FacebookTwitter

ക്രിക്കറ്റിന്റെ ഇ- ജാലകത്തിന് ഇരുപത് വയസ്സ്

    User Rating:  / 1
    PoorBest 

അന്താരാഷ്ട്ര ക്രിക്കറ്റിലെ ഒരോ താരത്തിന്റെയും ജാതകം കുറിച്ചുവച്ചിരിക്കുന്ന ഇടമാണ് ക്രിക്ക്ഇന്‍ഫോയുടെ സ്റ്റാറ്റസ് ഗുരു. കണക്കുകളുടെയും റെക്കോര്‍ഡുകളുടെയും കളിയായ ക്രിക്കറ്റില്‍ ഓരോ പന്തിലും എന്തു സംഭവിച്ചുവെന്നും ഓരോ കളിക്കാരനും ക്രിക്കറ്റില്‍ എന്തായിരുന്നു എന്നും ഇന്ന് ലോകം അറിയുന്നത് ക്രിക്ക്ഇന്‍ഫോയിലൂടെയാണ്. തെറ്റാത്ത കണക്കുകള്‍ക്കായി ക്രിക്കറ്റ് റിപ്പോര്‍ട്ടര്‍മാരും ആരാധകരും ഒരുപോലെ പരിശോധിക്കുന്ന സ്റ്റാറ്റസ് ഗുരു ക്രിക്ക്ഇന്‍ഫോയുടെ മാത്രം സ്വകാര്യ അഹങ്കാരമാണ്. ഐസിസി പോലും സൂക്ഷിക്കുന്നില്ല ഇത്രയും കൃത്യമായ കണക്കുകള്‍ എന്നത് ഇന്നും ഒരു യാഥാര്‍ത്ഥ്യമാണ്. 20 വയസ് തികയുന്ന ക്രിക്കറ്റിന്റെ നിഘണ്ടുവായ ക്രിക്ക്ഇന്‍ഫോ പിന്നിട്ട വഴികളെക്കുറിച്ച് വിപിന്‍ പാണപ്പുഴ എഴുതുന്നു.

ക്രിക്കറ്റിന്റെ ഇ- ജാലകത്തിന് ഇരുപത് വയസ്സ്

ക്രിക്കറ്റ് എന്ന കായിക ഇനത്തിന് അതിന്റെ വിപണിയും, വിലയും മനസ്സിലാകുന്നത് 90 കളുടെ തുടക്കത്തിലാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. കെറി പാര്‍ക്കര്‍ എന്ന ഓസ്ട്രേലിയന്‍ മാധ്യമപ്രഭു കാണിച്ചുതന്ന കച്ചവട തന്ത്രങ്ങള്‍ അനിവാര്യതയായി ക്രിക്കറ്റിലെ ആഗോളതലത്തില്‍ ബാധിക്കുകയായിരുന്നു. ഇത് പന്തിന്റെ നിറം മുതല്‍ കളിക്കാരുടെ കുപ്പയത്തില്‍വരെ മാറ്റങ്ങള്‍ വരുത്തി. ഇപ്പോഴത് ട്വിന്റി-20യുടെ ഉത്ഭവത്തിലും, ഡിആര്‍എസിലുംവരെ എത്തിനില്‍ക്കുന്നു. ടെലിവിഷന്‍ പ്രക്ഷേപണം ക്രിക്കറ്റ് പ്രേമികളുടെ എണ്ണത്തിലും അഭൂതപൂര്‍വ്വമായ മാറ്റം വരുത്തി. ഇതില്‍ മാത്രമോ ക്രിക്കറ്റ് റിപ്പോര്‍ട്ടിങ്ങിലും വന്നില്ലെ മാറ്റങ്ങള്‍. ക്രിക്കറ്റിന്റെ ബൈബിള്‍ വിസ്ഡന്‍ മാഗസിന്‍ ആണെങ്കില്‍, അതിന്റെ പുതിയ നിയമമായ ക്രിക്ക്ഇന്‍ഫോ (cricinfo) പിറന്നിട്ട് 20 വര്‍ഷങ്ങള്‍ ആകുന്നു. ആധുനിക ക്രിക്കറ്റിന്റെ പുതിയ റിപ്പോര്‍ട്ടിങ്ങ് പാഠങ്ങള്‍ക്ക് ഇരുപത് വയസ്സാകുന്നു.

