FacebookTwitter

റാഫേല്‍ നദാല്‍ എന്ന ടെന്നീസ് വിസ്മയം

    User Rating:  / 1
    PoorBest 

ജി ആര്‍ അനുരാജ്

1981ല്‍ ഇതിഹാസ താരം ബോണ്‍ ബോര്‍ഗ് ആറാം ഫ്രഞ്ച് ഓപ്പണ്‍ നേടുമ്പോള്‍ ആ നേട്ടം ആരും മറികടക്കില്ലന്നായിരുന്നു കളി എഴുത്തുകാരും വിദഗ്ദ്ധരും ഒരേ ശബ്ദത്തില്‍ പറഞ്ഞത്. അതിന് കാരണവുമുണ്ട്, സാധാരണ കോര്‍ട്ടുകളിലും പുല്‍ക്കോര്‍ട്ടുകളിലും തിളങ്ങുന്ന ഇതിഹാസതാരങ്ങള്‍ക്ക് കളിമണ്‍ കോര്‍ട്ട് ബാലികേറാ മലയാണ്. കട്ടിയേറിയ കളിമണ്‍ പ്രതലത്തില്‍ തിളങ്ങണമെങ്കില്‍ പ്രതിഭയ്ക്കൊപ്പം കരുത്തും വേഗതയും വേണം. അതിന് ഇപ്പുറം ജിമ്മി കോണേഴ്സ്, പീറ്റ് സാംപ്രസ്, ആന്ദ്രേ അഗാസി, റോജര്‍ ഫെഡറര്‍ എന്നിവരൊക്കെ ടെന്നീസില്‍ കളംവാണെങ്കിലും പാരിസിലെ കളിമണ്‍ കോര്‍ട്ടുകളില്‍ അവര്‍ക്കെല്ലാം കാലിടറി. റോളണ്ട് ഗാരോസില്‍ ബോര്‍ഗ് ആറാം ചരിത്രമെഴുതിയതിനും അഞ്ചുവര്‍ഷം ഇപ്പുറത്തായിരുന്നു റാഫേല്‍ നദാല്‍ പെരേരയുടെ ജനനം. ബോര്‍ഗിന്റെ കഥ പറയുന്നതിന്റെ ഇടയില്‍ എന്തിനാണ് നദാല്‍ വന്നത് എന്നല്ലേ? 2005 മുതല്‍ 2013 വരെയുള്ള ഒമ്പതു സീസണുകള്‍ക്കിടയില്‍ 2009ല്‍ മാത്രമാണ് നദാലിന് ഫ്രഞ്ച് ഓപ്പണ്‍ കിട്ടായതായത്. അതായത് എട്ടുതവണയും നദാല്‍ റോളണ്ട് ഗാരോസില്‍ രാജാവായി. അപ്പോള്‍ അന്നത്തെ വിലയിരുത്തലുകള്‍ അപ്രസക്തമായില്ലേ? അതാണ് ടെന്നീസില്‍ നദാല്‍ എന്ന വിസ്മയം.

