FacebookTwitter

ടോം ജോസഫിനെ ഇനിയും അപമാനിക്കരുത്

    User Rating:  / 1
    PoorBest 

വിപിന്‍ പാണപ്പുഴ എഴുതുന്നു 

'ഇന്ത്യന്‍ വോളി കോര്‍ട്ടിലെ സച്ചിനാണ് ടോം. നിന്റെ കായികക്കരുത്തിനുള്ള അംഗീകാരത്തെ ഒമ്പതു തവണയും തടഞ്ഞു നിര്‍ത്തിയത്. ലോക വോളി ഭൂപടത്തില്‍ ഇന്ത്യയുടെ സ്ഥാനം അഭിമാനപൂര്‍വം അടയാളപ്പെടുത്തിയതില്‍ ഒരാള്‍ നിശ്ചയമായും നീയുമാണ് ടോം. ഒമ്പത് ബ്ളോക്കുകള്‍ക്കും മീതെ തൊടുക്കുന്ന നിന്റെ ബാക്ക് റോ അറ്റാക്കുകള്‍ക്ക് അവസാനമില്ല.പതിനായിരങ്ങളുടെ മനസ്സിലുള്ള ഈ സ്മാഷുകളുടെ സ്മരണകള്‍ തന്നെയാണ് ഈ കായികച്ചതിക്കുള്ള മറുപടി. ഒരു ഖേല്‍ രത്നയോളം വലുത്' 

(ഒരു ഫേസ് ബുക്ക് പോസ്റ്)

ഒമ്പത് തവണ അപമാനിക്കാന്‍ മാത്രം എന്ത് പാതകമാണ് ടോം ജോസഫ് ഇന്ത്യന്‍ കായിക രംഗത്തോട് ചെയ്തത്? ഒന്നര പതിറ്റാണ്ടിലേറെ നീണ്ട സപര്യയില്‍ രാജ്യത്തിന്റെ അഭിമാനമായ വോളിബോള്‍ താരമായി വളര്‍ന്നതോ? നാട്ടിന്‍പുറത്തെ സാധാരണ കോര്‍ട്ടില്‍നിന്ന് പറന്നുയര്‍ന്ന് രാജ്യാന്തര വേദികളില്‍ ഇന്ത്യയ്ക്കു വേണ്ടി നേട്ടങ്ങള്‍ കൊയ്തതോ? വോളി കോര്‍ട്ടില്‍ ഇനി തെളിയിക്കാന്‍ ഒന്നുമില്ലാത്ത ഒരു താരത്തെ തുടര്‍ച്ചയായ ഒമ്പതാം തവണയും വെട്ടിനിരത്തിയ സംഭവം ഉയര്‍ത്തുന്നത് ഇത്തരം അനേകം ചോദ്യങ്ങളാണ്.

മുന്‍കോര്‍ട്ടില്‍നിന്നും പിന്‍കോര്‍ട്ടില്‍നിന്നും പന്തിനു മുകളില്‍ പറന്നുയര്‍ന്ന് എതിര്‍ടീമിന്റെ പ്രതിരോധം തകര്‍ക്കുക എന്നത് ടോം ജോസഫിനെ സംബന്ധിച്ചിടത്തോളം അത്ര വിഷമമുള്ള കാര്യമല്ല. എന്നാല്‍, അര്‍ജുന അവാര്‍ഡിന്റെ കാര്യംവരുമ്പോള്‍ കാര്യം മറിച്ചാവുന്നു. കായികമേധാവികള്‍ തീര്‍ക്കുന്ന നെറ്റിന് മുകളില്‍ പറന്നുപൊങ്ങി സ്മാഷ് ഉതിര്‍ക്കാനാവാതെ ഈ അതുല്യപ്രതിഭ നിസ്സഹായനാവുന്നു. തീര്‍ച്ചയായും ഇതിനു പിന്നില്‍ സമാനതകളില്ലാത്ത നീതി നിഷേധമുണ്ട്. ദക്ഷിണേന്ത്യന്‍ താരങ്ങളോടും മലയാളികളോടും ദില്ലിയിലെ കായിക തമ്പുരാക്കന്‍മാര്‍ കാലങ്ങളായി തുടരുന്ന അനീതിക്കെതിരെ നമ്മുടെ പ്രതിഷേധങ്ങളൊന്നും ഇനിയും കത്തിപ്പടരുന്നുമില്ല. ഒരു പക്ഷേ, നമ്മുടെ ഈ നിസ്സംഗത തന്നെയാവും ഇത്തരം ക്രൂരതകള്‍ ആവര്‍ത്തിക്കാന്‍ ദില്ലിയിലെ തമ്പ്രാക്കന്‍മാര്‍ക്ക് ധൈര്യം നല്‍കുന്നത്.

