FacebookTwitter

ദ്രാവിഡ്: രണ്ടാമൂഴക്കാരന്റെ നിശബ്ദമായ പടിയിറക്കം

    User Rating:  / 4
    PoorBest 

കാണികളുടെ നിറഞ്ഞ കൈയടി ദ്രാവിഡിനും കിട്ടിയിരുന്നെങ്കിലും അതൊരിക്കലും സച്ചിന് ലഭിച്ചതിന്റെ അയലത്തുപോലുമെത്തിയിരുന്നില്ല. അതൊന്നും പക്ഷെ ദ്രാവിഡിനെ അസ്വസ്ഥനാക്കിയില്ല. കാരണം താന്‍ ദൈവമല്ലെന്നും തന്റെ പേര് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്നല്ലെന്നും മറ്റാരേക്കാളും തിരിച്ചറിഞ്ഞിട്ടുള്ളത് ദ്രാവിഡ് തന്നെയാണ്. ഇന്ത്യന്‍ ക്രിക്കറ്റില്‍ എന്നും രണ്ടാമൂഴക്കാരനാകേണ്ടി വന്നെങ്കിലും ക്രിക്കറ്റിനെ സ്നേഹിക്കുന്ന ആരാധകമനസില്‍ ദ്രാവിഡിന്റെ പേര് എന്നും ഒന്നാം സ്ഥാനത്തു തന്നെയായിരിക്കും.


അര്‍ജ്ജുനന് പിന്നില്‍ എന്നും രണ്ടാമൂഴക്കാരനാവേണ്ടിവരുന്ന ഭീമന്റെ വ്യഥകള്‍ എം ടിയുടെ രണ്ടാമൂഴം എന്ന നോവലിലൂടെ നമ്മളറിഞ്ഞിട്ടുണ്ട്. അര്‍ജ്ജുനന്റേയോ യുധിഷ്ഠിരന്റേയോ പിന്നില്‍ എന്നും രണ്ടാമനായി, പിന്തള്ളപ്പെട്ടുപോകുന്ന ഭീമസേനന്‍. യുധിഷ്ഠിരന്റേയും അര്‍ജ്ജുനന്റേയും പാഞ്ചാലിയുടേയും കുന്തിയുടേയും വാക്കുകളെ മൌനമായി അനുസരിക്കാന്‍ മാത്രം പഠിച്ച ഭീമസേനന്‍. അസ്ത്രവിദ്യയില്‍ അര്‍ജ്ജുനനോളം നിപുണനായിട്ടും ഗുരുവായ ദ്രോണരുടെ നിര്‍ബന്ധത്താല്‍ ഗദ കൈയിലേന്തിയ ഭീമസേനന്‍! ആരേയും ഭയക്കാത്ത എന്നാല്‍ ആരെയും ഒരു വാക്കുകൊണ്ടോ നോട്ടം കൊണ്ടുപോലും വേദനിപ്പിക്കാതെ ധീര യോദ്ധാവ്. ഒടുവില്‍ ദുര്യോധനനെ മലര്‍ത്തിയടിച്ച് പാണ്ഡവപ്പടയുടെ വിജയകാഹളം മുഴക്കിയവന്‍. വിശേഷണങ്ങള്‍ക്ക് അതീതനായിരുന്നു എം ടിയുടെ ഭീമസേനന്‍.

