FacebookTwitter

ജോസഫിന്റെ മണം

    User Rating:  / 1

അശ്വതി ശശികുമാര്‍
വൈകുന്നേരം. വധുവിന്റെ വേഷങ്ങളഴിച്ചുവച്ച് വീണ്ടും പഴയ ചുരിദാര്‍ ധരിക്കുന്നതിനിടയില്‍ ചിത്രലേഖ കണ്ണാടിയില്‍ നോക്കി ചിരിച്ചു. കാറ്റു പിടിച്ചപോലെ കോടിപ്പോയ ഒരു ചിരിയായി അവള്‍ക്കുതന്നെ അതു തിരിച്ചുകിട്ടി.

പിന്നുകളഴിച്ച് പട്ടുസാരി ചുളുക്കില്ലാതെ മടക്കിവച്ചു. മുല്ലപ്പൂമാല തിരുകിക്കോര്‍ത്ത സ്ളൈഡുകള്‍കൊണ്ട് ശിരസ്സു മുഴുവന്‍ വേദനയാണ്. ആഭരണങ്ങളുടെ ഭാരം താങ്ങി തോളും കഴുത്തും വേദനിക്കുന്നു. രാവിലെ മുതല്‍ ഒരേ നില്‍പ്പ്.. ശരീരം മുഴുവന്‍ കട്ടുകഴയ്ക്കുകയാണ്.

ചിത്രലേഖയ്ക്ക് എങ്ങനെയും മുറിയിലൊന്ന് എത്തിപ്പെട്ടാല്‍ മതിയെന്നായി. സാരിയും അഭരണങ്ങളും പെട്ടിയിലാക്കി ഷോറൂം മാനേജരെ ഏല്‍പ്പിക്കുമ്പോള്‍ അയാള്‍ക്ക് പതിവുള്ള ആ ചിരി 'ചിത്രലേഖ. ആര്‍ യു എലോണ്‍ ഇന്‍ ദ റൂം... രാത്രീല് പേടീണ്ടോ...''

മറുപടി അര്‍ഹിക്കുന്നില്ലാത്ത ചോദ്യമായതുകൊണ്ട് അവളതു തട്ടിമാറ്റി പുറത്തേക്കിറങ്ങി. എല്ലാവരും പോകാനുള്ള തിരക്കിലാണ്. ആര്‍ക്കും മുഖം കൊടുക്കാതെ നടക്കുന്നതിനിടയില്‍ കണ്ണാടിവാതിലിനു വെളിയിലെ കസേരയിലിരിക്കുന്ന സെക്യൂരിറ്റി ജോസഫിന്റെ സൌഹൃദത്തിന്റെ നിറമുള്ള ചിരി കണ്ടില്ലെന്നു നടിച്ചെങ്കിലും അയാളുടെ മണം മൂക്കിലേക്കടിച്ചുകയറി.

സന്ധ്യയ്ക്കു നഗരം തിളച്ചുതൂകുന്ന ഒരു പാത്രമാണ്. ആളുന്ന തീനാളങ്ങളിലേക്ക് അത് കവിഞ്ഞ് ചതഞ്ഞ് എരിഞ്ഞിറങ്ങക്കൊണ്ടിരിക്കുന്നു. മതിലുകള്‍ക്കിടയില്‍ ഞെരുങ്ങിപ്പോകുന്നവരുടെ ദൈന്യതകളെ ഞെരിച്ചുകൊണ്ട് ഒരു കൂറ്റന്‍ ട്രെയിന്‍ എന്നപോലെ തെരുവ് ഇരമ്പിപ്പായുകയാണ്. കംപാര്‍ട്ട്മെന്റ് ഏതെന്നുപോലും നോക്കാതെ ചിത്രലേഖ തെരുവിന്റെ വേഗങ്ങളിലേക്ക് പിടിച്ചുകയറി.