ബിസിനസുകാരനായ അച്ഛന്റെ മകനായി ജയിച്ച നദാല്‍ കുഞ്ഞുനാള്‍ മുതല്‍ കോര്‍ട്ടിലിറങ്ങി. അമ്മാവന്‍ ടോണിയാണ് നദാലിനെ ടെന്നീസിലേക്ക് ആനയിച്ചത്. അതും നാലാം വയസില്‍. കളിയുടെ ബാലപാഠങ്ങള്‍ പകര്‍ന്നു നല്‍കിയ അമ്മാവന്‍ മാതാപിതാക്കളേക്കാള്‍ ഏറെ സമയം കുഞ്ഞു നദാലിനൊപ്പം ചെലവഴിച്ചു. എന്തിലും ഏതിലും ടെന്നീസ് മാത്രമായിരുന്നു നദാലിന് അമ്മാവന്‍ നല്‍കിയത്. 2002ല്‍ വിംബിള്‍ഡണ്‍ ജൂനിയര്‍ വിഭാഗം സെമിയില്‍ എത്തുന്നതുവരെ അമ്മാവന്‍ നദാലിനൊപ്പം തന്നെയുണ്ടായിരുന്നു. പ്രൊഫഷണല്‍ ടെന്നീസ് താരമായി നദാല്‍ മാറുമ്പോഴും പരിശീലകനായി അമ്മാവന്‍ തന്നെയായിരുന്നു ഒപ്പമുണ്ടായിരുന്നത്. 2005ല്‍ റോളണ്ട് ഗാരോസില്‍ ഫ്രഞ്ച് ഓപ്പണ്‍ ഉയര്‍ത്തിയതോടെയാണ് ടെന്നീസില്‍ സ്പാനിഷ് വിപ്ലവകാവ്യം രചിച്ച് നദാല്‍ അരങ്ങേറുന്നത്. നദാലിന്റെ ദേശമായ മയ്യോര്‍ക്കയില്‍ നിന്ന് മറ്റൊരു ടെന്നീസ് താരം വര്‍ഷങ്ങള്‍ക്ക് മുമ്പ് രംഗത്തുണ്ടായിരുന്നു, സാംപ്രസും അഗാസിയും തിളങ്ങിനിന്ന കാലത്ത് അവര്‍ക്കൊപ്പം കളിച്ചിരുന്ന കാര്‍ലോസ് മോയ എന്ന താരം. എന്നാല്‍ അധികം നേട്ടങ്ങളൊന്നും കൈവരിക്കാനാകാതെ മോയയുടെ കരിയര്‍ അവസാനിച്ചു. എന്നാല്‍ മയ്യോര്‍ക്ക ദേശത്തിന്റെ പെരുമ ടെന്നീസിന്റെ ലോകനെറുകയില്‍ കുറിക്കാന്‍ നദാല്‍ അവതരിച്ചു.അമ്മാവന്‍ കളി പഠിപ്പിച്ചെങ്കിലും ഒരു പ്രൊഫഷണല്‍ പ്ളെയര്‍ ഒന്നുമല്ലായിരുന്നു. മറ്റൊരു അമ്മാവനായ മിഗുവേല്‍ ഏഞ്ചല്‍ നദാല്‍ സ്പാനിഷ് ദേശീയ ഫുട്ബോള്‍ ടീം അംഗമായിരുന്നു എന്നതായിരുന്നു നദാല്‍ കുടുംബത്തിന്റെ കായികപാരമ്പര്യം. ബാഴ്സലോണയിലും മയ്യോര്‍ക്കയിലും കളിച്ച മിഗുവേല്‍ മൂന്നു ലോകകപ്പുകളിലും സ്പെയിനിനെ പ്രതിനിധീകരിച്ചു. മിഗുവേലിന്റെ കായികപാരമ്പര്യമാണ് റാഫ എന്ന ഇരട്ടപ്പേരില്‍ അറിയപ്പെടുന്ന നദാല്‍ പേറുന്നത്. 2005 മുതല്‍ 2008 വരെ ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടിയ നദാലിന് പക്ഷെ മറ്റു കിരീടങ്ങള്‍ വരുതിയില്‍ വന്നില്ല. 2006ലും 2007ലും വിംബിള്‍ഡണ്‍ ഫൈനല്‍ കളിച്ചുകൊണ്ട് നദാല്‍ നയം വ്യക്തമാക്കിത്തുടങ്ങി. അക്കാലത്ത് ടെന്നീസ് ലോകം അടക്കിഭരിച്ച റോജര്‍ ഫെഡറര്‍ എന്ന സ്വിസ് വിസ്മയം പതുക്കെ നദാലിന് മുന്നില്‍ കളി മറക്കുന്ന കാഴ്ചയാണ് കണ്ടത്. 2008ല്‍ ഫ്രഞ്ച് ഓപ്പണിനൊപ്പം വിംബിള്‍ഡണും 2009ല്‍ ഓസ്ട്രേലിയന്‍ ഓപ്പണും നദാല്‍ സ്വന്തമാക്കി. എന്നാല്‍ 2009ല്‍ ഏറ്റവും പ്രിയപ്പെട്ട ഫ്രഞ്ച് ഓപ്പണില്‍ മൂന്നാം റൗണ്ടില്‍ കാലിടറി.