ഇന്ത്യന്‍ ക്രിക്കറ്റിലും ഉണ്ട് എം ടിയുടെ ഭീമനെപ്പോലെ വിശേഷണങ്ങള്‍ക്കൊണ്ട് വിവരിക്കാനാകാത്ത ഒരു രണ്ടാമൂഴക്കാരന്‍. മത്സര ക്രിക്കറ്റില്‍ നിന്ന് എന്നേന്നേക്കുമായി പാഡഴിച്ച രാഹുല്‍ ദ്രാവിഡ്. അരങ്ങേറ്റ മത്സരം മുതല്‍ ഇന്ത്യന്‍ വിജയങ്ങളില്‍ എന്നും രണ്ടാമൂഴക്കരാനാകേണ്ടി വന്ന ദ്രാവിഡിന് വിരമിക്കുന്ന ദിവസം പോലും തന്റെ തലേവര മാറ്റിയെഴുതാനായില്ല. മുമ്പ് പലപ്പോഴുമെന്നപോലെ വിടവാങ്ങല്‍ മത്സരത്തിലും ദ്രാവിഡ് സച്ചിന്റെ നിഴലായി ഒതുങ്ങി. മുംബൈ ഇന്ത്യന്‍സില്‍ നിന്നുള്ള സച്ചിന്റെ വിടവാങ്ങലും മത്സര ക്രിക്കറ്റില്‍ സച്ചിന്‍, 50,000 റണ്‍സ് തികച്ചുമെല്ലാം മാധ്യമങ്ങള്‍ ആഘോഷമാക്കിയപ്പോള്‍ ആരോടും പരാതിയോ പരിഭവമോ ഇല്ലാതെ ഇന്ത്യയുടെ വന്‍മതില്‍ നിശബ്ദമായി പാഡഴിച്ചു.

നിഴല്‍ത്താരം
കുട്ടി ക്രിക്കറ്റില്‍പ്പോലും ക്രീസില്‍ ഇനിയൊരു വന്‍മതില്‍ ഉയരില്ലെന്നത് ക്രിക്കറ്റിനെ സ്നേഹിക്കുന്ന ഏതൊരു ആരാധകന്റേയും ഇടനെഞ്ചിലെ നീറ്റലായി അവശേഷിക്കും. അരങ്ങേറ്റം മുതല്‍ ധരിക്കുന്നതാണ് ദ്രാവിഡ് ഈ രണ്ടാമൂഴക്കാരന്റെ തൊപ്പി. കൃത്യമായി പറഞ്ഞാല്‍ 1996ല്‍ ഇംഗ്ലണ്ടിനെതിരെ ടെസ്റ് ക്രിക്കറ്റില്‍ അരങ്ങേറിയതുമുതല്‍. അന്ന് ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 344 റണ്‍സിന് മുന്നില്‍ ഇന്ത്യ 202/5 എന്ന നിലയില്‍ വിയര്‍ക്കുമ്പോള്‍ അരങ്ങേറ്റക്കാരായ രണ്ടുപേരായിരുന്നു ഇന്ത്യയുടെ കൈപിടിച്ചുയര്‍ത്തിയത്. ഒരാള്‍ ഗാംഗുലിയായിരുന്നു. മറ്റേയാള്‍ സ്വാഭാവികമായും ദ്രാവിഡും. അന്ന് ദ്രാവിഡിന് അഞ്ചു റണ്‍സകലെ അരങ്ങേറ്റത്തിലെ സെഞ്ചുറി നഷ്ടമായപ്പോള്‍ 131 റണ്‍സെടുത്ത സൌരവ് ഗാംഗുലി അരങ്ങേറ്റത്തിലെ സെഞ്ചുറിയുമായി വാര്‍ത്തകളിലെ താരമായി. നിര്‍ഭാഗ്യം കൊണ്ട് നഷ്ടമായ ആ സെഞ്ചുറിയുടെ ഭാഗ്യദോഷം കരിയറിലുടനീളം പിന്നീട് ദ്രാവിഡിനെ പിന്തുടര്‍ന്നു.