പകല്‍ ജലപീരങ്കിയും കണ്ണീര്‍വാതകവും പരന്നൊഴുകിയ നഗരത്തില്‍ സന്ധ്യ പക്ഷേ, വര്‍ണാഭമാണ്. റെയില്‍പ്പാളങ്ങള്‍ക്കപ്പുറത്ത് ഇന്റര്‍നാഷനല്‍ ഹോട്ടലിന്റെ ഓഡിറ്റോറിയത്തില്‍ മിസ് കേരള മത്സരം നടക്കുന്നു. വെളിച്ചങ്ങളില്‍ നിറങ്ങള്‍ മത്സരിക്കുകയാണ്. നഗരം ചിരികളില്‍ മുങ്ങിപ്പോകുന്നു.

പകല്‍ സാമൂഹികപാഠങ്ങള്‍ കത്തിച്ച തെരുവ്.

ചരിത്രത്തിനാണു തീ കൊളുത്തിയത്. എന്നാല്‍ തീ പിടിച്ചത് മനുഷ്യര്‍ക്കാണ്. കത്തിപ്പോയതു ജീവിതങ്ങളും.

ഒടുവില്‍ ഇരുണ്ടുപോയ ഒരു സമൂഹം അവശേഷിക്കുന്നു. സൌന്ദര്യമത്സരത്തിന്റെ നിറങ്ങള്‍ക്കും ചിരികള്‍ക്കും കീഴെ തെരുവു കരുവാളിച്ചുകിടക്കുന്നു.

തീയില്‍പ്പെടാതെ മാറിനടക്കാനിടമില്ലാത്തവണ്ണം എല്ലായിടവും കത്തുമ്പോള്‍ എതിലേയാണ് മാറിനടക്കുക?

'വീടിനു തീപിടിച്ചാല്‍ പുറത്തേക്കോടാം. ഭൂമിക്കു തീപിടിച്ചാലോ...?' അമ്മ ഇടയ്ക്കിടെ പറയാറുണ്ട്. അമ്മ ഇപ്പോള്‍ എന്തു ചെയ്യുകയാവും... മലകള്‍ക്കും കാടുകള്‍ക്കും ഇടയിലെ ആ വീട്ടില്‍ ഇപ്പോള്‍ ഇരുട്ടു പരന്നിട്ടുണ്ടാവും. അമ്മ മണ്ണെണ്ണവിളക്കു കൊളുത്തുകയാവും.

ഹൈറേഞ്ചിലെ പാവപ്പെട്ട അമ്മമാര്‍ പകലുകളിലും ഇരുട്ടിലാണ് കഴിയുന്നത്. ഇരുട്ടില്‍ തപ്പിത്തടഞ്ഞ് മുറിഞ്ഞ കൈകാലുകളും ഫേഷ്യല്‍ ചെയ്യാതെ ഇരുണ്ടുപോയ മുഖങ്ങളുമായി അവര്‍ മക്കള്‍ക്കുവേണ്ടി കത്തുന്ന വിളക്കുകളാവും.

പണികഴിഞ്ഞു വന്ന്, അടുപ്പു കത്തിച്ച് അമ്മ അത്താഴമുണ്ടാക്കുന്നത് അവള്‍ കണ്ടു. അനിയത്തിമാര്‍ മെഴുകുതിരി വെട്ടങ്ങളിലിരുന്നു പഠിക്കുന്നു. കിലോമീറ്ററുകള്‍ക്കപ്പുറത്തുനിന്ന് അവരുടെ വര്‍ത്തമാനങ്ങള്‍ കേട്ടുകേട്ട് ചിത്രലേഖ റെയില്‍പാളത്തിനും നാഷനല്‍ ഹൈവേക്കും ഇടയിലുള്ള ലൈന്‍ കെട്ടിടത്തിനു മുന്നിലെത്തി. ചെറിയ വാടകത്തുകയുടെ പകുതിമാത്രം  എന്ന ആശ്വാസങ്ങളില്‍ ചവിട്ടി രാത്രിമാത്രം തനിക്കവകാശപ്പെട്ട ആ വാടകമുറിയിലേക്ക് കടന്നപ്പോള്‍ അവള്‍ അസ്വസ്ഥതകളുടെ വാതിലുകള്‍ക്കുള്ളിലാവുകയാണ് ചെയ്തത്. മുറിയില്‍ ജോസഫിന്റെ മണം. തൊട്ടുമുമ്പെപ്പോഴോ വാതില്‍പൂട്ടി പുറത്തുപോയ അയാളുടെ നിശ്വാസം.

