FacebookTwitter

രഞ്ജിത്ത് മഹേശ്വരിയെ അപമാനിച്ചത് എന്തിന്?

    User Rating:  / 1
    PoorBest 

ജി ആര്‍ അനുരാജ്

ഇന്ത്യന്‍ കായികരംഗത്തിന് അതുല്യമായ സംഭാവനകള്‍ നല്‍കിയിട്ടുള്ള സംസ്ഥാനമാണ് കേരളം. പ്രത്യേകിച്ചും അത്ലറ്റിക്സില്‍. പി ടി ഉഷ ഉള്‍പ്പടെ ഒട്ടനവധി അഭിമാന താരങ്ങളെ നമുക്ക് എടുത്തുകാട്ടാനുണ്ട്. കഴിഞ്ഞകുറെ വര്‍ഷങ്ങളായി വിവിധ തലങ്ങളില്‍ ദേശീയ അത്ലറ്റിക് മീറ്റുകളിലും ഗെയിംസിലുമൊക്കെ കേരളം പുലര്‍ത്തുന്ന അധീശത്വം ചോദ്യം ചെയ്യപ്പെടാത്തതാണ്. എന്നിട്ടും രാഷ്ട്രീയക്കാര്‍ നിയന്ത്രിക്കുന്ന കായിക ഭരണം കേരളത്തെ തുടര്‍ച്ചയായി തഴഞ്ഞുകൊണ്ടിരിക്കുന്നു. വോളിബോള്‍ താരം ടോം ജോസഫിന് വര്‍ഷങ്ങളായി അര്‍ജുന പുരസ്ക്കാരം നിഷേധിക്കുന്ന കായിക മേലാധികാരികള്‍ ഇപ്പോഴിതാ രഞ്ജിത്ത് മഹേശ്വരിക്ക് പ്രഖ്യാപിക്കപ്പെട്ട അര്‍ജുന പുരസ്ക്കാരം തിരിച്ചെടുത്തിരിക്കുന്നു. പുരസ്ക്കാരം സ്വീകരിക്കാന്‍ കുടുംബത്തെ ഉള്‍പ്പടെ വിളിച്ചുവരുത്തിയിട്ടാണ് ഒരു മലയാളി താരത്തെ അവസാന നിമിഷം ഇത്തരത്തില്‍ അപമാനിച്ചിരിക്കുന്നത്. രാജ്യത്തിന് വേണ്ടി നിരവധി തവണ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച കായിക താരത്തെയാണ് ഇലയിട്ട് ചോറ് വിളമ്പിയിട്ട് അത് കഴിക്കാന്‍ നല്‍കാതെ എഴുന്നേല്‍പ്പിക്കുന്നത്. ഉത്തരേന്ത്യന്‍ ലോബികള്‍ നിയന്ത്രിക്കുന്ന കായിക ഭരണാധികാരികള്‍ വര്‍ഷങ്ങളായി കേരളത്തോട് കാട്ടുന്ന ചിറ്റമ്മ നയത്തിന്റെ ഒടുവിലത്തെ ഉദാഹരമാണ് ഈ സംഭവം.

പുരുഷന്‍മാരുടെ ട്രിപ്പിള്‍ ജംപില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഏഷ്യന്‍ തലത്തിലും അന്തര്‍ദ്ദേശീയ തലത്തിലും ഇന്ത്യയുടെ മേല്‍വിലാസമാണ് രഞ്ജിത്ത് മഹേശ്വരി എന്ന കോട്ടയത്തുകാരന്‍. സ്കൂള്‍ തലത്തിലും ജൂനിയര്‍ തലത്തിലും ശ്രദ്ധേയമായ പ്രകടനത്തോടെയാണ് രഞ്ജിത്ത് ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. 2006ലെ ഏഷ്യന്‍ ഗെയിംസില്‍ നാലാം സ്ഥാനം നേടിയ രഞ്ജിത്ത് തൊട്ടടുത്ത വര്‍ഷത്തെ ഏഷ്യന്‍ അത്ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം കരസ്ഥമാക്കി. അതേ വര്‍ഷം നടന്ന ലോക ചാംപ്യന്‍ഷിപ്പില്‍ മല്‍സരിച്ചെങ്കിലും ഫൈനലിലെത്താനായില്ല. ബീജിംഗ്, ലണ്ടന്‍ ഒളിംപിക്സുകളില്‍ പങ്കെടുത്തെങ്കിലും സ്വന്തം കഴിവിനൊപ്പം ഉയരാന്‍ ഈ വലിയ വേദികളില്‍ രഞ്ജിത്തിന് സാധിച്ചില്ല.

