FacebookTwitter

കുറ്റാന്വേഷകനായി കയ്യടി നേടി പൃഥ്വിരാജ്!

പൊലീസ് ഉദ്യോഗസ്ഥന്‍മാര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രങ്ങള്‍ മലയാളത്തില്‍ വീണ്ടും ഒരുങ്ങുകയാണ്. പ്രത്യേകിച്ച് യുവ നടന്‍മാര്‍ പൊലീസ് അന്വേഷണ ഉദ്യോഗസ്ഥരെ അവതരിപ്പിക്കുന്ന ചിത്രങ്ങള്‍. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ, ഏറ്റവും ഒടുവില്‍ ഫഹദ് ( പ്രദര്‍ശനത്തിനെത്താനിരിക്കുന്ന വണ്‍ ബൈ ടു)... ഇങ്ങനെ യുവനടന്‍മാരെല്ലാം പൊലീസ് വേഷങ്ങള്‍ അവതരിപ്പിക്കുന്നുണ്ടെങ്കിലും അതില്‍ കയ്യടി കൂടുതല്‍ നേടുന്നത് സുകുമാരന്റെ മക്കള്‍ തന്നെ.  മുംബൈ പൊലീസ്, ലെഫ്റ്റ് ആന്‍ഡ് റൈറ്റ്, മെമ്മറീസ്.... അടുത്തകാലത്ത് ഈ ചിത്രങ്ങളിലാണ് പൃഥ്വിരാജും ഇന്ദ്രജിത്തും കാക്കിയിട്ടത്. ഇപ്പോഴിതാ പൃഥ്വിരാജ് വീണ്ടും പൊലീസ് ഉദ്യോഗസ്ഥനാകുകയാണ്. കേരളാ പൊലീസിന്റെ ക്രൈംബ്രാഞ്ച് ഡിപ്പാര്‍ട്ട്‌മെന്റില്‍നിന്ന് പുറത്താക്കപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥനായാണ് പൃഥ്വി എത്തുന്നത്. സെവന്‍ത് ഡേ എന്ന ചിത്രത്തിലാണ് പൃഥ്വി വീണ്ടും അന്വേഷണ ഉദ്യോഗസ്ഥനാകുന്നത്.

പൊലീസിന്റെ ക്രൈം റിക്കോര്‍ഡില്‍ രേഖപ്പെടുത്താതെ പോയ ഒരു സംഭവത്തിനു പിന്നാലെ ഡേവിഡ് എബ്രഹാം എന്ന ഉദ്യോഗസ്ഥന്‍ നടത്തുന്ന ഏഴു ദിവസത്തെ യാത്രയാണ് സെവന്‍ത് ഡേ. അഖില്‍ പോളിന്റെ തിരക്കഥയില്‍ ശ്യാംധര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

പൃഥ്വിരാജ് സിനിമയിലെത്തി രണ്ടുവര്‍ഷം കഴിഞ്ഞാണ് ആദ്യമായി പൊലീസായത്. സത്യം എന്ന ചിത്രത്തിലെ സഞ്ജീവ് കുമാര്‍ ആയിരുന്നു പൃഥ്വിയുടെ ആദ്യ പൊലീസ് വേഷം. പിന്നീട് ദ ത്രില്ലര്‍, പൊലീസ്, മാസ്റ്റേഴ്സ്, മനുഷ്യ മൃഗം, തുടങ്ങി ഏറ്റവും ഒടുവില്‍ മെമ്മറീസ് വരെയാണ് പൃഥ്വിയുടേതായി പ്രദര്‍ശനത്തിനെത്തിയ പൊലീസ് ത്രില്ലര്‍ ചിത്രങ്ങള്‍. പൃഥ്വിരാജിന് ഏറ്റവും അംഗീകാരം കിട്ടിയ വേഷങ്ങളില്‍ പ്രധാനവും പൊലീസ് ചിത്രങ്ങള്‍ തന്നെ. മുംബൈ പൊലീസിലെ ആന്റണി മോസ്സസ് പൃഥ്വിക്ക് നല്‍കിയ കീര്‍ത്തി ചെറുതല്ല. പിന്നീട് വന്ന മെമ്മറീസിലെ പൊലീസ് വേഷവും അഭിനയവൈഭവത്താല്‍ പൃഥ്വി മികച്ചതാക്കി. ഒന്നിനൊന്ന് വ്യത്യസ്തമായ മാനറിസവും ശരീരഭാഷയുമായാണ് ഓരോ പൊലീസ് വേഷവും പൃഥ്വി അവതരിപ്പിക്കുന്നത് എന്നത് അഭിനന്ദനീയവുമാണ്.

