പരമ്പര തേടി ഇന്ത്യയും ദക്ഷിണാഫ്രിക്കയും നാളെയിറങ്ങും

ഡര്‍ബന്‍: ഇന്ത്യ ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് നാളെ ഡര്‍ബനിലെ കിങ്‌സ്മീഡില്‍ തുടങ്ങും. ഉച്ചയ്ക്ക് രണ്ടുമുതലാണ് മത്സരം. മത്സരം ജയിക്കുന്നവര്‍ക്ക് പരന്പര സ്വന്തമാക്കാം. ആവേശം നിറച്ച ആദ്യ ടെസ്റ്റിന് ശേഷം ലോക റാങ്കിങ്ങിലെ ഒന്നും രണ്ടും സ്ഥാനക്കാര്‍ നേര്‍ക്കുനേര്‍ വരുന്നത്. ഡര്‍ബനില്‍ ദക്ഷിണാഫ്രിക്കയുടെ തുടര്‍ പരാജയം അഞ്ചാക്കി ഉയര്‍ത്താനാകും ഇന്ത്യയുടെ ശ്രമം. 2008ന് ശേഷം ഡര്‍ബനില്‍ ആദ്യ ജയം തേടിയാണ് ദക്ഷിണാഫ്രിക്കയും മത്സരിക്കുന്നത്. ജൊഹാനസ്ബര്‍ഗ് ടെസ്റ്റിനിടെ പരിക്കേറ്റ മോണി മോര്‍ക്കലിന് പകരം കൈല്‍ അബട്ട് ദക്ഷിണാഫ്രിക്കന്‍ നിരയിലെത്തും. ആദ്യ ടെസ്റ്റില്‍ റണ്‍സ് ഏറെ വഴങ്ങിയ ഇമ്രാന്‍ താഹിറിനെ തഴയില്ലെന്നാണ് സൂചന. മോശം ഫോമിലുള്ള അശ്വിനുപകരം പ്രഗ്യാന്‍ ഓജ ഇന്ത്യന്‍ ടീമില്‍ എത്തിയേക്കും. എങ്കില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന് പുറത്ത് ഓജയ്ക്ക് ബൗള്‍ ചെയ്യാനുള്ള ആദ്യ അവസരമാകും ഡര്‍ബനിലേത്. ദക്ഷിണാഫ്രിക്കയെക്കാളും മികച്ച ഫോമിലാണ് ഇന്ത്യന്‍ പടയെന്ന് ചേതേശ്വര്‍ പൂജാര പറഞ്ഞു. ക്രിസ്മസിനുശേഷമുള്ള ബോക്‌സിംഗ് ദിനത്തില്‍ കിങ്‌സ്മീഡില്‍ പോരാട്ടം ശക്തമാകുമെന്ന് ഉറപ്പ്.