തുടരുന്ന അനീതി
ഇത്തവണത്തെ അര്‍ജുന അവാര്‍ഡ് പ്രഖ്യാപനവും ഇക്കാര്യങ്ങള്‍ ആവര്‍ത്തിച്ചുറപ്പിക്കുകയാണ്. വോളി കോര്‍ട്ടില്‍ പ്രതിഭ തെളിയിച്ച ഒരു താരത്തോട് താങ്കള്‍ പ്രതിനിധീകരിക്കുന്ന കായിക ഇനത്തിന് രാജ്യത്തുള്ള പ്രചാരംകൂടി ബോധ്യപ്പെടുത്തിയാലെ അവാര്‍ഡ് നല്‍കൂ എന്നാണ് ഇപ്പോള്‍ നമ്മുടെ കായികമേധാവികള്‍ പറയുന്നത്. ക്രിക്കറ്റിനല്ലാതെ മറ്റൊരു കായിക ഇനത്തിനും രാജ്യത്ത് പ്രചാരമില്ലെന്ന് വാദിക്കുന്ന രവി ശാസ്ത്രിയെപ്പോലുള്ള ജൂറി അംഗങ്ങളില്‍ നിന്ന് ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കാനുമാവില്ല.

ആരാണ് ടോം?
കോഴിക്കോട് തൊട്ടില്‍പ്പാലത്തെ കര്‍ഷകനായ ജോസഫിന്റെയും ഏലിക്കുട്ടിയുടെയും മകനാണ് ടോം ജോസഫ് നാട്ടിന്‍പുറത്തിന്റെ പരിമിതികളില്‍നിന്നാണ് ലോകത്തിന്റെ നെറുകയിലേക്ക് ഉയര്‍ന്നത്. 18ാമത്തെ വയസ്സു മുതല്‍ പിന്‍കോര്‍ട്ടില്‍നിന്നും പന്തിനു മുകളില്‍ പറന്നുയര്‍ന്ന് ടോം എതിര്‍ടീമിന്റെ പ്രതിരോധം തകര്‍ക്കുന്നു. ചേട്ടന്‍ റോയി ജോസഫിന്റെ പാത പിന്‍തുടര്‍ന്ന് വോളികോര്‍ട്ടില്‍ എത്തിയ ടോം ശരിക്കും സൃഷ്ടിച്ചത് ജനകീയ വോളിയുടെ ഒരു ആരവമായിരുന്നു. ബാക് കോര്‍ട്ട് അറ്റാക്കിങ്ങ് എന്നത് ഒരു കലയാണെന്ന് ടോമിന്റെ കളി ഒരിക്കലെങ്കിലും കണ്ടവര്‍ അത് തലകുലുക്കി സമ്മതിക്കും.

1997ല്‍ ഇന്ത്യന്‍ ജൂനിയര്‍ ടീമില്‍, പിന്നീട് 1999ല്‍ ഇന്ത്യന്‍ സീനിയര്‍ ടീമില്‍, അതേ വര്‍ഷം കാഠ്മണ്ഡുവില്‍ നടന്ന സാഫ് ഗെയിംസില്‍ ഇന്ത്യയുടെ സുവര്‍ണ വിജയങ്ങളുടെയെല്ലാം നെടുംതൂണ്‍. രണ്ട് ഏഷ്യന്‍ ഗെയിംസ്, നാല് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്, 2009ല്‍ ടെഹ്റാനില്‍ നടന്ന ലോകചാമ്പ്യന്‍ഷിപ്പ് ക്വളിഫെയര്‍ അന്താരാഷ്ട്ര വോളിയില്‍ ഇത്രയും അനുഭവ സമ്പത്ത് അവകാശപ്പെടാവുന്ന എതു ഇന്ത്യന്‍ താരമുണ്ട് ഇന്ന്..? മാത്രമല്ല ഒന്നരപതിറ്റാണ്ടായി കേരള വോളിയുടെ എല്ലാമെല്ലാമാണ് ടോം. അതില്‍ മൂന്ന് നാഷണല്‍ ട്രോഫി, ഫെഡറേഷന്‍ കപ്പ്. റഷീദ് ട്രോഫി അടക്കമുള്ള അന്താരാഷ്ട്ര ടൂര്‍ണമെന്റുകളിലെ പ്രകടനവുമുണ്ട്.