1992ലെ ലോകകപ്പ് ക്രിക്കറ്റ്, ക്രിക്കറ്റില്‍ ഒരു വഴിത്തിരിവാണെന്ന് പറയാം. രാത്രി-പകല്‍ മത്സരങ്ങള്‍, മഴ നിയമം, നിറമുള്ള ജേഴ്സി എന്നിങ്ങനെ നിരവധി പുതുമകളായിരുന്നു ആ ലോലകപ്പ് ആരാധകര്‍ക്ക് സമ്മാനിച്ചത്. എന്നാല്‍ ഓസ്ട്രേലിയയിലും ന്യൂസിലാന്റിലുമായി നടന്ന ലോകകപ്പ് മത്സരങ്ങളുടെ വിവരങ്ങള്‍ തല്‍സമയം അറിയാനുള്ള സാധ്യതകള്‍ തീര്‍ത്തും കുറവായിരുന്നു. ഇവിടെയാണ് അന്ന് അത്രയൊന്നും വികസിച്ചില്ലെങ്കിലും അന്നത്തെ പ്രാകൃതമായ ഇന്റര്‍നെറ്റ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ചില അമേരിക്കക്കാര്‍ ചേര്‍ന്ന് rec.sport.cricket എന്ന ഗ്രൂപ്പിന് രൂപം നല്‍കുന്നത് ഇത് പിന്നീട് വളരുകയായിരുന്നു.

ക്രിക്ക്ഇന്‍ഫോ ഇന്നിംങ്സ് ആരംഭിക്കുന്നു

1993 ജനുവരിയില്‍ അന്നത്തെ ഇന്റര്‍നെറ്റ് സാങ്കേതികതയായ ഐആര്‍സി വഴി ഇംഗ്ലണ്ടിന്റെ ഇന്ത്യ പര്യടനം ബിബിസി ആദ്യമായി ഇന്റര്‍നെറ്റിലൂടെ റിയല്‍ ടൈം നാരോകാസ്റ്റ് ആയി ലഭ്യമാക്കി. ഇത് ചില ക്രിക്കറ്റ് പ്രേമികള്‍ക്ക് പ്രചോദനമായി. സൈമണ്‍ കിംങ് എന്ന യൂണിവേഴ്സിറ്റി അദ്ധ്യാപകനാണ് ഇത്തരത്തില്‍ ക്രിക്ക്ഇന്‍ഫോ എന്ന പേരില്‍ ഒരു ഐആര്‍സി ബുട്ട് തുടങ്ങുന്നത്. ഒരു കൂട്ടം ആളുകളുമായി തത്സമയം ഇന്റര്‍നെറ്റ്‌ അല്ലെങ്കില്‍ ഒരു നെറ്റ്‌വര്‍ക്ക് ഉപയോഗിച്ച് ചാറ്റ് ചെയ്യാന്‍ സഹായിക്കുന്ന ഒരു പ്രോട്ടോകോള്‍ ആണ് ഐ.ആര്‍.സി. അഥവാ ഇന്റര്‍നെറ്റ് റിലേ ചാറ്റ് . ഇതിന്റെ പതിപ്പ് ക്രിക്കറ്റിന് മാത്രമായി തുടങ്ങുകയായിരുന്നു. 1993 മാര്‍ച്ചിലായിരുന്നു ക്രിക്ക്ഇന്‍ഫോയുടെ ആരംഭം.

അമേരിക്കയിലെ മിനിയോറ യൂണിവേഴ്സിറ്റിയില്‍ അദ്ധ്യാപകനായിരുന്നു സൈമണ്‍ കിംങ്. ക്രിക്കറ്റില്‍ താല്‍പ്പര്യമുള്ള ഒരു പാടുപേരെ ഇതില്‍ ഉള്‍പ്പെടുത്തിയ ഇദ്ദേഹം ഒരു സേവനം എന്ന നിലയിലായിരുന്ന സ്കോറുകളും മറ്റും അപ്ഡേറ്റ് ചെയ്തത്. കുറച്ചുനാളില്‍ തന്നെ അന്നത്തെ പ്രധാന ബ്രൗസറായ Gopher ല്‍ ഇത് ലഭ്യമാകുവാന്‍ തുടങ്ങി. ഒരു ചാറ്റിങ്ങ് സര്‍വീസ് എന്നതിന് അപ്പുറം ക്രിക്ക്ഇന്‍ഫോ വളരുകയായിരുന്നു, തുടര്‍ന്ന് www. രംഗത്ത് എത്തിയതോടെ അവിടെയും സാന്നിധ്യം അറിയിച്ച ആദ്യ ഡാറ്റശേഖരണങ്ങളില്‍ ഒന്ന് ക്രിക്ക്ഇന്‍ഫോയായിരുന്നു. ഡാറ്റാ ചാറ്റിങ്ങിലൂടെ പങ്കുവയ്ക്കല്‍ മാത്രമായിരുന്നില്ല ക്രിക്ക് ഇന്‍ഫോയുടെ ലക്ഷ്യം, ലോകത്തില്‍ എവിടെയും സംഭവിക്കുന്ന ക്രിക്കറ്റ് സംബന്ധിയായ എന്ത് വിഷയവും, സ്കോറും ശേഖരിക്കാനും അവര്‍ ലക്ഷ്യമിട്ടിരുന്നു.

