FacebookTwitter

ദേശീയ ചലച്ചിത്ര പുരസ്കാരത്തിനപ്പുറം ബാബു കാമ്പ്രത്തിന്റെ ജീവിതം

    User Rating:  / 0

സാമൂഹ്യ പ്രസക്തിയുള്ള മികച്ച നോണ്‍ഫീച്ചര്‍ ഫിലിമിനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടിയ ബാബു കാമ്പ്രത്തിന്റെ ചലച്ചിത്ര ആക്റ്റിവിസ്റ്റ് ജീവിതം - കെ പി റഷീദ് എഴുതുന്നു.

'ഈ ചിത്രത്തില്‍ അപകട മുനമ്പില്‍ നില്‍ക്കുന്നത് പ്രകൃതിയല്ല, മനുഷ്യരാണ്. മൂന്നാറിന്റെ ദൃശ്യ സമൃദ്ധിക്കപ്പുറത്ത് നമ്മുടെ കൌതുക കണ്ണുകള്‍ കാണാതെ പോവുന്ന ഞെട്ടിപ്പിക്കുന്ന ഗര്‍ത്തങ്ങളെ കുറിച്ചാണ് അവ മുന്നറിയിപ്പ് നല്‍കുന്നത്. മൂന്നാറിലെ ലയങ്ങളില്‍ ജീവിതമിപ്പോഴും തുടരുന്നത്, ചായത്തോട്ടങ്ങളിപ്പോഴും കാശു വാരുന്നത് പച്ചയായ അടിമത്തത്തിന്റെ അദൃശ്യമായ ചങ്ങലപ്പുറത്തേറി മാത്രമാണെന്ന് ബാബുവിന്റെ സിനിമ കാണിച്ചു തരുന്നു. പളപളപ്പിന്റെ ടൂറിസ്റ്റു സ്വപ്നങ്ങള്‍ക്കപ്പുറം കണ്ണീരിന്റെയും അടിമത്തത്തിന്റെയും വാണിഭത്തിന്റെയുമെല്ലാം ഇരുണ്ടൊരു ലോകം പതിയിരിപ്പുണ്ടെന്നാണ് 'ബിഹൈന്റ് ദ മിസ്റ്റ്' പറയുന്നത്.''കുന്ന് വെറും ചരല്‍ക്കൂനയല്ല, ജീവന്റെ അദ്ഭുതലോകമാണ്. പ്രകൃതിയെ സ്നേഹിക്കുന്ന മനസ്സുണ്ടെങ്കില്‍ ഈ കാഴ്ചകള്‍ സ്വന്തം ചുറ്റുവട്ടത്ത് നിന്ന് കണ്ടെടുക്കാനാവും'. മൂന്നാറിന്റെ ജീവിതം പ്രമേയമായ ബിഹൈന്‍ഡ് ദ മിസ്റ്റ് എന്ന ചിത്രത്തിലൂടെ ഇന്ന് സാമൂഹ്യ പ്രസക്തിയുള്ള മികച്ച നോണ്‍ഫീച്ചര്‍ ഫിലിമിനുള്ള അവാര്‍ഡ് നേടിയ  ബാബു കാമ്പ്രത്തിന്റെ ആദ്യ ചിത്രമായ 'കാനം: ലൈഫ് സ്റ്റോറി ഓഫ് എ മിഡ്ലാന്റ് ഹില്‍' അവസാനിക്കുന്നത് ഈ വാക്കുകളിലാണ്.  28 മിനിറ്റ് നേരമുള്ള ആ സിനിമയുടെ അടിക്കുറിപ്പാണ് ഈ വാക്കുകള്‍.  ബാബു കാമ്പ്രത്ത് എന്ന സംവിധായകന്റെ ജീവിതത്തിനും ഈ അടിക്കുറിപ്പ് നന്നായി ചേരും.

