FacebookTwitter

ബാഡ്മിന്റണില്‍ സിന്ധുവിന്റെ ചൈനീസ് അധിനിവേശം

    User Rating:  / 1
    PoorBest 

ലോകബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പി വി സിന്ധു എന്ന പതിനെട്ടുകാരിയിലൂടെ ചൈനീസ് താരങ്ങള്‍ക്കു ബാഡ്മിന്റണ്‍ ലോകം ഇതുവരെ കല്‍പിച്ചുകൊടുത്തിരുന്ന ആ ദിവ്യത്വം ഇന്ത്യ മറികടന്നിരിക്കുന്നു. പ്രീ ക്വാര്‍ട്ടറില്‍ ലണ്ടന്‍ ഒളിമ്പിക്സിലെ വെള്ളി മെഡല്‍ ജേതാവായ യിഹാന്‍ വാങിനെയും ക്വാര്‍ട്ടറില്‍ സിയാങ് വാനിനെയും മറികടന്നതിലൂടെ. സി ഗോപാലകൃഷ്ണന്‍ എഴുതുന്നു

തിനെട്ടാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് ഇന്ത്യയിലാണ് പിറവിയെടുത്തതെങ്കിലും ലോക ബാഡ്മിന്റനില്‍ ഇന്ത്യയെന്ന പേര് ആദ്യമായി മുഴങ്ങിക്കേട്ടത് പ്രകാശ് പദുക്കോണിലൂടെയിരുന്നു. പിന്നീട് ഇന്‍ഡോനേഷ്യയുടെയും തായ്ലന്‍ഡിന്റെയും മലേഷ്യയുടെയും ഒടുവില്‍ ചൈനയുടെമെല്ലാം സ്മാഷുകള്‍ക്ക് മുന്നില്‍ ഇന്ത്യന്‍ ബാഡ്മിന്റണ്‍ ഡ്രോപ് ഷോട്ട് പോലെ കോര്‍ട്ടില്‍ തളര്‍ന്നു വീണപ്പോള്‍ 1980ല്‍ ഓള്‍ ഇംഗ്ലണ്ട് ഓപ്പണില്‍ കിരീടം നേടിയ പ്രകാശ് പദുക്കോണിന്റെ നേട്ടം ആവര്‍ത്തിക്കാന്‍ രണ്ടു ദശകത്തോളം ഇന്ത്യക്ക് കാത്തിരിക്കേണ്ടിവന്നു. 2001ല്‍ പുലല്ലേല ഗോപീചന്ദായിരുന്നു പദുക്കോണിന് ശേഷം ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ കിരീടം നേടി ഇന്ത്യന്‍ ബാഡ്മിന്റണിന് പുതിയ ദിശാബോധം നല്‍കിയത്.

പിന്നീട് പരിശീലകവേഷത്തിലേക്ക് തിരിഞ്ഞ ഗോപീചന്ദിന്റെ ശിഷ്യയായ സൈന നേവാള്‍ ഇന്ത്യയെ ലോക ബാഡ്മിന്റണ്‍ ഭൂപടത്തില്‍ വ്യക്തമായി തന്നെ പ്ലേസ് ചെയ്തു. ഒളിമ്പിക്സില്‍ വെങ്കലമെഡല്‍ നേടിയ സൈനയുടെയും ക്വാര്‍ട്ടറിലെത്തിയ പി കശ്യപിന്റെയും പ്രകടനങ്ങളും സൈനയുടെ സൂപ്പര്‍ സീരീസ് കിരീട നേട്ടങ്ങളും റാങ്കിംഗിലെ കുതിപ്പുമെല്ലാം ഇന്ത്യയിലെ യുവ ബാഡ്മിന്റണ്‍ പ്രതിഭകള്‍ക്ക് ആവേശവും പ്രചോദനവുമായി. എന്നാല്‍ അപ്പോഴേക്കും ഇന്‍ഡോനേഷ്യയെയും തായലന്‍ഡിനെയും മലേഷ്യയുമെല്ലാം മറികടന്ന് ചൈനീസ് താരങ്ങള്‍ മറ്റു കായിക ഇനങ്ങളിലേതിനുപോലെ ബാഡ്മിന്റണിലും അസ് പൃശ്യരായി മാറിക്കഴിഞ്ഞിരുന്നു. പ്രത്യേകിച്ചും വനിതാ ബാഡ്മിന്റണില്‍. ലിംന്‍ വാങും, യിഹാന്‍ വാങും വാങ് ഷിയാനുമെല്ലാം കോര്‍ട്ട് വാഴുന്ന വനിതാ ബ്ഡ്മിന്റണില്‍ സൈനയ്ക്ക് രണ്ടാം റാങ്കിലെത്താനായി എന്നതു തന്നെ ഇന്ത്യന്‍ ബാഡ്മിന്റണെ സംബന്ധിച്ചിടത്തോളം ചരിത്രനേട്ടമായിരുന്നു. അപ്പോഴും ചൈനീസ് താരങ്ങളെ മറികടക്കുക എന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളും കൈയെത്താ ദൂരം തന്നെയായിരുന്നു.