പിന്നീട് ഒന്നരദശാബ്ദത്തോളം ഇന്ത്യന്‍ ക്രിക്കറ്റിലെ വന്‍മതിലായി ഉയര്‍ന്നുനിന്നപ്പോഴാകട്ടെ കൂടെയുണ്ടായ പലരും ആ മതിലില്‍ ചാരിനിന്ന് പേരും പെരുമയുംമെല്ലാം ബാറ്റ് കൊണ്ട് അടിച്ചെടുത്തു. സെവാഗ്, ഗംഭീര്‍, ലക്ഷ്മണ്‍, സച്ചിന്‍, ഗാംഗുലി, ധോണി അങ്ങനെ ഒരറ്റത്ത് പേരുകളും പെരുമകളും മാറിമാറി വന്നപ്പോഴും ക്രീസിന്റെ മറ്റേ അറ്റത്ത് പരിഭവമോ പരാതിയോ ഇല്ലാതെ ദ്രാവിഡ് നിശബ്ദ പോരാട്ടം തുടര്‍ന്നു. ഓസ്ട്രേലിയന്‍ യാഗാശ്വത്തെ പിടിച്ചുകെട്ടി വി വി എസ് ലക്ഷ്മണ്‍ കൊല്‍ക്കത്തയില്‍ ഇന്ത്യന്‍ ക്രിക്കറ്റിന് പുതിയ ദിശാബോധം നല്‍കിയപ്പോള്‍ അവിടേയും ദ്രാവിഡ് രണ്ടാമൂഴക്കരനായി. ടെസ്റ് ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഇന്നിംഗ്സുകളിലൊന്ന് ലക്ഷ്മണ്‍ കൊല്‍ക്കത്തയില്‍ കാഴ്ചവെച്ചപ്പോള്‍ 183 റണ്‍സുമായി പുറത്താകാതെ നിന്ന് ഒരറ്റം കാത്തത് ദ്രാവിഡായിരുന്നുവെന്നത് അധികമാരും ഓര്‍ക്കാത്ത ചരിത്രം.

കാണാതെ പോയ നേരുകള്‍
കണക്കിന്റെ കളിയായ ക്രിക്കറ്റില്‍ എങ്ങനെ കൂട്ടിയാലും കുറച്ചാലും സച്ചിന്‍ എന്ന പേരുമാത്രം നിറഞ്ഞുനിന്നപ്പോള്‍ മറ്റേതൊരു ഇന്ത്യന്‍ ബാറ്റ്സ്മാനേക്കാളും (സാക്ഷാല്‍ സച്ചിനേക്കാള്‍ കൂടുതല്‍)ഇന്ത്യന്‍ വിജയങ്ങളില്‍ ഏറ്റവുമധികം സംഭാവന നല്‍കിയ കളിക്കാരന്‍ ദ്രാവിഡായിരുന്നുവെന്ന യാഥാര്‍ഥ്യത്തിനുനേരെയും വിദേശവിജയങ്ങളില്‍ സച്ചിനേക്കാള്‍ സംഭാവന നല്‍കിയത് ദ്രാവിഡായിരുന്നുവെന്ന സത്യത്തിനുനേരെയും ആരാധകര്‍ പോലും കണ്ണടച്ചു.

ഹെലികോപ്റ്റര്‍ ഷോട്ടുകളുമായി ധോണിമാരും ഗെയ്ലുമാരുമെല്ലാം അരങ്ങുവാഴുന്ന ഏകദിന ക്രിക്കറ്റില്‍ പരമ്പരാഗതശൈലിയില്‍ ബാറ്റുവീശുന്ന താന്‍ ഒരു അധികപ്പറ്റാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ സ്വയം പാഡഴിച്ചു. ആരും നിര്‍ബന്ധിക്കാതെ തന്നെ. അതിനിടെ ഓപ്പണറായും വിക്കറ്റ് കീപ്പറായും ക്യാപ്റ്റന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പലവേഷങ്ങള്‍ കെട്ടിയാടി. പരിഭവങ്ങളോ പരാതികളോ ഇല്ലാതെ.