തൊട്ടടുത്തുണ്ടായിട്ടും നാം കാണാതെപോവുന്ന പ്രകൃതിയുടെ അതിജീവനങ്ങളാണ് ബാബുവിന്റെ സിനിമകള്‍. നിരവധി പുരസ്കാരങ്ങള്‍ നേടിയ കാനം, കൈപ്പാട്  എന്നീ ഹ്വസ്വ സിനിമകളിലെല്ലാം  നിറഞ്ഞുനില്‍ക്കുന്നത് ഈ പ്രമേയമാണ്. പ്രകൃതിയുടെ അതിശയം എന്നു പറയുമ്പോള്‍ നമ്മുടെ ആലോചനകളെല്ലാം ചെന്നു നില്‍ക്കാറുള്ളത് വനങ്ങളിലേക്കും അപരിചിത സ്ഥലികളിലേക്കുമാണ്.  എന്നാല്‍, നാം ജീവിക്കുന്ന ഇടങ്ങളില്‍, നമുക്കു ചുറ്റുമായി പ്രകൃതിയുടെ സമൃദ്ധി പൂത്തുലഞ്ഞു നില്‍ക്കുന്നുവെന്നാണ് ബാബു പറയുന്നത്. കുന്നുകളിലും വയലുകളിലും വീട്ടു പറമ്പുകളിലുമെല്ലാം നമ്മുടെ കണ്ണുകളില്‍ പെടാതെ, നമ്മുടെ ആരാധനയ്ക്ക് പാത്രമാവാതെ ജൈവവൈവിധ്യത്തിന്റെ അതിശയലോകങ്ങള്‍ നിറഞ്ഞിരിക്കുന്നുണ്ടെന്നാണ് ബാബുവിന്റെ സിനിമകളും പറയുന്നത്.  കാടുകളെ സംരക്ഷിക്കാന്‍ വേണ്ടി കച്ചകെട്ടിയിറങ്ങുന്ന ഭരണകൂടവും പൊതുസമൂഹവും കുന്നുകളെയും സമതലങ്ങളെയും പാടങ്ങളെയുമെല്ലാം കണ്ടില്ലെന്നു നടിക്കുന്നതിന്റെ വിരുദ്ധോക്തികളിലാണ് ബാബുവിന്റെ മൂവി ക്യാമറയുടെ സഞ്ചാരവും.

ആദ്യ രണ്ട് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് ദേശീയ പുരസ്കാരം നേടിയ 'ബിഹൈന്റ് ദ മിസ്റ്റ്' എന്ന ചിത്രം. പാരിസ്ഥിതിക പ്രതലങ്ങളിലാണ് ആദ്യ രണ്ട് സിനിമകള്‍ സംഭവിക്കുന്നത്. തൊട്ടടുത്തുനിന്ന് പൊടുന്നനെ അപ്രത്യക്ഷമാവുന്ന ജൈവവൈവിധ്യത്തെക്കുറിച്ച ഞെട്ടിപ്പിക്കുന്ന മുന്നറിയിപ്പുകളായിരുന്നു അവ. എന്നാല്‍, ഈ ചിത്രത്തില്‍ അപകട മുനമ്പില്‍ നില്‍ക്കുന്നത് പ്രകൃതിയല്ല, മനുഷ്യരാണ്. മൂന്നാറിന്റെ ദൃശ്യ സമൃദ്ധിക്കപ്പുറത്ത് നമ്മുടെ കൌതുക കണ്ണുകള്‍ കാണാതെ പോവുന്ന ഞെട്ടിപ്പിക്കുന്ന ഗര്‍ത്തങ്ങളെ കുറിച്ചാണ് അവ മുന്നറിയിപ്പ് നല്‍കുന്നത്. മൂന്നാറിലെ ലയങ്ങളില്‍ ജീവിതമിപ്പോഴും തുടരുന്നത്, ചായത്തോട്ടങ്ങളിപ്പോഴും കാശു വാരുന്നത് പച്ചയായ അടിമത്തത്തിന്റെ അദൃശ്യമായ ചങ്ങലപ്പുറത്തേറി മാത്രമാണെന്ന് ബാബുവിന്റെ സിനിമ കാണിച്ചു തരുന്നു. പളപളപ്പിന്റെ ടൂറിസ്റ്റു സ്വപ്നങ്ങള്‍ക്കപ്പുറം കണ്ണീരിന്റെയും അടിമത്തത്തിന്റെയും വാണിഭത്തിന്റെയുമെല്ലാം ഇരുണ്ടൊരു ലോകം പതിയിരിപ്പുണ്ടെന്നാണ് 'ബിഹൈന്റ് ദ മിസ്റ്റ്' പറയുന്നത്. പ്രകൃതിയല്ല, വിഷയം എങ്കില്‍ പോലും ഈ ചിത്രത്തിന്റെയും അടിവേരുകള്‍ ചെന്നുനില്‍ക്കുന്നത് അതിപരിചയത്തിലും മറഞ്ഞുനില്‍ക്കുന്ന ജീവിതത്തിന്റെ അപരിചിതത്വത്തിലാണ്.