2008ല്‍ ബിജീംഗ് ഒളിംപിക്സില്‍ 15.77 മീറ്റര്‍ മാത്രമാണ് രഞ്ജിത്തിന് ചാടാനായത്. അതേവര്‍ഷം കൊച്ചിയില്‍ നടന്ന ദേശീയ ഓപ്പണ്‍ അത്ലറ്റിക്സിലാണ് രഞ്ജിത്ത് മഹേശ്വരി ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് പിടിക്കപ്പെട്ടത്. ആറു മാസത്തെ സസ്പെന്‍ഷന് ശേഷം കരുത്ത് ചോരാതെ തിരിച്ചുവന്ന രഞ്ജിത്ത് പിന്നെയും ദേശീയതലത്തിലും മറ്റും ശ്രദ്ധേയ പ്രകടനങ്ങള്‍ കാഴ്ചവെച്ചു. 2010ല്‍ ദില്ലിയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ദേശീയ റെക്കോര്‍ഡോടെ വെങ്കലം നേടിയ രഞ്ജിത്ത് ഇന്ത്യന്‍ അത്ലറ്റിക്സില്‍ ഒരിക്കല്‍ക്കൂടി ശ്രദ്ധേയ പ്രകടനം നടത്തി. എന്നാല്‍ ലണ്ടന്‍ ഒളിംപിക്സില്‍ മൂന്നു തവണ ഫൗളുകള്‍ വരുത്തിയത് നാണക്കേടായി മാറി.

ഈ വര്‍ഷത്തെ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയത് പരിഗണിച്ചാകും അര്‍ജ്ജുന അവാര്‍ഡിന് അദ്ദേഹത്തെ പരിഗണിച്ചത്. ഒളിംപിക്സും ലോക ചാംപ്യന്‍ഷിപ്പുമൊക്കെ കഴിഞ്ഞാല്‍ ഏറെ പ്രധാന്യമുള്ള കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി നേടിയപ്പോള്‍ രഞ്ജിത്തിന് അര്‍ജ്ജുന പുരസ്ക്കാരം നല്‍കേണ്ടതായിരുന്നു. എന്നാല്‍ അതിനും മൂന്നു വര്‍ഷത്തിനിപ്പുറം പുരസ്ക്കാരം നല്‍കാനായി തിരഞ്ഞെടുത്തിട്ട്, അഞ്ചുവര്‍ഷമുമ്പുള്ള ഉത്തേജകമരുന്ന് വിവാദം ഇപ്പോള്‍ കുത്തിപ്പൊക്കുന്നതില്‍ എന്ത് ന്യായീകരണമാണുള്ളത്. ഇത്തരം നടപടികള്‍ ഇന്ത്യന്‍ കായികരംഗത്തിന് ശുഭസൂചനയല്ല നല്‍കുന്നത്. വളര്‍ന്നുവരുന്ന കായികതാരങ്ങളുടെ ആത്മവിശ്വാസം തല്ലിക്കൊഴിക്കാനെ ഇത്തരം ഹീന നടപടികള്‍ ഉപകരിക്കൂ. കായികസംഘടനകളെ കറവപ്പശുവായി കരുതി, അതിന്റെ തലപ്പത്തേക്ക് കടന്നുവരുന്ന രാഷ്ട്രീയക്കാരുടെ ഇത്തരം നടപടികള്‍ കായികമേഖലയുടെ തകര്‍ച്ചയ്ക്ക് തന്നെ കാരണമാകും. ഇത്രയധികം ജനങ്ങളുള്ള ഒരു രാജ്യത്തിന് എന്തുകൊണ്ട് ലോക കായിക ഭൂപടത്തില്‍ സ്വന്തം ഇടം കണ്ടെത്താനാകുന്നില്ല എന്ന ചോദ്യത്തിനുള്ള ഏറ്റവും ഉചിതമായ ഉത്തരമാണ് ഇത്തരം നടപടികള്‍...

 

 

 

Article Calendar

May 2019
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2