1994 ലാണ് ക്രിക്ഇന്‍ഫോ ഐസിസിയുമായി ആദ്യമായി ബന്ധം സ്ഥാപിക്കുന്നത്. ക്രിക്ക്ഇന്‍ഫോ വളണ്ടിയര്‍മാര്‍ നല്‍കുന്ന പ്രദേശിക ക്രിക്കറ്റ് വിവരങ്ങള്‍ ഐസിസിക്ക് പങ്കുവയ്ക്കാം എന്നതായിരുന്നു ആദ്യത്തെ കരാര്‍. ഇതേ കാലത്ത് തന്നെ മറ്റ് സ്പോര്‍ട്സ് സംഭരംഭങ്ങളുമായും കരാര്‍ ഉണ്ടാക്കുവാന്‍ ക്രിക്ക്ഇന്‍ഫോയ്ക്ക് സാധിച്ചു. തമിഴ്നാട്ടുകാരനായ ബദരി ശേഷാദ്രിയായിരുന്നു ക്രിക്ക്ഇന്‍ഫോയ്ക്ക് പിന്നിലുള്ള മറ്റൊരു ശക്തി. ക്രിക്ക്ഇന്‍ഫോ സഹസ്ഥാപകനായിരുന്ന ഇദ്ദേഹം. 2005 വരെ ക്രിക്ക്ഇന്‍ഫോയില്‍ പ്രവര്‍ത്തിച്ചിരുന്നു. മാനേജിംങ് ഡയറക്ടര്‍ പദവിയില്‍ നിന്നാണ് ഇദ്ദേഹം വിരമിച്ചത്.

മാറ്റങ്ങള്‍; മുന്നേറ്റം

1994 ല്‍ തന്നെയാണ് ആദ്യത്തെ സമ്പൂര്‍ണ്ണ പരമ്പര ക്രിക്കറ്റ്ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓസ്ട്രേലിയയുടെ പാകിസ്ഥാന്‍ പര്യടനമായിരുന്നു ഇത്. ഇതില്‍ ആദ്യ ടെസ്റ്റ് ആവേശകരമായതോടെ ക്രിക്ക്ഇന്‍ഫോ തങ്ങളുടെ വഴി മനോഹരമാക്കുകയായിരുന്നു. ആദ്യമായി ഒരു ടെസ്റ്റ് മാച്ചിന്റെ പൂര്‍ണ്ണമായ സ്കോര്‍ബോര്‍ഡും ഈ പരമ്പരയിലായിരുന്നു നല്‍കിയത്. ഓസ്ട്രേലിയയില്‍ സ്ഥിരതാമസമാക്കിയ രണ്ട് ഇന്ത്യക്കാരായിരുന്നു ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. 1995ലാണ് ക്രിക്ക്ഇന്‍ഫോ ആദ്യമായി വെബ്സൈറ്റ് രൂപത്തിലേക്ക് മാറുന്നത്. cricinfo.org എന്നായിരുന്നു ആദ്യ ഐഡി. ഇന്റര്‍നെറ്റ് പ്രചാരം ഇന്നത്തെ സ്ഥിതിവച്ച് പരിശോധിച്ചാല്‍ രണ്ട് ശതമാനത്തില്‍ താഴെയായിരുന്ന അക്കാലത്ത് ക്രിക്ക്ഇന്‍ഫോയ്ക്കുണ്ടായ വളര്‍ച്ച അത്ഭുതാവഹമായിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ 80 രാജ്യങ്ങളിലായി 3.5 ദശലക്ഷം സന്ദര്‍ശകരാണ് ലഭിച്ചത്. അതെ വര്‍ഷം തന്നെ മൊബൈല്‍ പതിപ്പും ക്രിക്ക്ഇന്‍ഫോ പുറത്തിറക്കി.