സ്റ്റില്‍ ക്യാമറയുടെ യാത്ര

പയ്യന്നൂര്‍ കാമ്പ്രത്ത് കാര്‍ത്ത്യായനിയുടേയും ചാത്തപ്പ പൊതുവാളിന്റേയും ഏഴാമത്തെ മകനാണ് ബാബു.  ചെറുപ്പത്തിലേ പ്രകൃതിയിലേക്ക് കണ്ണുനട്ടിരുന്നു. കാഞ്ഞങ്ങാട് കോളജില്‍ പഠിക്കുന്ന കാലം മുതല്‍, അന്തരിച്ച പാരിസ്ഥിതിക ഗുരു ജോണ്‍സി ജേക്കബിന്റെ മുന്‍കൈയില്‍ രൂപംകൊണ്ട'സീക്കു'മായി ബന്ധപ്പെട്ടു തുടങ്ങി. 1986ലാണ് ആദ്യം കാട്ടില്‍ പോവുന്നത്. 22 വര്‍ഷമായി മുടങ്ങാതെ കാടുകയറുന്നു. കോട്ടച്ചേരി വനത്തില്‍ സീക്ക് നടത്തിയ ക്യാമ്പ് ഉള്ളിലെ അജ്ഞാതമായ ഇടങ്ങളെയാണ് ഉണര്‍ത്തിയത്. ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക്, ജീവന്റെ അദ്ഭുതങ്ങളില്‍ അമ്പരന്നുള്ള നടത്തമായിരുന്നു പില്‍ക്കാലം.

പൂമ്പാറ്റയ്ക്കു പിന്നാലെ നടക്കുമ്പോള്‍ കാണുന്നത് അത് മാത്രമല്ല. ചെടികള്‍, ഇലകള്‍, പക്ഷികള്‍, ചെറുപ്രാണികള്‍. പ്രകൃതിയുടെ പാരസ്പര്യം. കാണുന്ന മനോഹര ദൃശ്യങ്ങള്‍ രേഖപ്പെടുത്താനുള്ള വഴിതേടിയെത്തിയത് കാമറയിലാണ്. കണ്ട പൂമ്പാറ്റച്ചിറകിന്റെ ചാരുത മറ്റുള്ളവരിലേക്ക് പകര്‍ന്നുകൊടുക്കാന്‍ കാമറയ്ക്കാവുമെന്ന തിരിച്ചറിവ് നടത്തത്തിന് വേഗത കൂട്ടി.

പൂമ്പാറ്റപ്പുസ്തകം

113 ഇനം പൂമ്പാറ്റകളുടെ ആവാസകേന്ദ്രമാണ് പയ്യന്നൂരിനടുത്തെ മാടായിപ്പാറ. ഒറ്റനോട്ടത്തിലത് തരിശുനിലമാണ്. എന്നാല്‍, അനേകം ജൈവവൈവിധ്യങ്ങളുടെ ഉല്‍സവമാണവിടെ. കുന്നിടിച്ചു നിരത്താനെത്തുന്നവര്‍ക്കുമുന്നില്‍, കുന്ന് ഇതിലപ്പുറം മറ്റെന്തൊക്കെയോ ആണെന്നു പറയണമെങ്കില്‍ രേഖകള്‍ വേണം. കാമറ പിടിച്ചെടുത്ത കാഴ്ചകള്‍ അവിടെ ജൈവരേഖകളായി മാറും. അങ്ങനെ, ഫോട്ടോഗ്രഫി, മണ്ണിന്റെ ജൈവ സമൃദ്ധിയെ നശിക്കാതെ അണച്ചുപിടിക്കാനുള്ള ഒരുപാധികൂടിയാണെന്ന് ബോധ്യമായി. പൂമ്പാറ്റകള്‍ക്കുപിന്നാലെയുള്ള നടത്തം അവിടെ തുടങ്ങി.നഒരു പതിറ്റാണ്ടിലേറെ ശലഭങ്ങള്‍ക്കു പിന്നാലെ നടന്നു. 138 സ്പീഷിസുകളിലെ പൂമ്പാറ്റകളുടെ ചിത്രങ്ങള്‍ ഒപ്പിയെടുത്തു.

