരുന്നു. കാരണം സ്ഥാനപ്പേരു വേണ്ടിയിരുന്നില്ല സച്ചിനെ നായകനായി കാണാന്‍‍. അതിനും എത്രയോ മുന്നേ, ക്രീസില്‍ നിറഞ്ഞാടി യഥാര്‍ഥ നായകനായി മാറിയിരുന്നല്ലോ നൂറുകോടി ജനങ്ങള്‍ക്ക്, സച്ചിന്‍. അതുകൊണ്ടുതന്നെ, സച്ചിന്‍ നായകനായശേഷം കളിച്ച ടൈറ്റന്‍ കപ്പിലെ ഇന്ത്യയുടെ പരാജയത്തിന്റെ ഭാരം മനസില്‍നിന്ന് മാറാന്‍ എത്രയോനാള്‍ വേണ്ടിവന്നു.

2000ല്‍ ഒത്തുകളി വിവാദം ക്രിക്കറ്റിനോടുള്ള ഇഷ്ടത്തില്‍ അല്‍പ്പം കുറവുണ്ടാക്കി. എന്നാല്‍ ഇന്ത്യയുടെ നായകപദവി ഏറ്റെടുത്ത സൗരവ് ഗാംഗുലി പരമ്പരാഗതമായ ടീം സെലക്ഷന്‍ പൊളിച്ചെഴുതി ഒരുപറ്റം ചെറുപ്പക്കാരെ ടീമിലെത്തിച്ചപ്പോള്‍ ടീം ഇന്ത്യ എന്ന പുതിയമുഖം ഇന്ത്യന്‍ ക്രിക്കറ്റ് ആര്‍ജ്ജിച്ചു. സൗരവിന്റെ നിശ്ചയദാര്‍ഢ്യത്തോടും നായകപാടവത്തോടും തോന്നിയ ഇഷ്ടം മനസിലുള്ളപ്പോഴും സച്ചിനോടുള്ള സ്നേഹം ഒട്ടും കുറഞ്ഞിരുന്നില്ല. പിന്നീട് ബൗളര്‍മാരെ അടിച്ചുതകര്‍ക്കുന്ന ശൈലിയുമായി സെവാഗ് കളംനിറഞ്ഞപ്പോള്‍ ഒരിത്തിരി സ്നേഹം വീരുവിനോട് തോന്നാന്‍ കാരണവും സച്ചിനെ അനുസ്മരിപ്പിക്കുന്ന സ്ട്രോക്ക് പ്ലേ കൊണ്ടുകൂടിയായിരുന്നു.

ഒരു ആരാധകന്‍ എന്നതിനപ്പുറം ക്രിക്കറ്റിനെ ഗൗരവതരമായി സമീപിച്ചപ്പോള്‍ ചിലപ്പോഴൊക്കെ സച്ചിനെ വിമര്‍ശിച്ചിട്ടുണ്ട്. സെഞ്ച്വറിയിലേക്കെത്തുമ്പോള്‍ സച്ചിന്‍ മെല്ലപ്പോക്കുകാരനാകുന്നത് വല്ലാതെ അസ്വസ്ഥപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അത് സച്ചിന്റെ തലമുറയിലെ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരുടെ കളിയോടുള്ള മാനസികമായ സമീപനത്തിന്റെ പ്രശ്നം കൂടിയാണെന്ന് പിന്നീട് തിരിച്ചറിഞ്ഞിരുന്നു. സെവാഗിന്റെ വരവോടെയാകും ഒരുപക്ഷെ അത്തരമൊരു സമീപനത്തില്‍ കാതലായ മാറ്റമുണ്ടായത്. ഇത്തരം ചെറിയ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെങ്കിലും സച്ചിനെന്ന പ്രതിഭയുടെ മാറ്റ് ഒട്ടും കുറയ്ക്കുവാന്‍ തയ്യാറായിരുന്നില്ല.

ശ്രീകൃഷ്ണന്‍, മഹാഭാരതം തുടങ്ങിയ പുരാണകഥകള്‍ വായിക്കുകയും ടെലിവിഷനില്‍ കാണുകയും ചെയ്തകാലത്താണ് എന്നേയും സച്ചിന്‍ അവതാരപ്പൊലിമയോടെ ആവേശിക്കുന്നത്.  ശ്രീകൃഷ്ണന്റെ പുനരവതാരമാണോ സച്ചിന്‍ എന്ന് കുഞ്ഞുമനസില്‍ തോന്നിയിരുന്നു. യുദ്ധഭൂമിയില്‍ പകച്ചുനിന്ന പാണ്ഡവരെ കര്‍മ്മം ചെയ്യാന്‍ പ്രചോദിപ്പിച്ച ശ്രീകൃഷ്ണനേയാണ് പലപ്പോഴും മൈതാനത്തെ സച്ചിനില്‍ കണ്ടത്. കളിക്കളത്തിനകത്തും പുറത്തും പ്രതിസന്ധിഘട്ടങ്ങളില്‍ സഹതാരങ്ങള്‍ക്ക് പ്രചോദനമായി എന്നും സച്ചിനുണ്ടായിരുന്നുവല്ലോ?, പാണ്ഡവര്‍ക്ക് ശ്രീകൃഷ്ണനെന്ന പോലെ.

കളിച്ചകാലത്ത് ക്രീസിലും മൈതാനത്തും കളത്തിനുപുറത്തും ഒരു നന്മമരമായിരുന്നു സച്ചിന്‍. ടീമിലെ മുതിര്‍ന്ന താരങ്ങള്‍ക്കും യുവതാരങ്ങള്‍ക്കും പ്രചോദനമായിരുന്ന സച്ചിന്‍ ഇന്ത്യന്‍ ടീമിനെ പ്രതിസന്ധികളില്‍ താങ്ങിനിര്‍ത്തിയിരുന്നു. സച്ചിന്‍ കളി മതിയാക്കുമ്പോള്‍ ഒരു വലിയ നഷ്ടം ഇന്ത്യന്‍ ക്രിക്കറ്റ് അനുഭവിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. നമ്മുടെ ക്രീസിലെ ആ നന്മമരം കളമൊഴിയുമ്പോള്‍ ഒരു പിടി നല്ല ഓര്‍മ്മകള്‍ മാത്രമാണ് മനസൊഴിയാതെ ബാക്കിയുള്ളത്.

വാല്‍ക്കഷ്ണം- അന്നൊക്കെ സച്ചിന്‍ പെട്ടെന്ന് പുറത്താകുന്ന ദിവസങ്ങളില്‍ അസ്വസ്ഥനായി ഉറങ്ങാനാകാതെ കിടന്നിരുന്ന രാത്രികളായിരുന്നു. അതുകൊണ്ടാകണം ഹര്‍ഷ ഭോഗ്ല അന്നുപറഞ്ഞത്, സച്ചിന്‍ നന്നായി കളിച്ചാല്‍ ഇന്ത്യ നന്നായി ഉറങ്ങുമായിരുന്നുവെന്ന്.

 

 

 

Article Calendar

May 2019
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2