സ്നൂക്കറും സ്ക്വാഷും പോപുലാരിറ്റിയും

ഒരു വോളി അറ്റാക്കര്‍ക്ക് പരമാവധി ഭേദിക്കേണ്ട ബ്ലോക്കുകള്‍ മൂന്നാണ് എന്നാല്‍ ഒന്‍പത് പ്രാവശ്യമാണ്, വോളിയെ അറിഞ്ഞോ അറിയാതെയോ കായിക ലാവണത്തില്‍ കടലാസ് തോണി ഇറക്കി കളിക്കുന്നവര്‍ ടോമിന്റെ അര്‍ജുന അവാര്‍ഡ് ബ്ലോക്ക് ചെയ്തിട്ടത്. അവസാനം രവിശാസ്ത്രിയും, ഹോക്കി താരം സഫര്‍ ഇഖ്ബാലുമാണ് ടോമിനെ ഒഴിവാക്കന്‍ ബ്ലോക്ക് നിരത്തിയവര്‍ എന്നാണ് അറിയുന്നത്. വോളിബോള്‍ പ്രചാരമുള്ള കളിയല്ലെന്നാണ് ഇവരുടെ വാദം എന്നാണ് റിപ്പോര്‍ട്ട്, സ്ക്വാഷിലും, സ്നൂക്കറിനും എന്താണ് സാര്‍ പോപ്പുലാരിറ്റി എന്ന് ചോദിക്കാന്‍ ആരു ഉണ്ടായിരുന്നില്ലെന്ന് തോന്നുന്നു. മലയാളിയായ ഒരു ജൂറി അംഗത്തിന്റെ വിയോജിപ്പ് ഇതിനുണ്ടായിരുന്നു എന്ന് പറയുന്നു. സായി ഡയറക്ടര്‍ മലയാളിയായ ജിജി തോംസണ്‍. തന്റെ വിയോജനക്കുറിപ്പ് അദ്ദേഹം രേഖപ്പെടുത്തി. യോഗതീരുമാനങ്ങളുടെ മിനുട്ട്സില്‍ ഒപ്പു വെച്ചില്ല. അത്രയും ആശ്വാസം.

ഔദാര്യമല്ല ടോം അര്‍ഹിക്കുന്നത്
ഇതുമായി ബന്ധപ്പെട്ട ഫയല്‍ തിരിച്ച് വിളിച്ച് പരിഗണിക്കാമെന്നാണ് അവസാനമായി കേന്ദ്രകായിക മന്ത്രി ജിതേന്ദ്ര പ്രസാദ് പറഞ്ഞത്. പത്ത് വര്‍ഷമായി നടത്തുന്ന ശ്രമങ്ങള്‍ക്കും, 15ല്‍ ഏറെ വര്‍ഷമായി തുടരുന്ന വോളിബോള്‍ സപര്യയ്ക്കും ഒരു കായിക മന്ത്രാലയം നല്‍കേണ്ട പരിഗണന ഇതാണോ സര്‍? ആരുടെയെങ്കിലും ഔദാര്യമാണോ ഇതുപോലൊരു താരം അര്‍ഹിക്കുന്നത്? രാജ്യത്തിന് വേണ്ടി ടോം ഒഴുക്കിയ വിയര്‍പ്പിന്റെ കണക്ക് എന്നോക്കെ പറഞ്ഞാല്‍ അത് കുറഞ്ഞ് പോകും, അല്ലെങ്കില്‍ അപമാനിക്കുന്നതിന് തുല്യമാകും, കാരണം അര്‍ഹതയില്ലാതെ പൂമാല കഴുത്തില്‍ അണിഞ്ഞ പലരും ഞെളിഞ്ഞിരിക്കുമ്പോഴാണ് മഹനായ ഒരു കായിക താരത്തിനെ ഇങ്ങനെ അപമാനിക്കുന്നത്?