സുഹൃത്തുക്കളായ ഡോനജാഫര്‍ പാലോട്ടും വിനസി ബാലകൃഷ്ണനുമൊത്ത് 'കേരളത്തിലെ ചിത്രശലഭങ്ങള്‍' എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നതില്‍ എത്തിനിന്നു ആ നടത്തം. ഇന്ത്യയില്‍തന്നെ, ഇത്രയധികം ഫോട്ടോഗ്രാഫുകളുടെ സമഗ്രതയോടെ മറ്റൊരു പൂമ്പാറ്റപ്പുസ്തകം ഇറങ്ങിയിട്ടില്ല. കോഴിക്കോട് ആസ്ഥാനമായ മലബാര്‍ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റി പ്രസിദ്ധീകരിച്ച ആ പുസ്തകം ചിത്രശലഭങ്ങളെകുറിച്ചുള്ള ആധികാരിക രേഖയാണ്.

ചിത്രശലഭങ്ങള്‍ക്കൊപ്പമുള്ള യാത്രകള്‍ക്കിടെ കുന്നുകളുടെ ഉള്ളറിയുന്നുണ്ടായിരുന്നു ബാബു. മണ്ണുമാന്തി യന്ത്രങ്ങള്‍ കുന്നുകളെ ഓരോന്നായി ഇല്ലാതാക്കുന്നതും. പയ്യന്നൂരിലും പരിസരങ്ങളിലും ഇടനാടന്‍ കുന്നുകളുടെ സംരക്ഷണത്തിനായി പരിസ്ഥിതിപ്രവര്‍ത്തകരുടെ മുന്‍കൈയില്‍ നിരവധി സമരങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. 'സീക്കി'ന്റെ തന്നെ ആഭിമുഖ്യത്തില്‍, കുന്നുകളുടെ ജൈവപ്രസക്തി വ്യക്തമാക്കുന്ന 'ഇടനാടന്‍ കുന്നുകള്‍' എന്ന പുസ്തകത്തിന്റെ പ്രവര്‍ത്തനവും നടക്കുന്നുണ്ടായിരുന്നു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളെ ജലസമൃദ്ധമാക്കുന്ന 19 നദികളില്‍ 14 എണ്ണവും ഇടനാടന്‍ കുന്നുകളില്‍നിന്ന് പിറക്കുന്നവയായിട്ടും അധികൃതരും പൊതുസമൂഹവും കുന്നുകളുടെ മരണമണി കേട്ടില്ലെന്നു നടിക്കുകയായിരുന്നു. കുന്നുകളുടെ ജൈവതാളത്തെക്കുറിച്ച് എത്ര പറഞ്ഞിട്ടും ബോധ്യമാവാത്ത നാട്ടുകാര്‍ക്കുമുന്നില്‍ കുന്നുകള്‍ എന്തെന്ന് പറഞ്ഞുകൊടുക്കേണ്ടത് അനിവാര്യമായിരുന്നു.

കാനം

 

അങ്ങനെയാണ് ബാബുവിന്റെ ആദ്യത്തെ ഡോക്യുമെന്ററി 'കാനം' പിറന്നത്. ഡോക്യുമെന്ററി ചെയ്യണം എന്ന വിചാരത്തിലല്ല അത് പിറന്നത്. കുന്നുകളിലൂടെയുള്ള പതിവുനടത്തം യാദൃച്ഛികമായി അങ്ങനെ ആയിത്തീരുകയായിരുന്നു. 'സീക്കി'ന്റെ വനയാത്രകളില്‍നിന്ന് കിട്ടിയ സൂരജ് എന്ന സുഹൃത്തായിരുന്നു ക്യാമറയുമായി ഒപ്പം നിന്നത്. വീഡിയോ ക്യാമറ സ്വന്തമായി ഉണ്ടെങ്കിലും പ്രൊഫഷണലായി ഉപയോഗിക്കാറില്ലാത്ത സുരജുമൊത്ത് രണ്ട് വര്‍ഷത്തോളം ശനിയും ഞായറും ദിവസങ്ങളില്‍ കാനം കുന്നിലേക്ക് യാത്ര നടത്തി. ചിത്രങ്ങള്‍ പകര്‍ത്തി. ക്രമേണ, അതിന് രൂപഭാവങ്ങളുണ്ടായി. ഋതുക്കള്‍ അനുസരിച്ച് കുന്നിന്റെ ജീവിതം കൃത്യമായി പകര്‍ത്തിത്തുടങ്ങി. രണ്ടുവര്‍ഷം കൊണ്ട് 12 മണിക്കൂര്‍ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി. പയ്യന്നൂരിലെ തന്നെ ലിജോ എന്ന സുഹൃത്തിന്റെ എഡിറ്റിംഗ് മുറിയില്‍ അത് 28 മിനിറ്റായി ചുരുങ്ങി. സ്കൂളുകളിലും മറ്റും കുട്ടികള്‍ക്ക് പ്രദര്‍ശിപ്പിക്കുകയായിരുന്നു മനസ്സിലുണ്ടായിരുന്ന പ്രധാന ലക്ഷ്യം. കുന്നുകള്‍ക്ക് വേണ്ടിയുള്ള സമരങ്ങളില്‍ ഉപയോഗിക്കാമെന്നും കരുതി.