പൃഥ്വി മലയാളത്തില്‍ മാത്രമല്ല കാക്കിയിട്ടത്. മണിരത്നത്തിന്റെ രാവണിലൂടെ തമിഴിലും പൃഥ്വി പൊലീസ് ഓഫീസറായി. തെലുങ്കില്‍ ശ്രീകാന്തിനൊപ്പം പൊലീസ് പൊലീസിലും പൃഥ്വി കാക്കിയിട്ടു. അങ്ങ് ബോളിവുഡിലും പൃഥ്വിയുടെ കാക്കി വേഷം ക്ലിക്കായി. ഔറംഗസേബിലായിരുന്നു ഹിന്ദിയില്‍ പൃഥ്വി പൊലീസായത്.

കരിയറിന്റെ തുടക്കത്തില്‍ തന്നെ കാക്കിയിട്ട് കയ്യടി വാങ്ങിയ നടനാണ് പൃഥ്വിരാജിന്റെ ജ്യേഷ്ഠന്‍ ഇന്ദ്രജിത്ത്. ഇന്ദ്രന്‍ ആദ്യമായി കാക്കിയണിയുന്നത് മീശ മാധവനിലാണ്. ഈപ്പന്‍ പാപ്പച്ചിയെന്ന പൊലീസ് കഥാപാത്രം വില്ലനായിട്ടുപോലും ഇന്ദ്രന്റെ അഭിനയമികവില്‍ പ്രേക്ഷകമനസ്സില്‍ ഇടംപിടിച്ചു. പിന്നീട് റണ്‍വേയില്‍ ബാലു ദാമോധര്‍ എന്ന എസ്ഐ. തുടര്‍ന്ന് ഫിംഗര്‍പ്രിന്റ്, പൊലീസ്, ചേകവര്‍ ഏറ്റവും ഒടുവില്‍ ലെഫ്റ്റ് ആന്‍ഡ് റൈറ്റിലെ കൈക്കൂലിക്കാരനായ വട്ടു ജയന്‍ .... അങ്ങനെ നിരവധി പൊലീസ് വേഷങ്ങള്‍. എല്ലാം ഒന്നിനൊന്നു വ്യത്യസ്തമായ രീതിയില്‍ ഇന്ദ്രജിത്ത് അവതരിപ്പിച്ചു.

കാക്കിയിട്ട് തിളങ്ങിയ മലയാള നായക നിരയില്‍ എന്തായാലും ഇന്ദ്രജിത്തും പൃഥ്വിരാജും സ്വന്തം സ്ഥാനം അടയാളപ്പെടുത്തുകയാണ്. മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും സുരേഷ് ഗോപിയുടേയുമൊക്കെ പൊലീസ് ചിത്രങ്ങള്‍ ഇന്നും ആവേശത്തോടെ പലതവണ കാണുന്ന മലയാളി പ്രേക്ഷകര്‍ക്ക് ഇന്ദ്രന്റെയും പൃഥ്വിയുടേയും കാക്കി വേഷങ്ങളും പ്രിയംതന്നെ.

Add comment





 

 

 

Article Calendar

September 2017
Mon Tue Wed Thu Fri Sat Sun
28 29 30 31 1 2 3
4 5 6 7 8 9 10
11 12 13 14 15 16 17
18 19 20 21 22 23 24
25 26 27 28 29 30 1