കേരളത്തിലെ തമ്പ്രാന്‍മാര്‍ എന്തെടുക്കുകയാണ്?
രാത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇടപെട്ടതോടെയാണ് ജിതേന്ദ്ര പ്രസാദിന്റെ തിരിച്ചുവിളിക്കല്‍ ഔദാര്യവുമുണ്ടായത്. അതിനിടയില്‍ തിരുവനന്തപുരത്ത് കേരള സ്പോര്‍ട്സുമായി ബന്ധപ്പെട്ട ഒരു മാഡം ടോമിന് അവാര്‍ഡ് നിഷേധിച്ചത് ഉത്തരേന്ത്യന്‍ ലോബി എന്ന പ്രസ്താവന ഇറക്കിയതായി കണ്ടു. സത്യമാണോ, മാഡം, എങ്കില്‍ അത് നല്ല കാര്യം. ഇപ്പോഴാണോ ആ ബോധം ഉണ്ടായത്. അര്‍ഹരായവര്‍ക്ക് അവരുടെ പുരസ്കാരം വാങ്ങിനല്‍കാന്‍ എന്ത് നീക്കമാണ് സംസ്ഥാനത്തെ കായിക മേലധികാരികള്‍ നടത്തുന്നത്? വിരാട് കോഹ് ലിക്ക് അവാര്‍ഡ് വാങ്ങികൊടുക്കാന്‍ രവിശാസ്ത്രി ഒച്ചയിടുമ്പോള്‍ വായും പൊത്തി നില്‍ക്കുന്ന നിങ്ങളുടെയൊക്കെ വിധേയത്വമാണ് ഈ അവസ്ഥകള്‍ സൃഷ്ടിക്കുന്നത്. പശുവും ചത്ത് മോരിന്റെ പുളിയും പോയ ശേഷം മോര് കറികൂട്ടാന്‍ നടന്നിട്ട് കാര്യമില്ലെന്ന് ഈ കായികാധികാരികള്‍ ഇനിയെന്നാണ് പഠിക്കുക?

മലയാളി താരങ്ങളോടുള്ള അവഗണനയുടെ തുടര്‍ക്കഥകള്‍ ആവര്‍ത്തിക്കുന്നത് ടോം മാത്രമല്ല, കേരളത്തിലെ ഒട്ടുമിക്ക ദൃശ്യ പത്രമാധ്യമങ്ങളും വര്‍ഷങ്ങളായി ഇക്കാര്യം പറയുന്നു. എന്നിട്ടും സംസ്ഥാനത്തെ കായിക മേധാവികള്‍ എന്താണ്് ചെയ്യുന്നത്? ടോമിന് ഈ ബഹുമതി ലഭിക്കേണ്ടത് അദ്ദേഹത്തിന്റെ ആവശ്യമേയല്ലെന്ന് എന്നാണ് നിങ്ങള്‍ മനസ്സിലാക്കുക? കേരളത്തിന്റെ പ്രതിഭകള്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ നേടിക്കൊടുക്കാന്‍ പ്രയത്നിക്കുകയാണ് നിങ്ങളുടെ പണിയെന്ന് ഇനിയെന്നാണ് നിങ്ങള്‍ തിരിച്ചറിയുക?

വോളിബോളിന്റെ പോപ്പുലാരിറ്റിയാണ് ഇവിടെ വിഷയമെങ്കില്‍ രവിശാസ്ത്രിക്ക് മാത്രമല്ല സംശയിക്കുന്ന ആര്‍ക്കും മലബാറിലേയും മറ്റും ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ പോകാം. സച്ചിന്‍ ടെണ്ടുല്‍ക്കറിന് നല്‍കുന്ന ബഹുമാനത്തോടെ ടോമിനെ ആരാധിക്കുന്നവരുണ്ട് ഇവിടെ. മൂന്ന് വര്‍ഷമായി രംഗത്ത് പോലുമില്ലാത്ത ജോഷ്ന ചിന്നപ്പ എന്ന സ്ക്വാഷ് താരത്തിന് നല്‍കാമെങ്കില്‍ ഈ അവാര്‍ഡ് നൂറുവട്ടം ടോമിനു കൊടുക്കാം. പട്ടിക്ക് കൊടുക്കാന്‍ മില്‍ഖ സിങ്ങ് പറഞ്ഞ പുരസ്കാരമാണ് ഈ അര്‍ജുന എന്നുകൂടി ഓര്‍ക്കണം.

ഈ തമ്പുരാന്മാരുടെ കനത്തിലുള്ള മൂളലുകള്‍ക്ക് ടോം ഇനിയും നിന്നു കൊടുക്കേണ്ടതില്ല. ഇടിവെട്ട് സ്മാഷുകള്‍ പായിക്കുന്ന ടോമിന് ഉപമുഖ്യമന്ത്രിസ്ഥാനം പോലെ ഒരു അര്‍ജുന അവാര്‍ഡല്ല ആവശ്യം.

 

 

 

Article Calendar

May 2019
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2