അങ്ങനെയിരിക്കെയാണ് ഗോവയില്‍ നടന്ന മുപ്പത്തിയൊമ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള ക്ഷണം. അതോടെ 'സിനിമ'എന്ന മാധ്യമത്തിന്റെ പല വശങ്ങള്‍ ഗൌരവമായി ഉള്ളിലേക്ക് വീണു. ഫണ്ടിംഗ് സ്ഥാപനങ്ങളൊന്നും ഇത്തരം ശ്രമങ്ങള്‍ക്ക് ധനസഹായം നല്‍കില്ല. അടിസ്ഥാന വിവര ശേഖരണത്തേക്കാള്‍ അവര്‍ക്ക് താല്‍പര്യം പരിസ്ഥിതി ക്യാമ്പുകളും മറ്റുമാണ്. അതിനാല്‍, ജോലി ചെയ്തുകിട്ടുന്ന വേതനം തന്നെ സിനിമയുടെ മൂലധനമാക്കേണ്ടിവന്നു. എംഎസ്സി  എന്റമോളജി കഴിഞ്ഞ ഭാര്യ ദീപ എല്ലാത്തിനും പ്രോല്‍സാഹനമായി. എല്ലാ വാരാന്ത്യത്തിലും കുന്നിന്‍പുറത്ത് കാമറയുമായി കറങ്ങുന്നത് ഭ്രാന്താണെന്ന് മുദ്രകുത്തിയ നാട്ടുകാരില്‍ പലരും ഗോവന്‍മേള നല്‍കിയ വിലാസത്തില്‍ ആ അഭിപ്രായം മാറ്റി.

ഗോവ മേളയുടെ  ഹ്രസ്വചിത്രവിഭാഗത്തില്‍ 'കാനം' ഏറെ  ശ്രദ്ധിക്കപ്പെട്ടു.  അതേ വര്‍ഷം കേരള ചലച്ചിത്ര അക്കാദമി തിരുവനന്തപുരത്ത് നടത്തിയ രാജ്യാന്തര ഹ്രസ്വചലച്ചിത്രമേളയില്‍ ഏറ്റവും മികച്ച ഡോക്യുമെന്ററിക്കുള്ള അവാര്‍ഡും ഈ ചിത്രത്തിനായിരുന്നു. നാഷനല്‍ ജ്യോഗ്രഫിക് ചാനലില്‍ പ്രദര്‍ശിപ്പിച്ചതടക്കം നിരവധി വമ്പന്‍ ചിത്രങ്ങളെ പിന്തള്ളിയാണ് ഈ കൊച്ചുചിത്രം നേട്ടം കൊയ്തത്. സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡും പ്രശസ്തമായ വാതാവരണ്‍ പരിസ്ഥിതി ചലച്ചിത്രോല്‍സവ പുരസ്കാരവും ഈ ചിത്രത്തെ തേടിയെത്തി.