സിഗരറ്റിന്റെ...
ഷേവിങ് ക്രീമിന്റെ..
വിയര്‍പ്പിന്റെ...
ഒളിപ്പിച്ചുവച്ച ഒരു നോട്ടത്തിന്റെ...
അപരിചിതത്വത്തിന്റെ...
പിന്നെ പേരറിയാത്ത എന്തിന്റെയോക്കെയോ മണങ്ങള്‍..
മുറിയില്‍ ചുറ്റിത്തിരിയുന്ന ഒരദൃശ്യസാമീപ്യം.

അവള്‍ വാതിലടച്ചു കുറ്റിയിട്ടു.

ഇപ്പോള്‍ സിമന്റ് കട്ടകള്‍ക്കൊണ്ട് കെട്ടിപ്പടുത്ത ഒരു സുരക്ഷിതത്വം ചുറ്റിനുമുണ്ട്.

പക്ഷേ, പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് എപ്പോള്‍ വേണമെങ്കിലും കീറിപ്പോകാവുന്ന ഒരു ചുരിദാറിനുള്ളില്‍ കിട്ടാവുന്ന സുരക്ഷിതത്വം മാത്രമേ എവിടെയുമുള്ളൂ.

വെഡ്ഡിംഗ് സെന്ററിലെ സെക്യൂരിറ്റി ഗാര്‍ഡ് ജോസഫിനുള്ളതാണ് ആ മുറിയിലെ പകലുകള്‍. വൈകുന്നേരം ജോലി കഴിഞ്ഞ് അവളെത്തുന്നതിനുമുമ്പ് മുറിവിട്ടു പൊയ്ക്കൊള്ളാം എന്ന അയാളുടെ കരാറി•ലാണ് അവര്‍ രാപ്പകലുകളെ പകുത്തുകൊണ്ട്  മുറി പങ്കുവെച്ചത്.

നഗരത്തിലെ, കുറഞ്ഞ വരുമാനക്കാരായ പെണ്‍കുട്ടികള്‍ക്ക് ഇങ്ങനെയും കഴിയേണ്ടതായി വരും... ചിത്രലേഖ പലപ്പോഴും തന്നോടുതന്നെ പറഞ്ഞു. പക്ഷേ, ഹാംഗറില്‍ തൂങ്ങിക്കിടക്കുന്ന അയാളുടെ വസ്ത്രങ്ങള്‍, കിടക്കയുടെ ഒരരുകില്‍ മടക്കിവച്ചിരിക്കുന്ന വിരിപ്പ്... തറയിലെ ചെരുപ്പ്...

ഒരു സ്ഥാപനത്തില്‍ പകലും രാത്രിയുമായി ജോലി ചെയ്യുന്നവരെന്നതൊഴിച്ചാല്‍ അപരിചിതനാണയാള്‍ ...