എന്നാല്‍ തൊട്ടടുത്ത വര്‍ഷം ഫ്രഞ്ച് ഓപ്പണും വിംബിള്‍ഡണും യു എസ് ഓപ്പണും നേടി നദാല്‍ അപ്രമാദിത്വം ഉറപ്പിച്ചു. അപ്പോഴേക്കും ഫെഡറര്‍ മങ്ങിത്തുടങ്ങുകയും നൊവാക് ദ്യോക്കോവിച്ച് ആന്‍ഡി മുറെ എന്നിവര്‍ മുഖ്യധാരയിലേക്ക് എത്തിയിരുന്നു. 2010 മുതല്‍ ഇങ്ങോട്ട് രണ്ടുതവണ മാത്രമാണ് ഫെഡറര്‍ ഗ്രാന്‍ സ്ലാം കിരീടം നേടിയിട്ടുള്ളത്. 2010ലെ ഓസ്ട്രേലിയന്‍ ഓപ്പണും 2012ലെ വിംബിള്‍ഡണും നേടിയ ഫെഡറര്‍ക്ക് 2011, 2013 വര്‍ഷങ്ങള്‍ ഗ്രാന്‍സ്ലാം കിട്ടാക്കനിയായി മാറി. ഫെഡററുടെ വീഴ്ച ശരിക്കും മുതലാക്കിയത് ദ്യോക്കോവിച്ചാണ്. 2011 മുതല്‍ 2013 വരെ അഞ്ചു ഗ്രാന്‍സ്ലാം കിരീടങ്ങളാണ് ദ്യോക്കോവിച്ച് സ്വന്തമാക്കിയത്. എന്നാല്‍ ഇടയ്ക്കിടെ പരിക്ക് വില്ലനായെങ്കിലും സ്ഥിരതയാര്‍ന്ന പ്രകടനങ്ങളുമായി നദാല്‍ കളി തുടര്‍ന്നു. കാല്‍മുട്ടിലെ ശസ്ത്രക്രിയയെത്തുടര്‍ന്ന് കഴിഞ്ഞവര്‍ഷത്തെ യു എസ് ഓപ്പണും ഈ വര്‍ഷത്തെ ഓസ്ട്രേലിയന്‍ ഓപ്പണും നദാലിന് നഷ്ടമായി. എന്നാല്‍ ആറുമാസത്തോളം വിട്ടുനിന്ന ശേഷം തിരിച്ചെത്തിയ നദാലിന് മൂര്‍ച്ച ഒട്ടും കുറവുണ്ടായിരുന്നില്ല. മടങ്ങിവരവില്‍ ബ്രസീലിയന്‍ ഓപ്പണ്‍ നേടിയ നദാല്‍ ഇന്ത്യന്‍ വെല്‍സില്‍ ഫെഡററെ കീഴടക്കിയാണ് കിരീടം നേടിയത്. പിന്നീട് ഫ്രഞ്ച് ഓപ്പണില്‍ നദാലിന്റെ ഗ്രാന്‍സ്ലാം ജൈത്രയാത്ര പുനഃരാരംഭിച്ചു. സെമിയില്‍ മാരത്തോണ്‍ മല്‍സരത്തില്‍ ദ്യോക്കോവിച്ചിനെ മറികടന്ന നദാല്‍ ഫൈനലില്‍ ഡേവിഡ് ഫെററെയാണ് കീഴടക്കിയത്. സെമിയില്‍ ആദ്യ രണ്ടു സെറ്റുകളും നഷ്ടമായശേഷം മൂന്നു സെറ്റുകള്‍ നേടി തിരിച്ചുവന്ന നദാലിന്റെ പോരാട്ടവീര്യം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.

എന്നാല്‍ വിംബിള്‍ഡണിലെ ആദ്യ റൗണ്ടില്‍ പുറത്തായത് നദാലിനെയും ആരാധകരെയും നിരാശരാക്കി. യു എസ് ഓപ്പണില്‍ നദാലിന്റെ മറ്റൊരു മുഖമാണ് കാണാനായത്. ഒടുവില്‍ ദ്യോക്കോവിച്ചിനെ തറപറ്റിച്ച് കിരീടവും നേടി. നാലു സെറ്റു നീണ്ടുനിന്ന പോരാട്ടത്തില്‍ രണ്ടാം സെറ്റില്‍ മാത്രമാണ് നദാല്‍ മങ്ങിപ്പോയത്. എന്നാല്‍ പൊതുവെ വിലയിരുത്തിയാല്‍ ഏറെക്കുറെ ആധിപത്യത്തോടെയുള്ള വിജയം തന്നെയാണ് നദാല്‍ ഫ്ലെഷിംഗ് മെഡോസില്‍ നദാല്‍ കൈവരിച്ചത്. പതിമൂന്നാം ഗ്രാന്‍സ്ലാം കിരീടം എന്ന നേട്ടം കൈവരിച്ച നദാലിന്റെ രണ്ടാം യു എസ് ഓപ്പണ്‍ കിരീടമായിരുന്നു ഇത്. എട്ടുതവണ ഫ്രഞ്ച് ഓപ്പണും രണ്ടുതവണ വിംബിള്‍ഡണും ഒരു തവണ ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടവും സ്വന്തമാക്കിയ നദാലിന് മുന്നില്‍ ഇനിയും കിരീടങ്ങള്‍ ഏറെ കാത്തിരിക്കുകയാണ്. കളിയില്‍ തീരെ നിറംമങ്ങിയ ഫെഡററുടെ 18 ഗ്രാന്‍സ്ലാം എന്ന നേട്ടം തന്നെയാകും നദാലിന് മുന്നില്‍ ആത്യന്തികമായി ഉണ്ടാകുക. ഇപ്പോഴത്തെ മികവ് മൂന്നു-നാല് വര്‍ഷം തുടര്‍ന്നെങ്കില്‍ മാത്രമെ ആ നേട്ടം നദാലിന് സ്വന്തമാക്കാനാകു. ഏതായാലും ആരാധകര്‍ കാത്തിരിക്കുകയാണ്, റാഫ കൂടുതല്‍ ഉയരങ്ങളിലെത്തുന്നത് കാണാന്‍...

 

 

 

Article Calendar

May 2019
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2