കൈപ്പാട്

പയ്യന്നൂര്‍ സ്വദേശിയായ ബാബുവിന്റെ രണ്ടാമത്തെ ചിത്രവും അതേ പരിസരത്തുനിന്നു തന്നെയായിരുന്നു. അഴിമുഖ പ്രദേശത്തെ ഓരുവെള്ളം പ്രവേശിക്കുന്ന പാടത്ത് ഒരു വര്‍ഷം സംഭവിക്കുന്ന ജൈവികപരിണമങ്ങളായിരുന്നു ചിത്രത്തിന്റെ ഇതിവൃത്തം. ഒന്നരവര്‍ഷം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയായത്. ജൈവകൃഷിരീതികളിലൂടെ ഓരുവെള്ളം പ്രവേശിക്കുന്ന പാടങ്ങളില്‍ നെല്ല്, ചെമ്മീന്‍ കൃഷികള്‍ സംഭവിക്കുന്നതെങ്ങനെയെന്ന് ശാസ്ത്രീയവീക്ഷണത്തോടെ പറയുകയായിരുന്നു ഈ ചിത്രം. മാനുഷിക ഇടപെടലുകള്‍ ജൈവവ്യവസ്ഥയുടെ സ്വാഭാവിക ശേഷികള്‍ എങ്ങനെ സമ്പന്നമാക്കുന്നുവെന്നാണ് ഈ ചിത്രം പറയുന്നത്.

പുഴ കടലില്‍ ചേരുന്ന അഴിമുഖതീരത്തിന് പിറകിലായി, ഓരുജലം കയറിനില്‍ക്കുന്ന കായലിനോട് ചേര്‍ന്ന് ഏറ്റിറക്കങ്ങളില്‍ പുഷ്ടിപ്രാപിക്കുന്ന ചതുപ്പുനിലങ്ങളാണ് കൈപ്പാട് നിലങ്ങള്‍. വടക്കന്‍ മലബാറിന്റെ സ്വന്തം കാര്‍ഷികനിലങ്ങള്‍. പ്രകൃതിയും മനുഷ്യരും പരസ്പരം ലയിച്ചു ചേരുന്ന സ്വാഭാവിക കൃഷിയുടെ താളമാണ് ചിത്രം പകര്‍ത്തിയത്. അഗ്രി ബിസിനസിന്റെ കാലത്ത് അഗ്രി കള്‍ച്ചറിന്റെ പ്രാധാന്യം ഊന്നിപ്പറയുന്ന ഈ ചിത്രം നമ്മുടെ കാര്‍ഷിക സംസ്കൃതിക്ക് വന്നുപെട്ട ദുരന്തത്തെ സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്.

നെല്‍ കൃഷിയും ചെമ്മീന്‍ കെട്ടും മാറിമാറി വരയ്ക്കുന്ന പെയിന്റിങായാണ് ബാബുവിന്റെ ദൃശ്യഭാഷ കൈപാട് നിലത്തെ അടയാളപ്പെടുത്തിയത്. ആഴത്തിലുള്ള ഗവേഷണവും പാരിസ്ഥിതിക നിലപാടും വ്യത്യസ്തമായ ദൃശ്യപരിചരണവുമാണ് ചിത്രത്തെ വ്യത്യസ്തമാക്കിയത്.

2010ലെ ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച പരിസ്ഥിതിചിത്രത്തിനുള്ള വസുധ പുരസ്കാരം കൈപ്പാട് കരസ്ഥമാക്കി. മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള  സംസ്ഥാന സര്‍ക്കാറിന്റെ ടെലിവിഷന്‍ പുരസ്കാരവും കൈപ്പാടിനായിരുന്നു. പ്രതിരോധ സിനിമയ്ക്കുള്ള ജോണ്‍ ഏബ്രഹാം അവാര്‍ഡും ഈ ചിത്രം സ്വന്തമാക്കി.

മഞ്ഞിനപ്പുറംപയ്യന്നൂര്‍ എല്‍ഐസിയില്‍ ജീവനക്കാരനായിരുന്ന ബാബുവിന് അവിചാരിതമായി വന്നുപെട്ട ഒരു സ്ഥലം മാറ്റമാണ് മൂന്നാമത്തെ ചിത്രത്തിന് വഴിയൊരുക്കിയത്. അടിമാലിയിലേക്കായിരുന്നു സ്ഥാനക്കയറ്റത്തോടു കൂടിയ സ്ഥലം മാറ്റം. അപരിചിത ദേശം. അപരിചിതരായ മനുഷ്യര്‍. അവിടെ വീര്‍പ്പുമുട്ടിയപ്പോഴാണ് ക്യാമറയുമായി ബാബു പ്രാന്തപ്രദേശങ്ങളിലേക്ക് നീങ്ങിയത്. ആ യാത്ര മൂന്നാറില്‍ ചെന്നുനിന്നു. മൂന്നാറിലെത്തുന്ന എല്ലാ അപരിചിതര്‍ക്കും തോന്നുന്നതുപോലെ വിനോദ സഞ്ചാരിയുടെ കൌതുക കണ്ണായിരുന്നില്ല ബാബുവിന്.