ചൈനീസ് താരങ്ങള്‍ക്ക് മുമ്പില്‍ പലപ്പോഴും സൈന പോലും നെറ്റിലിടിച്ച് കാലിടറി വീണു. എന്നാല്‍ ലോകബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പി വി സിന്ധു എന്ന പതിനെട്ടുകാരിയിലൂടെ ചൈനീസ് താരങ്ങള്‍ക്കു ബാഡ്മിന്റണ്‍ ലോകം ഇതുവരെ കല്‍പിച്ചുകൊടുത്തിരുന്ന ആ ദിവ്യത്വം ഇന്ത്യ മറികടന്നിരിക്കുന്നു. പ്രീ ക്വാര്‍ട്ടറില്‍ ലണ്ടന്‍ ഒളിമ്പിക്സിലെ വെള്ളി മെഡല്‍ ജേതാവായ യിഹാന്‍ വാങിനെയും ക്വാര്‍ട്ടറില്‍ സിയാങ് വാനിനെയും മറികടന്നതിലൂ. ചൈനീസ് താരങ്ങളെ നേരിടുമ്പോഴെല്ലാം സിന്ധു തന്റെ പ്രകടനമികവ് ഒരുപടികൂടി ഉയര്‍ത്തുന്നുവെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഒരുപക്ഷെ സൈനയ്ക്കു പലപ്പോഴും കഴിയാതിരുന്നതും ഇതുതന്നെയായിരുന്നു. കഴിഞ്ഞവര്‍ഷം വിവിധ ടൂര്‍ണമെന്റുകളിലായി ചൈനീസ് താരങ്ങള്‍ക്കെതിരെ കളിച്ച ഏഴില്‍ അഞ്ചു കളികളിലും വിജയം സിന്ധുവിനൊപ്പമായിരുന്നു.

കഴിഞ്ഞ വര്‍ഷം ലണ്ടന്‍ ഒളിമ്പിക്സ് സ്വര്‍ണ മെഡല്‍ ജേതാവായ ലിയ സുരേയുവിനെതിരായ വിജയത്തോടെയായിരുന്നു സിന്ധു തന്റെ ചൈനീസ് അധിനിവേശം ആരംഭിച്ചത്. പിന്നീടുള്ള ടൂര്‍ണമെന്റുകളിലെല്ലാം സിന്ധുവിനെതിരെ ചൈനീസ് താരങ്ങള്‍ പുതു തന്ത്രങ്ങള്‍ അടവുകളും പരീക്ഷിച്ചെങ്കിലും അവയെല്ലാം വിജയകരമായി മറികടക്കാന്‍ ഈ ഹൈദരാബാദുകാരിക്കായി. ലോകബാഡ്മിന്റണില്‍ സെമിയിലെത്തി വെങ്കലമെഡല്‍ ഉറപ്പിച്ചതോടെ ഇന്ത്യന്‍ ബാഡ്മിന്റണെന്നാല്‍ സൈനാ നോവാള്‍ മാത്രമാണെന്നചൊല്ലുകൂടിയാണ് സിന്ധു മാറ്റിയെഴുതുന്നത്.