1996 ലോകകപ്പോടെ ക്രിക്ക്ഇന്‍ഫോ ക്രിക്കറ്റ് റിപ്പോര്‍ട്ടര്‍മാരുടെയും, ക്രിക്കറ്റ് പ്രേമികളുടെയും ഇഷ്ട വെബ്സൈറ്റായി മാറി. ബോള്‍ ടു ബോള്‍ ലൈവ് കവറേജ് ക്രിക്കറ്റ് ലോകം ക്രിക്ക്ഇന്‍ഫോയില്‍ നിന്നും അനുഭവിച്ചു. അതെ വര്‍ഷം തന്നെ ക്രിക്ക് ഇന്‍ഫോ എന്ന സന്നദ്ധസംഘടനയില്‍ നിന്നും ക്രിക്ക്ഇന്‍ഫോ ലിമിറ്റഡ് എന്ന കമ്പനിയായി ക്രിക്ക്ഇന്‍ഫോ മാറി ഒപ്പം cricinfo.com എന്ന പുതിയ സൈറ്റ് അഡ്രസും. ഓണ്‍ലൈന്‍ ഇന്റര്‍വ്യൂകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതും ഈ കാലത്തായിരുന്നു. ആദ്യമായി ക്രിക്ഇന്‍ഫോയില്‍‌ പ്രത്യക്ഷപ്പെട്ട അഭിമുഖം അന്നത്തെ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസ്റുദ്ദീന്റെതായിരുന്നു.

ആദ്യമായി ക്രിക്ക് ഇന്‍ഫോയില്‍ ഉള്‍കൊള്ളിച്ച പരസ്യം ഇന്ത്യയില്‍ നിന്നായിരുന്നു ടൈറ്റന്‍ വാച്ചിന്റെത് 1997ലായിരുന്നു അത്. ക്രിക്ക്ഇന്‍ഫോ 1999ലെ ലോകകപ്പില്‍ എത്തിയപ്പോള്‍ ആ ലോകകപ്പുമായി ഔദ്യോഗികമായ ബന്ധങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. എങ്കിലും ഏറ്റവും മികച്ച പരസ്യവരുമാനം നേടിയ കമ്പനിയായി മാറി. പല രാജ്യങ്ങളിലും കളി പ്രക്ഷേപണം ചെയ്ത ടിവി ചാനലുകളെക്കാള്‍ കൂടുതലായിരുന്നു അത്. ഇതിനിടയില്‍ സിംബാബ് വെ ക്രിക്കറ്റ് നവീകരണവും ക്രിക്ക്ഇന്‍ഫോ ഏറ്റെടുത്തിരുന്നു. ക്രിക്കറ്റില്‍ നിന്നുള്ള പണം ക്രിക്കറ്റില്‍ മുടക്കുകയെന്നായിരുന്നു ഇതിന് സൈമണ്‍ കിംങ് അടക്കമുള്ളവരുടെ ന്യായം. 1999 ലോകകപ്പില്‍ സിംബാബ് വെ കാണിച്ച വിസ്മയകരമായ പ്രകടനത്തില്‍ അതിനാല്‍ തന്നെ ക്രിക്ക്ഇന്‍ഫോയ്ക്കും മോശമല്ലാത്ത പങ്കുണ്ടായിരുന്നു.

2000ത്തില്‍ വനിത ക്രിക്കറ്റ് ലോകകപ്പ് സ്പോണ്‍സര്‍ ചെയ്തത് ക്രിക്ക് ഇന്‍ഫോയായിരുന്നു. എന്നാല്‍ ക്രിക്ക്ഇന്‍ഫോയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും സുപ്രധാനമായ വര്‍ഷമായിരുന്നു 2000, ഇന്നും അന്താരാഷ്ട്ര ക്രിക്കറ്റിലെ ഒരോ താരത്തിന്റെയും ജാതകം കുറിച്ചുവച്ചിരിക്കുന്ന സ്റ്റാറ്റസ് ഗുരു അന്നാണ് ക്രിക്ക്ഇന്‍ഫോ തുടങ്ങുന്നത്. വസ്തുതതെറ്റാത്ത കണക്കുകള്‍ക്കായി ലോകത്ത് ക്രിക്കറ്റ് റിപ്പോര്‍ട്ടര്‍മാരും ആരാധകരും ഇന്നും പരിശോധിക്കുന്ന ക്രിക്ക്ഇന്‍ഫോയ്ക്ക് മാത്രം സ്വന്തമായ സവിശേഷതയാണ്. ഐസിസി പോലും സൂക്ഷിക്കുന്നില്ല ഇത്രയും വ്യക്തമായ കണക്കുകള്‍ എന്നത് ഇന്നും ഒരു യാഥാര്‍ത്ഥ്യമാണ്.