മഞ്ഞിന്‍ മറയ്ക്കകത്തേക്ക് അവധിദിനങ്ങളില്‍ നടത്തിയ യാത്രകള്‍ മൂന്നാറിന്റെ ചാരുതയ്ക്കകത്തെ പൊള്ളുന്ന കുറേ ജീവിതങ്ങളെ കാണിച്ചുകൊടുത്തു.  ടീ എസ്റ്റേറ്റുകളില്‍ അടിമ വേല നയിക്കുന്ന മനുഷ്യരുടെ ജീവിതത്തിനകത്തേക്ക് മെല്ലെ മെല്ലെ ക്യാമറയുമായി ബാബു നടന്നുകയറി. അതാണ് ബിഹൈന്‍ഡ് ദ മിസ്റ്റ് എന്ന ഡോക്യുമെന്ററിയായത്.

ലയമെന്നു പേരുള്ള കുടുസ്സായ പാര്‍പ്പിടമാണ് മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ ജീവിതത്തിന്റെ ചങ്ങല. കാലങ്ങള്‍ക്കുമുമ്പേ തോട്ടം പണിക്കായി എത്തിയവര്‍ താമസിക്കുന്ന ഇത്തിരിയിടമാണ് ലയങ്ങള്‍. സ്വന്തമായി ഭൂമിയില്ലാത്ത മനുഷ്യര്‍ ലയങ്ങളില്‍ ജീവിച്ച്, തുച്ഛമായ തുകക്ക്, ചൂഷണങ്ങള്‍ക്കിടയില്‍ തോട്ടങ്ങളില്‍ വേലയെടുത്തുപോരുന്നു. പണിയെടുക്കാനുള്ള ആരോഗ്യം പോവുമ്പോള്‍ ലയത്തില്‍നിന്ന് ഇറങ്ങണം. പോവാന്‍ ഇടമില്ലാത്ത മനുഷ്യര്‍ ലയത്തില്‍നിന്ന് ഇറങ്ങാതിരിക്കാന്‍ പോംവഴി തേടുന്നത് സ്വന്തം മക്കളിലാണ്. പണിയെടുക്കാനാവുന്ന കാലമെത്തുമ്പോള്‍ അവര്‍ മക്കളെ വേലക്കയയ്ക്കുന്നു. അങ്ങനെ ലയങ്ങളില്‍നിന്ന് സ്വയം പുറത്താവാതെ സൂക്ഷിക്കുന്നു. കാലങ്ങളോളം ദുരിതങ്ങള്‍ക്കകത്ത് പൊറുതി നടത്തുന്നു.

കാലങ്ങളായി നീളുന്ന അടിമത്തത്തിന്റെ ഈ ചങ്ങലയെയാണ് ബാബുവിന്റെ ചിത്രം സമര്‍ത്ഥമായി തുറന്നു കാണിക്കുന്നത്. മൂന്നാറുമായി ബന്ധപ്പെട്ട മറ്റു വശങ്ങളൊന്നും ചിത്രം പരിഗണിക്കുന്നേയില്ല. അടിമത്തത്തിന്റെ കാണാവേരുകള്‍ മാത്രമാണ് അത് തിരയുന്നത്.  അത് പകര്‍ത്തി വ്യത്യസ്തമായി അവതരിപ്പിക്കുന്നതില്‍ ബാബുവെന്ന സംവിധായകന്‍ വിജയിച്ചു എന്നതിന്റെ തെളിവാണ് ദേശീയ പുരസ്കാരം.

പണ്ടേ കൂടെയുള്ള ലിജോ തോമസാണ് ചിത്രത്തിന്റെ എഡിറ്റര്‍.  സുഹൃത്തും കേരള വനഗവേഷണ കേന്ദ്രത്തില്‍ ശാസ്ത്രജ്ഞനുമായ ഡോ എം അമൃതാണ് ഗവേഷണം. അലിയാറാണ് ശബ്ദം.

 

 

 

Article Calendar

April 2019
Mon Tue Wed Thu Fri Sat Sun
1 2 3 4 5 6 7
8 9 10 11 12 13 14
15 16 17 18 19 20 21
22 23 24 25 26 27 28
29 30 1 2 3 4 5