മാന്യതയുടെ പത്തരമാറ്റ്
ഐപിഎല്‍ എന്ന ചെറുപൂരത്തിലെത്തിയപ്പോള്‍ വമ്പനടിക്കാരായ ഗെയ്ലിനും ഡിവില്ലിയേഴ്സിനുമെല്ലാം വേണ്ടി മദ്യരാജാവ് വിജയ് മല്യയുടെ ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്സ് ടീമില്‍ നിന്ന് തഴഞ്ഞപ്പോഴും പരിഭവമൊന്നുംകൂടാതെ രാജസ്ഥാന്‍ റോയല്‍സെന്ന ശരാശരിക്കാരുടെ സംഘത്തിലേക്ക് ദ്രാവിഡ് കൂടുമാറി. മാന്യന്‍മാരുടെ കളിയായ ക്രിക്കറ്റില്‍ സ്വതവേ മാന്യനെന്ന് അറിയപ്പെടുന്ന സച്ചിന്റെ ജേഴ്സിയില്‍പ്പോലും ഒരിക്കല്‍ പന്തു ചുരണ്ടലിന്റേയും പിന്നീടൊരിക്കല്‍ ഹര്‍ഭജന് വേണ്ടി വക്കാലത്ത് പറഞ്ഞതിന്റേയുമെല്ലാം കറ പുരണ്ടപ്പോള്‍ എത്ര ചുരണ്ടിയാലും മാന്യതയുടെ പത്തരമാറ്റ് മാത്രം തെളിച്ച് ദ്രാവിഡ് അവിടെയും വ്യത്യസ്തനായി. ഒത്തുകളിയുടെ ചെളിക്കുളമായ ഐപിഎല്‍ എന്ന കുട്ടിക്രിക്കറ്റിലെത്തിയപ്പോഴാകട്ടെ ആ ചെളിക്കുണ്ടിലും വിരിഞ്ഞ താമരയായി ദ്രാവിഡ്.

ടീമിന്റെ നട്ടെല്ലായിരിക്കുമ്പോഴും ഒരിക്കലും അനിവാര്യനെന്ന പദവി ദ്രാവിഡ് ആഗ്രഹിച്ചില്ല. ഓപ്പണര്‍ മുതല്‍ അവസാനം കളിച്ച ചാമ്പ്യന്‍സ് ലീഗ് ട്വന്റി20 ഫൈനലില്‍ എട്ടാമനായി വരെ ദ്രാവിഡ് ക്രീസിലെത്തിയത് തന്നെ ഇതിന്റെ ഏറ്റവും വലിയ ഉദാഹരണം. ചാമ്പ്യന്‍സ് ലീഗ് ജയത്തിനുശേഷം സച്ചിനെന്ന വിഗ്രഹത്തെ തോളിലേറ്റി മുംബൈ താരങ്ങള്‍ ഫിറോസ് ഷാ കോട്ലയില്‍ ആഘോഷത്തിന്റെ ശീവേലി തീര്‍ത്തപ്പോള്‍ ദ്രാവിഡ് നിശബ്ദ കാഴ്ചക്കാരനായി.

കാണികളുടെ നിറഞ്ഞ കൈയടി ദ്രാവിഡിനും കിട്ടിയിരുന്നെങ്കിലും അതൊരിക്കലും സച്ചിന് ലഭിച്ചതിന്റെ അയലത്തുപോലുമെത്തിയിരുന്നില്ല. അതൊന്നും പക്ഷെ ദ്രാവിഡിനെ അസ്വസ്ഥനാക്കിയില്ല. കാരണം താന്‍ ദൈവമല്ലെന്നും തന്റെ പേര് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്നല്ലെന്നും മറ്റാരേക്കാളും തിരിച്ചറിഞ്ഞിട്ടുള്ളത് ദ്രാവിഡ് തന്നെയാണ്. ഇന്ത്യന്‍ ക്രിക്കറ്റില്‍ എന്നും രണ്ടാമൂഴക്കാരനാകേണ്ടി വന്നെങ്കിലും ക്രിക്കറ്റിനെ സ്നേഹിക്കുന്ന ആരാധകമനസില്‍ ദ്രാവിഡിന്റെ പേര് എന്നും ഒന്നാം സ്ഥാനത്തു തന്നെയായിരിക്കും.

ക്രീസിലെ ദ്രാവിഡ്: അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ കാണുക 

 

 

Article Calendar

May 2019
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2