കൈമാറി....കൈമാറി

ക്രിക്ക്ഇന്‍ഫോ എന്ന ക്രിക്കറ്റ് പ്രേമികളുടെ കൂട്ടായ്മ ഒരു പ്രസ്ഥാനമായി, ഒരു കമ്പനിയായി മാറി. 2000 ല്‍ ഇന്ത്യയില്‍ നിന്നുള്ള സത്യം കമ്പ്യൂട്ടേഴ്സാണ് ആദ്യമായി ക്രിക്ക് ഇന്‍ഫോയില്‍ ഓഹരിവാങ്ങിയ കമ്പനി. 2003ലാണ് പിന്നീട് കമ്പനിയില്‍ കാര്യമായ അഴിച്ചുപണി നടക്കുന്നത് ക്രിക്കറ്റിന്റെ ബൈബിള്‍ എന്നറിയപ്പെടുന്ന വിസ്ഡന്‍ ഗ്രൂപ്പ് ക്രിക്ക് ഇന്‍ഫോ ഏറ്റെടുത്തു. സൈറ്റ് എഡിറ്ററായ സമ്പിത്ത് ബാല്‍ ഡിസൈനിലും പ്രവര്‍ത്തന ശൈലിയിലും വന്‍ അഴിച്ചുപണി നടപ്പിലാക്കി.

പുതിയ സ്കോറിങ്ങ് സോഫ്റ്റ് വെയര്‍ "dougie" വഴി ആഗോളതലത്തിലെ പ്രദേശിക മത്സരം പോലും ക്രിക്ക് ഇന്‍ഫോയില്‍ ലഭിക്കുമെന്ന സ്ഥിതി വന്നു. 150 മില്യണ്‍ അമേരിക്കന്‍ ഡോളറായിരുന്നു ഈ സമയത്ത് ക്രിക്ക്ഇന്‍ഫോയുടെ ആകെ മൂല്യം. പിന്നീട് വിസ്ഡന്‍ ക്രിക്ക്ഇന്‍ഫോ എന്ന് ബ്രാന്‍ഡ് നാമം ഉണ്ടാകുകയും ചെയ്തു. ക്രിക്ക് ഇന്‍ഫോ ജീ എന്ന മൊബൈല്‍ പതിപ്പും ഈകാലത്ത് ഇറങ്ങി. 2005 ഒടെ തന്നെയാണ് പ്രമുഖരുടെ ബ്ലോഗുകളും ക്രിക്ക് ഇന്‍ഫോയില്‍ പ്രത്യക്ഷപ്പെടുവാന്‍ തുടങ്ങിയത്.

2007ലാണ് വിസ്ഡണ്‍ പ്രതിസന്ധിയില്‍ ആയതോടെ ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോ ഏറ്റെടുക്കുന്നത്. ഇതോടെ ക്രിക്ക്ഇന്‍ഫോ ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോ എന്ന് പുനര്‍ നാമകരണം ചെയ്തു. 2008ലാണ് കൂടുതല്‍ എന്റര്‍ടെയ്മെന്റ്, ചാറ്റ് എന്നിവ ക്രിക്ക്ഇന്‍ഫോ കൊണ്ടുവരുന്നത്. ഇതുവരെയുള്ള കണക്കുനോക്കിയാല്‍ സ്റ്റാറ്റസ് ഗുരുവിന് തന്നെയാണ് ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ ഉണ്ടായിരിക്കുന്നതെന്ന് ക്രിക്ക്ഇന്‍ഫോ സമ്മതിക്കും. അങ്ങനെ നിലയ്ക്കാത്ത പ്രയാണം തുടരുകയാണ് ലോക ക്രിക്കറ്റിന്റെ ഇ- ജാലകം.

വാല്‍കഷ്ണം - ഏറ്റവും വേഗത്തിലും കാര്യക്ഷമതയിലും പ്രവര്‍ത്തിക്കുന്ന ക്രിക്ക്ഇന്‍ഫോ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഡൗണ്‍ ആയ ഒറ്റ സന്ദര്‍ഭമേ ഉള്ളു അത് സച്ചിന്‍ നൂറാം സെഞ്ച്വറി നേടിയപ്പോഴാണ്, ഏറ്റവും കൂടുതല്‍ ട്രാഫിക്ക് ഉണ്ടായതാകട്ടെ, 2011ല്‍ ധോണി വാംഖഡേയില്‍ ലോകകപ്പ് ഉയര്‍ത്തിയപ്പോഴും.

 

 

 

Article Calendar

May 2019
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2