ഇപ്പോള്‍ വേര്‍തിരിച്ചെടുക്കാനാകാതെ ഒരസ്വസ്ഥത മുറിക്കുള്ളില്‍ കെട്ടിനില്‍പ്പുണ്ട്. മേശപ്പുറത്ത് അയാളുടെ ക്രിസ്തു. ഒരരുകില്‍ അവളുടെ കൃഷ്ണന്‍. ചന്ദനത്തിരി കൊളുത്തി കണ്ണുകളടച്ചു പ്രാര്‍ത്ഥിക്കുമ്പോള്‍ കേള്‍ക്കുന്ന കാലൊച്ച ഏതു രക്ഷകന്റെയാണ്....? നീണ്ട പകല്‍ ക്ഷീണങ്ങളുടെ ഒടുവില്‍ ജോസഫിന്റെ മണമുള്ള കിടക്കയില്‍ ഉറങ്ങാന്‍ കിടക്കേ, ചിത്രലേഖ അറിഞ്ഞു. നഗരങ്ങളില്‍ ജോലി ചെയ്യുന്ന പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് ഒരിക്കലും ഉറങ്ങാനാവില്ല. സ്വപ്നങ്ങളെല്ലാം രാത്രിയുടെ ഇരുട്ടില്‍ പൊതിഞ്ഞുകെട്ടി കണ്ണുകളടച്ച് വെറുതേ കിടക്കുമ്പോഴും അവര്‍ ചുറ്റിനും നോക്കിക്കൊണ്ടിരിക്കും. രാത്രി മുഴുവനും കാതുകള്‍ ഇരുവശത്തേക്കും തുറന്നുവയ്ക്കും. ഇപ്പോള്‍, അപരിചിതനായ ഒരു പുരുഷന്റെ മുറി പങ്കുവയ്ക്കേണ്ടിവന്ന നിസ്സഹായതയ്ക്കുനേരെ സിമന്റ് ഭിത്തികളില്‍നിന്നും ചില കണ്ണുകള്‍ തുറിച്ചുനോക്കുന്നുണ്ട്. ഇരുട്ടില്‍ എവിടുന്നൊക്കെയോ കൈകള്‍ നീണ്ടുവരുന്നു.
വെഡ്ഡിങ് സെന്ററിലെ കണ്ണാടിക്കൂടിനുള്ളില്‍ പകല്‍ മുഴുവന്‍ ഒരു  പ്രതിമയായി നില്‍ക്കുമ്പോള്‍ ഇതിലും സുരക്ഷിതയാണെന്നവള്‍ക്കു മനസ്സിലായി. മുമ്പില്‍ വന്നുനിന്ന് ആളുകള്‍ തുറിച്ചുനോക്കും. കണ്ണുകള്‍കൊണ്ടു വിവസ്ത്രയാക്കും. നോട്ടംകൊണ്ടു മാനഭംഗപ്പെടുത്തും. എന്നാലും ബ്യൂട്ടീഷന്‍ അണിയിച്ചൊരുക്കിയ വധുവായി ആളുകളുടെ മുന്നില്‍ നില്‍ക്കാന്‍ കഴിയുന്നതില്‍ അവള്‍ക്ക് സങ്കടവും സന്തോഷവും ഉണ്ടായിരുന്നു. ജീവിതത്തിലൊരിക്കലും കെട്ടാന്‍ കഴിയുമെന്ന പ്രതീക്ഷയില്ലാത്ത ഒരു വേഷത്തിനുള്ളിലായിരുന്നു അവളുടെ പകലുകള്‍. എഴുതാനുള്ളതെല്ലാം മഷി അതിന്റെ നീലയിലൊളിച്ചുവയ്ക്കുമ്പോലെ ചിരികള്‍ക്കുള്ളില്‍ ഒളിച്ചുവെച്ച ഒരു കരച്ചിലായി, ചിത്രലേഖ. അവളുടെ മയക്കങ്ങളില്‍ കയറിയിറങ്ങി ട്രെയിനുകള്‍ പാഞ്ഞുപോയി. അല്ലാത്തപ്പോഴൊക്കെ ഹൈവേയില്‍നിന്ന് രാത്രി വണ്ടികളും ആംബുലന്‍സുകളും ഓടിയെത്തി.
മഴനനഞ്ഞ കമ്പിളിക്കെട്ടുപോലെ കനത്തുകിടക്കുന്ന ഇരുട്ടിന്റെ വാതിലില്‍മുട്ടി ആരോ വിളിക്കുന്നു.

ഏത് രക്ഷകനാണ്?
യേശുവോ?
കൃഷ്ണനോ?
ജോസഫോ?