സിന്ധുവിനെ സംബന്ധിച്ചടത്തോളം കായികമികവ് രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ്. സിന്ധുവിന്റെ പിതാവ് പി വി രാമണ്ണയും അമ്മ പി വിജയയും മുന്‍ വോളിബോള്‍ താരങ്ങളാണ്. രാമണ്ണയാകട്ടെ 2000ലെ അര്‍ജുന അവാര്‍ഡ് ജേതാവുമാണ്. 2001ല്‍ സിന്ധുവിന് ഏഴു വയസുള്ളപ്പോഴാണ് പുലല്ലേല ഗോപീചന്ദ് ഓള്‍ ഇംഗ്ലണ്ട് ഓപ്പണില്‍ കിരീടം നേടുന്നത്. ഇതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് മാതാപിതാക്കളുടെ കളിവഴിവിട്ട് സിന്ധു ബാഡ്മിന്റണ്‍ റാക്കറ്റ് കൈയിലേന്തിയത്. വീട്ടില്‍ നിന്ന് നിത്യവും 56 കിലോ മീറ്റര്‍ സഞ്ചരിച്ചാണ് ഗോപീചന്ദിന്റെ ബാഡ്മിന്റണ്‍ അക്കാദമിയില്‍ പരിശീലനത്തിനെത്തിയിരുന്നത് എന്നത് തന്നെ ബാഡ്മിന്റണോടുള്ള സിന്ധുവിന്റെ അപ്പര്‍ണബോധത്തിന് തെളിവാണ്. കളിയോടുള്ള സിന്ധുവിന്റെ സമീപനവും ഒരിക്കലലും കീഴടങ്ങാത്ത മനോവീര്യവുമാണ് ഇന്ന് ഇന്ത്യയുടെ അഭിമാനമായ സിന്ധുവിനെ വാര്‍ത്തെടുത്തത്.

2009ല്‍ കൊളംബോയില്‍ നടന്ന സബ് ജൂനിയര്‍ ഏഷ്യന്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയാണ് സിന്ധു ഇന്ത്യന്‍ ബാഡ്മിന്റണില്‍ ശ്രദ്ധേയയായത്. 2010ല്‍ മെക്സിക്കോയില്‍ നടന്ന വേള്‍ഡ് ജൂനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ക്വാര്‍ട്ടറിലെത്തിയതോടെ ബാഡ്മിന്റണ്‍ ലോകവും സിന്ധുവിനെ ശ്രദ്ധിച്ചുതുടങ്ങി. എന്നാല്‍ സിന്ധുവിന്റെ യഥാര്‍ഥ അട്ടിമറി വരാനിരിക്കുന്നതോ ഉണ്ടായിരുന്നുള്ളു. 20102ല്‍ ചൈനാ മാസ്റ്റേഴ്സില്‍ ഒളിമ്പിക്സ് സ്വര്‍ണ മെഡല്‍ ജേതാവായ ലീ സുരേയെ ഒന്നിനെതിരെ രണ്ടു ഗെയിമുകളില്‍ മറികടന്നതോടെ രാജ്യാന്തര ബാഡ്മിന്റണിലും സിന്ധു ചൈനീസ് താരങ്ങളുടെ നോട്ടപ്പുള്ളിയായി. 2013ല്‍ മലേഷ്യന്‍ ഓപ്പണ്‍ ഗ്രാന്‍ഡ് പ്രിക്സില്‍ കിരീടം നേടി സൈനയുടെ യഥാര്‍ഥ പിന്‍ഗാമിയാണ് താനെന്ന് സിന്ധു തെളിയിക്കുകയും ചെയ്തു. ഇപ്പോള്‍ വേള്‍ഡ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മറ്റൊരു ചൈനീസ് താരത്തെ മറിടകടന്ന് സെമിയിലെത്തിയതോടെ 2016ല്‍ റിയോ ഡി ജനീറോ ഒളിമ്പിക്സില്‍ ബാഡ്മിന്റണില്‍ ഇന്ത്യക്ക് സൈനയല്ലാതെ മറ്റൊരു മെഡല്‍ പ്രതീക്ഷകൂടിയായിരിക്കുന്നു, പി വി സിന്ധു എന്ന പതിനെട്ടുകാരി.

 

 

 

Article Calendar

May 2019
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2