പാതിമയക്കത്തില്‍ അവള്‍ ജനല്‍പാളി തുറന്നു. അടുത്തമുറിയിലെ സെല്‍വമണിയുടെ ഭര്‍ത്താവ് ചെല്ലത്തുരയാണ്. വെറ്റിലക്കറ പിടിച്ച പല്ലുകാട്ടി ചുവപ്പുനിറമുള്ള കാറ്റിന്റെ ഇരമ്പംപോലെ

"അമ്മാ.... നീങ്ക ഒറ്റക്കാ.... ഇന്ത മാതിരി മുറീല് നീങ്ക മാതിരി ഒരു പൊണ്ണ് ഒറ്റക്ക് തൂങ്കക്കൂടാത്....'' കള്ളുകുടിച്ചിട്ടുവന്ന അയാളെ പുറത്താക്കി സെല്‍വമണി കതകടച്ചുകാണും.

ഒരു പെണ്ണ് രാത്രി ഒറ്റയ്ക്ക് കഴിയുമ്പോള്‍ മറ്റുള്ളവര്‍ക്ക് എന്ത് വേവലാതിയാണ്. അവള്‍ ജനാല വലിച്ചടച്ചു. അയാള്‍ പിന്നെയും ഇരുട്ടില്‍ മുട്ടിക്കൊണ്ടിരുന്നു. മുറിയില്‍ ജോസഫിന്റെ മണത്തിന് വിയര്‍പ്പിന്റെ ഗന്ധം. രാത്രിവണ്ടികളുടെ ഇടവേളകളിലെ നിശ്ശബ്ദതയില്‍ അവള്‍ സമുദ്രത്തിന്റെ പാട്ടുകേട്ടു. മുങ്ങിത്താണ സൂര്യന്റെ ചൂടില്‍ തിളക്കുന്ന കടല്‍ മുറിക്കുള്ളിലാണെന്ന് അവള്‍ക്കുതോന്നി.

ഉപ്പുരസമുള്ള ഒരു ജലസ്പര്‍ശം അവള്‍ക്ക് അനുഭവപ്പെട്ടു.

"കരയരുത്''

"ഭയപ്പെടാനൊന്നുമില്ലാതെ നിന്റെ തന്നെ ചുവരുകള്‍ക്കുള്ളിലാണ് നീ''

ഒടുവില്‍ തെരുവിന്റെ വെളിച്ചങ്ങള്‍ക്കും ശബ്ദങ്ങള്‍ക്കുമിടയില്‍ അവള്‍ ഉറങ്ങിപ്പോയി.

"എന്തൊരു ഭംഗ്യാ... ജീവനുണ്ടെന്നേ തോന്നൂ...'' സ്വര്‍ണ്ണവും വസ്ത്രവുമെടുക്കാന്‍ വന്ന കല്ല്യാണപാര്‍ട്ടിയാണ് മുന്നില്‍ . പെണ്‍കുട്ടികള്‍ക്ക് കൊതി കലര്‍ന്ന നോട്ടം. അവര്‍ അരുമയോടെ ചില്ലുപാളികളില്‍ തഴുകുന്നു. എക്സ്റേ രശ്മികള്‍പോലെ പുരുഷന്‍മാരുടെ കണ്ണുകള്‍ അകത്തേക്ക് കടന്നുവരുന്നു.
ഇരുപത്തയ്യായിരം രൂപയുടെ സാരി. ഒരു കിലോ സ്വര്‍ണ്ണത്തിന്റെ ആഭരണങ്ങള്‍ .
മുന്നൂറു രൂപയുടെ മുല്ലപ്പൂവ്.
ദൈവമേ...!
3500 രൂപ മാസശമ്പളവും ജോസഫിന്റെ മണമുള്ള രാത്രികളുംമാത്രം സ്വന്തമായ ചിത്രലേഖ...!

ഒരു ഗ്രാം സ്വര്‍ണ്ണംപോലും എടുക്കാനില്ലാത്ത വീട്ടിലെ അമ്മയേയും അനിയത്തിമാരേയും അയല്‍പക്കത്തെ കൂട്ടുകാരെയും അവള്‍ ഉറക്കത്തില്‍ കണ്ടു. നഗ്നമായ കഴുത്തും കൈത്തണ്ടകളുമായി അവര്‍ ഉറങ്ങിക്കിടക്കുന്നു. ഉറക്കങ്ങളില്‍ അവരൊക്കെ ഓരോരോ സ്വപ്നത്തിനുള്ളിലാണ്.

സ്വപ്നങ്ങളില്‍ അപ്പോള്‍ പിറന്നുവീണ പെണ്‍കുഞ്ഞുങ്ങളെപ്പോലെ അവരെല്ലാവരും നഗ്നരാണ്. മുറിയില്‍ മുലകള്‍ ചുരന്നൊഴുകുന്നു. മുലപ്പാല്‍ പരന്നൊഴുകുന്ന വെറും തറയില്‍ നീന്തിത്തുടിക്കുന്ന അവര്‍ക്കിടയിലും ജോസഫിന്റെ മണം. അവരത് ശ്വസിക്കുന്നു. ഉച്ഛ്വസിക്കുന്നു. അവരുടെ മെത്തയും പുതപ്പും നനച്ച മുലപ്പാലിനും ആ മണം. ആരുടെയും നിദ്രയികളില്‍തട്ടി ശബ്ദമുണ്ടാക്കാതെ ചിത്രലേഖ തിരിച്ചുപോന്നു.

രാവിലെ ജോലിക്കു കയറേണ്ടതാണ്. ജോസഫിന് മുറി വിട്ടുകൊടുക്കണം. ഹൈറേഞ്ചിലെ മഞ്ഞിലൂടെ മലഞ്ചെരിവിലെ ഇടവഴിയിലൂടെ ടാര്‍നിരത്തിലൂടെ നഗരത്തില്‍ ബസ്സില്‍, ട്രെയിനില്‍ ....

മഴയില്‍ നനഞ്ഞ് ചിത്രലേഖ നഗരത്തിലെ വാടക മുറിയില്‍ മടങ്ങിയെത്തി.

എല്ലായിടത്തും ജോസഫിന്റെ മണം.

ശ്വാസംമുട്ടിക്കുന്ന ഈ ഗന്ധത്തില്‍നിന്നും രക്ഷപ്പെടണം.

ഉറക്കത്തിന്റെ അന്ത്യയാമത്തില്‍ അവള്‍ മുന്നിലേയും പിന്നിലേയും വാതിലുകള്‍ തുറന്നിട്ടു.

തെരുവ് സിമന്റ് ഭിത്തികള്‍ക്കിടയിലേക്ക് പാഞ്ഞുകയറി. മുറിയില്‍ ആകൃതികള്‍ കൈക്കൊണ്ട് ഓരോ രൂപമായി. ഉറക്കംതെളിയാന്‍ കാത്തുനില്‍ക്കാതെ ചിത്രലേഖ പിന്നിലെ വരാന്തയിലിറങ്ങി.
വരാന്തയ്ക്കപ്പുറം റെയില്‍പ്പാളമാണ്.

സ്വപ്നത്തില്‍
നിലാവില്‍
റെയില്‍പാളത്തിലൂടെ നടക്കെ,
ചോരവീണ് ചുവന്നുപോയ മുലപ്പാലിന്റെ മണം അവളെ കടന്നുപോയി.

Key Words: Aswathi Sashikumar, malayalam, Josephintee manam, story, writer

Add comment

 

 

 

Article Calendar

April 2019
Mon Tue Wed Thu Fri Sat Sun
1 2 3 4 5 6 7
8 9 10 11 12 13 14
15 16 17 18 19 20 21
22 23 24 25 26 27 28
29 30 1 2 3 4 5

ARCHIVED ARTICLES